Friday, November 24, 2006

വെള്ളിയാഴ്ച സ്പെഷല്‍ മെനു. (കള്ളിയങ്കാട്ട്‌ നീലി???)

കുഞ്ഞു ചേമ്പിട്ട മോരൊഴിച്ചു കൂട്ടാനും
മത്തന്‍ കുടല്‍ ചമ്മന്തിയും.



കുഞ്ഞു ചേമ്പിട്ട മോരൊഴിച്ചു കൂട്ടാന്‍.

ചെറു ചേമ്പ്‌ - 1/2 കി
നല്ല കൊഴുത്ത മോരു - 2 ഗ്ലാസ്സ്‌
തേങ്ങ - 1 മുറി
പച്ചമുളക്‌ - 7/8 എണ്ണം.


ചേമ്പ്‌ തൊലി ചെത്തി വേണമെങ്കില്‍ ഒന്ന് വട്ടത്തില്‍ നടുകേ മുറിക്കുക. വലുതെങ്കില്‍ മാത്രം. അല്ലെങ്കില്‍ മുറിയ്കണ്ട.

പാകത്തിനു വെള്ളം വച്ച്‌ മഞ്ഞപൊടിയും ഉപ്പും ചേര്‍ത്ത്‌ വേവിയ്കുക. വെന്ത ചേമ്പില്‍ വെള്ളം പിന്നീട്‌ ഉണ്ടാവാതിരിയ്കുന്നത്‌ തല്ലത്‌. അല്ലെങ്കില്‍ ദേവഗുരു പറഞ്ഞ വെണ്ടയ്ക വെള്ളപ്പോക്കോരിയന്‍ പോലെ യാവും.

തേങ്ങയും പച്ചമുളകും അല്‍പം മഞ്ഞള്‍പൊടിയും കൂട്ടി നല്ലവണ്ണം മിനുസമായി അരയ്കുക.
(തമിഴ്‌ ബ്രാഹ്മണ കുടുംബങ്ങളില്‍ തേങ്ങ അരച്ച്‌ കൂട്ടാന്‍ വെയ്കുമ്പോ, ഒരല്‍പം പച്ചരിയും കൂട്ടത്തില്‍ വയ്കും, പറഞ്ഞ്‌ തന്ന അറിവനുസരിച്ച്‌, തേങ്ങയും അരിയും ഭാര്യയും ഭര്‍ത്താവുമാണത്രേ. പക്ഷെ, തന്നെ അറിവു വച്ചപ്പോള്‍ എനിക്കു തോന്നിയത്‌ ഒരു ബ്ലേന്‍ഡിംഗ്‌ ഫാക്റ്റര്‍ ആണു ഈ പച്ചരി എന്ന്) എതായാലും വേണമെങ്കില്‍ ഇത്‌ അരയ്കുമ്പോ ഒരു നുള്ള്‌ പച്ചരി ചേര്‍ക്കുക. നമ്മള്ളായിട്ട്‌ അവരെ കുടുംബ കോടതിയില്‍ എത്തിയ്കണ്ട.

അരച്ച്‌ വച്ചിരിയ്കുന്ന ഈ കൂട്ടിലേയ്ക്‌ നല്ലവണ്ണം അടിച്ച്‌ ഉടച്ച്‌ വച്ചിരിയ്കുന്ന കുഴമ്പ്‌ പരുവത്തിലുള്ള മോരു ഒഴിയ്കുക. അല്‍പം വെള്ളം കൂട്ടണമെങ്കില്‍ അത്‌ ഈ സമയത്ത്‌ ആവാം, അല്ലാതെ കൂട്ടാന്‍ ഒക്കെ കൂടി കഴിഞ്ഞിട്ട്‌ വെള്ളം കൂട്ടാന്‍ നിന്നാ അരപ്പ്‌ അബദ്ധ വശാല്‍ ഒരു കിണറില്‍ വീണ പ്രതീതി കല്‍ച്ചെട്ടിയില്‍ അനുഭവപ്പെടും.
ഈ തേങ്ങ/മോരു കലക്കി വച്ചിരിയ്കുന്നതില്‍ അല്‍പം ഉപ്പും ചേര്‍ത്ത്‌, വെന്തിരിയ്കുന്ന ചേമ്പിലേയ്ക്‌ അടുപ്പ്‌ കത്തിയ്കുന്നതിനു മുമ്പ്‌ ചേര്‍ക്കുക, നല്ലവണ്ണം ഇളക്കി യോജിപ്പിയ്കുക.
സംഗതി ചേമ്പായതോണ്ട്‌, അമ്മാവന്‍ ചിലപ്പോ പണിമുടക്ക്‌ നടത്തി, കല്‍ചെട്ടീടെ അടിയില്‍ പിടിച്ചിരിയ്കും, അതോണ്ട്‌, എല്ലാ കഷ്ണങ്ങളും കൂട്ടി തന്നെ ഇളക്കി യോജിപ്പെച്ചെന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ പിന്നെ സ്റ്റൗവ്‌ കത്തിയ്കുമ്പോ, താഴെ പണിമുടക്കിയ ചേമ്പുകള്‍ കരിമുകില്‍...കാട്ടിലേ... പാടും.
സ്റ്റൗവ്‌ കത്തിച്ച്‌ കല്‍ചെട്ടി വച്ചിട്ട്‌ കോളിംഗ്‌ ബെല്ലിനോ/ഫോണ്‍ മണിയ്കോ കാത്‌ കൊടുത്താ, പിന്നെ ശരവണ ഭവനീന്ന് തന്നെ ഉച്ചയൂണു പറയേണ്ടി വരും.
സോ.. അടുപ്പത്ത്‌ വച്ച്‌, ഒരുപാട്‌ ഹൈ ഫ്ലെമില്‍ വയ്കാതെ, ചെറു ചുടില്‍ തന്നെ,ഈ കൂട്ടാന്‍ ഇളക്കി കൊടുത്ത്‌ കൊണ്ടിരിയ്കുക.
അരികു വശത്ത്‌ നിന്നും തിള കുമിളകള്‍ വന്ന് കഴിഞ്ഞാല്‍ അത്‌ മതി.
കുട്ടാന്‍ വല്ലാതെ തിളച്ച്‌ മറിഞ്ഞാ, മോരുകറിയ്കു പനി വരുമ്പോ അമ്മ കാച്ചി തരുന്ന മോരു കാച്ചിയതിന്റെ മണം വരും.

ഇറക്കി വച്ച ശേഷം, ചീന ചെട്ടിയില്‍ എണ്ണയോഴിച്ച്‌, കടുക്‌/6 വറ്റല്‍ മുളക്‌/കരിവേപ്പ്പ്പില എന്നിവ താളിയ്കുക. വറ്റല്‍ മുളക്‌ വലുതായായിട്ട്‌ തന്നെയിട്ട്‌ താളിയ്കുക.
ഈ താളിയ്കല്‍ കഴിഞ്ഞ ശേഷം അല്‍പം എണ്ണ കൂടി അടുപ്പത്ത്‌ വച്ച്‌, 1/2 സ്പൂണ്‍ ഉലുവയിട്ട്‌ മൂപ്പിയ്കുക. മൂത്ത്‌ കഴിഞ്ഞ ശേഷം, ഉലുവ മാറ്റി വച്ച്‌, ഈ എണ്ണ ഈ കൂട്ടാനിലേയ്ക്‌ ഒഴിച്ചാ, അല്‍പം കൂടി ആരോമലുണ്ണിയുണ്ടാവും. ഇറ്റ്‌ സ്മെല്‍സ്‌ നൈസ്‌ ന്ന്..

(ഇനി ബാച്ചിലേഴ്സ്‌ തേങ്ങ- മിക്സി- അര എന്നൊക്കെ വിളിച്ച്‌ കൂവാനാണും ഭാവമെങ്കില്‍ ഒരു ചെറിയ റിഡക്ഷന്‍ സെയില്‍ ഫൊര്‍ ദെം. ചേമ്പ്‌ വേവിച്ച കൂട്ടിലേയ്ക്‌, തെരിനൊപ്പം ഒരു വലിയ സ്പൂണ്‍ തെങ്ങാപാല്‍ പൗഡറോ(മാഗി ഈസ്‌ പ്രൂവണ്‍ ബൈ മി)/ കടലമാവോ/നിറപറ അരിപൊടിയോ നല്ലവണ്ണം കലക്കി (ഫോര്‍ക്ക്‌ ഉപയോഗിച്ച്‌) യോജിപ്പിയ്കുക. എന്നിട്ട്‌ ബാക്കിയൊക്കെ മുമ്പേ പറഞ്ഞപോലെ തന്നെ. ഇനി ചേമ്പല്ലേ, ഞങ്ങള്‍ ബാച്ചീസ്സ്‌ അല്ലെങ്കില്‍ തന്നെ ചൊറിഞ്ഞോണ്ട്‌ ഇരിയ്കല്ലേ, ചൊറിയും എന്നൊക്കെ പറഞ്ഞാ, ഈ വിധം തന്നെ, കുമ്പളങ്ങയോ/കായയോ/ ഒക്കെ ചെയ്യാം.)


അടുത്തത്‌, ഇഞ്ചിപെണ്ണിനു..
മത്തങ്ങ കുടല്‍ ചമന്തി.


മത്തങ്ങ നാളെ എരിശ്ശേരീന്നും പറഞ്ഞ്‌ വാങ്ങിയതാണു. എന്നാ ആ കുടലെടുത്ത്‌ ഒരു ചമന്തിയാവാം ന്ന് കരുതി. തണുപ്പ്‌ തുടങ്ങി ഇവിടെ. സോ തൊണ്ടയില്‍ കിച്ച്‌ കിച്ച്‌, ഈ ചമ്മന്തി നല്ലതാണു. പണ്ട്‌ വൃശ്ചിക വ്രതമെടുത്ത്‌ മലയ്ക്‌ പോവുന്നവര്‍ രാവിലെ കുളിച്ച്‌ തൊഴുത്‌ വരുമ്പോ കഞ്ഞിയും ഈ ചമ്മന്തിയുമൊക്കെ എന്റെ വീട്ടില്‍ വച്ചിരുന്നു. എണ്ണ/എരിവ്‌/മസാല ഒക്കെ ഒഴിവാക്കി കൊണ്ടുള്ള ഒരു വ്രത രീതിയായിരുന്നു. അസുരഗുണം വരുമെന്നാണു വയപ്പ്‌ മസാല കൂടിയാല്‍. എനി വേ..

മത്തങ്ങയുടെ ഉള്‍ഭാഗത്തുള്ള കുടല്‍ കുരു എടുത്ത്‌ മാറ്റിയത്‌ ഒരു കപ്പ്‌ (സത്യമായിട്ടും എനിക്ക്‌ അളവെഴുതാന്‍ അറിയില്ല്യ. ഒക്കെ കണ്‍തൂക്കം തന്നെ)

അടുപ്പത്ത്‌ ചീനചട്ടി വച്ച്‌ വെറും വറവില്‍, (അതായത്‌ പഴമക്കാര്‍ കനല്‍വറവ്‌ എന്ന് പറയും, കനലില്‍ ഒരു ഇരുമ്പ്‌ പ്ലെറ്റ്‌ പോലത്തെ ഒന്ന് വച്ച്‌, ചൂടാക്കി എടുക്കും, അതാണു കനല്‍ വറവ്‌)
ഒരുസ്പ്പൂണ്‍ ഉഴുന്ന് പരിപ്പ്‌, അരസ്പൂണ്‍ കടലപരിപ്പ്‌, ഒരു വറ്റല്‍ മുളക്‌, ഒരു അല്‍പം കുരുമുളക്‌, ഒരു രണ്ട്‌ നാരു കറിവേപ്പില, ഒരു കഷ്ണം കായം (അല്ലെങ്കില്‍ അരയ്കുമ്പോ കായപൊടിയിട്ടാലും മതി) എന്നിവയൊക്കെ വറുത്ത്‌ എടുക്കുക.
(ഓര്‍മകള്‍ക്കെന്തു സുഗന്ധം....)
എന്നിട്ട്‌ ആദ്യമായി മിക്സി ബൗളില്‍ ഈ മത്തങ്ങ കുടലും, ഒരു ചെറിയ തുടം പുളി, (പാതി നെല്ലിക്ക വലിപ്പം) പാകത്തിനു ഉപ്പും കൂട്ടി‌ എന്നിവ കൂട്ടി നല്ലവണ്ണം അരച്ച്‌ എടുക്കുക.
ഇത്‌ മാറ്റി വച്ച്‌, എണ്ണ കൂട്ടാത്ത വറുത്ത്‌ വച്ചിരിയ്കുന്ന ചേരുവ, വെള്ളം കൂട്ടാതെ തന്നെ പൊടിച്ച്‌ എടുക്കുക.
മത്തങ്ങ കൂട്ടും, ഈ പൊടിച്ചതും കൂട്ടി ഒന്നും കൂടി ഒന്ന് ഒരു മിക്സിയില്‍ ചുറ്റുക.
ഇത്‌ നല്ല അമ്മിയില്‍ അരച്ച്‌ ഉരുട്ടിയ ചമ്മന്തി പരുവത്തില്‍ തന്നെ ഇരിയ്കും.
ഇതില്‍ ആവശ്യമുള്ളവര്‍ അല്‍പം വെളിച്ചെണ്ണ തൂവി ഉപയോഗിയ്കുക. കഞ്ഞിയ്കും ചൂടു ചോറിനും അത്യുത്തമം. രണ്ട്‌ പപ്പടം ചുട്ട്‌ എടുക്കാന്‍ സന്മനസ്സുണ്ടെങ്കില്‍ അതും ആവാം.
ഇതിന്റെ കൂടെ രണ്ട്‌ തക്കാളി കൂട്ടി അരച്ച്‌ ഒരു ചട്ടിണി പരുവമാക്കി താളിച്ചെടുത്താല്‍, ചപ്പാത്തിയ്ക്‌ ഒരു "ലോ കലോറി"കൂട്ടാനുമാക്കാം.

മത്തങ്ങ ഇനി ഇഞ്ചിപെണ്ണിന്റെ നാട്ടില്‍ കിട്ടില്ല, എന്നാ പിന്നെ ഇത്‌ കന്റ്രോള്‍ ആള്‍ട്‌ ഡീല്ലിറ്റ്‌ ആക്കണം!!. വഴുതന കിട്ടിയാല്‍ അത്‌ എണ്ണ തൂവി ഓവനിലോ അല്ലെങ്കില്‍ ഗ്യാസിലോ കാട്ടി ചുട്ടെടുത്ത്‌, ഇത്‌ പോലെ ചെയ്യാം. (കുരുമുളകും കരിവേപ്പിലയുമൊക്കെ നാടന്‍ കൂട്ടാണു. ഇതൊക്കെ ഇഷ്ടമില്ലാത്തവര്‍ ബാക്കി ചേരുവ ചേര്‍ത്ത്‌ ചെയ്താലും മതി.)

----

(കൈമള്‍ചേട്ടന്‍ : ഉപ്പും മുളകും തിന്നണ നാവിനു തപ്പും പിഴയും ഉണ്ടാവാം. അതോണ്ട്‌ എതെങ്കിലും ഉണ്ടെങ്കില്‍ ചേരും പടി ചേര്‍ത്ത്‌ ശരിയാക്കുക. ഞാനെപ്പൊഴും എല്ലാ പാചകവിധികളും കണ്‍കണ്ട്‌/ദഹണപുരകളില്‍ നുഴഞ്ഞ്‌ കേറി പഠിച്ചതാണു. ബുക്ക്‌ നോക്കി അളവൊക്കെ എടുത്ത്‌ വച്ച്‌ കൂട്ടാനുണ്ടാക്കാന്‍ എന്ത്‌ കൊണ്ടൊ എനിക്ക്‌ ഹോട്ടലില്‍ പോയി ഊണുകഴിയ്കുമ്പോ ഉണ്ടാവുന്ന ശ്വാസം മുട്ട്‌ അനുഭവപെടാറുണ്ട്‌.അത്‌ കൊണ്ട്‌ ഒരു സ്കെച്ച്‌ വര്‍ക്കോ ഒരു ഗൈഡാ എന്നപോലെയെ നമ്മള്‍ റെസീപ്പിയേ കാണാവൂ എന്ന് എനിക്ക്‌ തോന്നാറുണ്ട്‌, വായനക്കാരും അത്‌ പോലെ തന്നെ എന്റെ കുറിപ്പിനേയും കാണുക. യൂ ആര്‍ ഫ്രീ ട്ടു ഇമ്പ്രൊവൈസ്‌ യുവര്‍സെല്‍ഫ്‌ ...)

19 Comments:

Blogger അതുല്യ said...

ഇഞ്ചിപെണ്ണ്‍ വേദിയിലെവിടെയെങ്കിലുമുണ്ടെങ്കില്‍ സ്റ്റേജിനു പുറകിലുള്ള ദേവസ്വം ആപ്പീസിലെത്തി ഭാരവാഹി ശ്രീ. വേലായുധനെ എത്രയും വേഗം കാണാന്‍ താല്‍പര്യപെടുന്നു.

9:41 PM  
Anonymous Anonymous said...

ഹാ‍ായ്....താങ്ക്യൂ‍ൂ‍ൂ അതുല്യേച്ചി...
ഉമ്മാ‍ാ..ഉമ്മാ‍ാ..നെറയേ ഉമ്മാ..

ഇങ്ങിനത്തെ ഇനിയും പോരട്ടെ.ആദ്യം മത്തങ്ങേടെ കുടല്‍ എന്നു കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. ദൈവമേ എന്തും തിന്നുന്ന എന്നെ കളിയാക്കിയതാണൊ എന്ന് വിചാരിച്ചു. ഞാന്‍ മത്തങ്ങേടെ കുരൂന്റെ അത് എന്നാ അതിനെ പറയാ :) ഇന്നേ വരെ കുടല്‍ എന്ന് കേട്ടിട്ടില്ല.

മത്തങ്ങ ഒക്കെ എന്റെ വീട്ടില് കൃഷിയുണ്ട് ഇവിടെ, പിന്നെയാണൊ ഇവിടെ കിട്ടൂല്ലാന്ന് പറയണേ..ഇതൊക്കെ ഒരു കുക്ക് ബുക്കിലും കിട്ടാത്ത അറിവാണ് അതുല്യേച്ചി. ഇതുപോലെ തന്നെ ഇതൊക്കെ എപ്പൊ കഴിക്കുന്നു എന്നൊക്കെ ആ എഴുതിയപോലെത്ത നുറുങ്ങുകള്‍ ഒക്കെ വേണം...ഒരു റെസിപ്പിയും ഒരു കഥയും കൂടെ വായിക്കാന്‍ എനിക്ക് ബഹുത് ഇഷ്ടം...

താങ്ക്യൂ സോ മച്ച്...ഉമ്മാ..ഇനീം സമയം കിട്ടുമ്പൊ എഴുതണേ...

9:54 PM  
Blogger അതുല്യ said...

ഇഞ്ചിപെണ്ണു വേദിയിലായിരുന്നോ അതോ സ്റ്റേജീല്‍ തന്നെ മൈക്കിന്റെ അടുത്തായിരുന്നോ? അടുപ്പ്പീന്ന് എറക്കി വയ്ക്കണതിനു മുമ്പേ തന്നെ എത്തീലോ നീയ്യ്‌? എന്നാലും ഇപ്പോ വിളമ്പില്യട്ടോ ഒന്നും. എന്റെ വീട്ടില്‍ ഊണൊക്കെ ഒരുക്കി, കിഴക്കേപുറത്ത്‌ വച്ച്‌, കാക്കയ്ക്‌ ഒരു കൈയ്യില്‍ ചോറിട്ട്‌, തിരിച്ച്‌ വന്ന് കാലുകഴുകി, അടുക്കളയൊക്കെ വൃത്തിയാക്കി, വിറകു മാറ്റി, ചാമ്പലൊതുക്കി, അടുപ്പത്ത്‌ ഒരു വെണകലപാത്രം ചൂടുവെള്ളം വച്ചിട്ടെ ഉണ്ണാനൊക്കെ വിളമ്പു. ഇപ്പഴത്തേ പോലെ തിളയ്കുമ്പോ എടുത്തോടി പൊതിഞ്ഞോണ്ട്‌ പോണ പ്രകൃതം പറ്റില്യ. അങ്ങനെ എന്തൊക്കെ ചിട്ട എന്റപ്പാ ഭഗോതി... അഗ്രഹാര വളപ്പുകളെ ഓര്‍ക്കുമ്പോ ഒരു മിലിട്ടറി സ്കുളിന്റെ ഓര്‍മ്മയാ എനിക്ക്‌ ഒാടിയെത്തുക. പെണ്‍കുട്ടികള്‍ ഒരു എഴുതാ-കോട്‌ ഓഫ്‌ കണ്ടക്ട്‌ തന്നെയുണ്ടായിരുന്നു. നിന്ന് തിരിയാന്‍ പോലും ജാമ്യം അപേഷിയ്കേണ്ട ഒരു രീതി. ഒരു പരിതി വരെ അതൊക്കെ നന്നായീന്നും തോന്നറുണ്ട്‌. ചിട്ട എപ്പോഴും വിജയത്തിലേയ്കുള്ള ആദ്യ ചുവടുവെപ്പാണു എന്ന് ഞാന്‍ കരുതാറുണ്ട്‌.എന്നാലും നന്മയുടെ നാളുകളായിരുന്നു അവ. ഒരുപാട്‌ സംതൃപ്തിയും. റ്റെന്‍ഷന്‍ എന്ന വാക്ക്‌ പോലും ആ കാലഘട്ടത്തില്‍ കണ്ടുപിടിച്ചിണ്ടുണ്ടാവില്ലാന്നാ തോന്നണേ.

10:10 PM  
Blogger ഡാലി said...

ദൈവമേ!!
ഇതു ചതി! എല്ലാവരും കൂട്ടാനുണ്ടക്കി മത്സരിക്ക്യാ. അതും കിട്ടാനില്ലാത്ത സാധനം കൊണ്ട്.
ചേമ്പ് ഇവിടെ നഹി നഹി.

മത്തങ്ങ കുടല്‍ എന്നു പറഞ്ഞപ്പോ, മത്തങ്ങേടെ കാമ്പിന് ആ നാട്ടരു പറയണ പേരാവും എന്നല്ലേ കരുതിയേ. ഇതു കുരുന്റെ നൂലാമാലാ. അതും ഇവിടെ കിട്ടില്ല. മത്തങ്ങ കിട്ടും. നല്ല പീസ് പീസായിട്ട്. അതിന്റെ കുരു ലവമാര്‍ മറ്റി, വറുത്ത് നല്ല പാക്കറ്റില്ലാക്കി വില്‍ക്കും. ഇനി മുഴുവന്‍ മത്തങ്ങ വേണമെങ്കില്‍ ഇത്തിരി കുഞ്ഞന്മാരുണ്ട് (ബോണ്‍സായ് റ്റൈപ്പ്) ലവന്മാര്‍ക്ക് കുരുവുമില്ല, ലതിലേ ലോ ലാ കുടലുമില്ല. കുടലുള്ള മത്തങ്ങ വേണമെങ്കില്‍ 5 കിലോ മുകളിലുള്ള എമണ്ടന്‍ മത്തനെ വാങ്ങണം. ഈ ചമന്തി ഉണ്ടാക്കി ബാക്കി എന്തു ചെയ്യും (എല്ലാ ബ്ലോഗര്‍മാര്‍ക്കും പീസ് പീസാക്കി അയക്കാം.)
അതുലേച്ചി യു റ്റൂ...

വീണതല്ലോ കിടക്കുന്നു ധരണിയില്‍...

എന്തായലും ഈ കുറിപ്പ് എവിടേയും കേട്ടീട്ടില്ല അതു സത്യം.

10:10 PM  
Blogger അതുല്യ said...

ഡാലിയേ.. ഒരു ചെറിയ റിഡക്ഷന്‍ സേയില്‍ ഡാലിയ്കും, മത്തങ്ങ ഇവിടെയും മിറര്‍ പേപ്പറിലോക്കെ പൊതിഞ്ഞാ കിട്ടാറു. ഞാന്‍ സുപ്പര്‍ മാര്‍ക്കറ്റിലൊക്കെ പിന്നാമ്പുറ വിശേഷങ്ങള്‍ക്ക്‌ കാതോര്‍ത്ത്‌ പായ്ക്‌ ചെയ്യും മുമ്പുള്ള സമയത്ത്‌ എത്തി, എരന്ന് ചോദിയ്കാറാണു പതിവു. (അരയന്റെ തലയിലെഴുത്ത്‌ അമര്‍ത്തി ചെരച്ചാ പോവില്യാന്ന് അതൊണ്ടാവും പറയണേ... തെണ്ടി തിന്നാനുള്ള യോഗോണ്ടാവും, ജാതകത്തില്‍...) സോ, സംഗതി ഒത്തിലെങ്കില്‍ മത്തങ്ങ ഒന്ന് അരവേവ്‌ വേവിച്ച്‌ അതിന്റെ പച്ച മണം കളഞ്ഞ്‌ കണ്ടിന്യൂ ദ പ്രോസസ്സ്‌, ഗ്ഗുഡ്‌ ലക്ക്‌...ട്ടോ.

10:19 PM  
Blogger myexperimentsandme said...

സ്വല്പം ചോറും ഇത്തിരി പുളിയുള്ള കൊഴുത്ത തൈരും ഒരു നുള്ള് ഉപ്പും നാരങ്ങാ അച്ചാറും കിട്ടുമോ പ്ലീസ് :(

അത് മാത്രം മതി.

അതുല്ല്യേച്ച്യേ, റെഴ്‌സിപ്പീ ജിപ്പിസിപ്പി വായിച്ചിട്ട് വായില്‍ വെള്ളം വന്നു. പരീക്ഷിക്കല്‍ നോ രക്ഷ.

10:39 PM  
Blogger കാളിയമ്പി said...

ചേച്ചിയേ..റെസിപ്പി വായിച്ചിട്ടുഗ്രന്‍ ..
ചേമ്പിനു പകരം കായയിട്ടും ,മത്തങ്ങാക്കുടല്‍ ചമ്മന്തിയും, പരീക്ഷിച്ചോ കിട്ടാത്ത സാധനങ്ങള്‍ക്ക് ബദലുകള്‍ കണ്ടുപിടിച്ചോ അഭിപ്രായം അറിയിയ്ക്കുന്നതായിരിയ്ക്കും.
ഷുഗര്‍

1:09 AM  
Blogger :: niKk | നിക്ക് :: said...

എന്തരോ മഹാനു ഭാവലൂ... :|

6:19 AM  
Blogger മുസ്തഫ|musthapha said...

ഇതൊക്കെ ഉണ്ടാക്കീട്ട് ഒന്നങ്ങട്ട് കൂവിയാല്‍ കേള്‍ക്കാവുന്ന ദൂരത്തല്ലേ... വിളി... കഴിച്ചിട്ട് വിവരം പറയാം :)

9:03 AM  
Blogger പയ്യന്‍‌ said...

ചേമ്പിന്‍ കുഞ്ഞന്മാരില്ലാത്തതുകൊണ്ട് ചേമ്പിന്‍ ചേട്ടന്മാരെക്കൊണ്ട് ഒന്നു പരൂക്ഷിക്കാം

ഒരു ഫുള്‍സൈസ് മത്തങ്ങയമ്മാവനിരിപ്പുണ്ട്. കുടല്‍മാല പറിച്ചെടുക്കാം

10:13 AM  
Blogger സു | Su said...

അതുല്യേച്ചീ :) ഇവിടെ ചേമ്പ്, ചേട്ടന് വല്യ പ്രിയമാണ്. രാവിലെ കറി വെച്ച് വൈകുന്നേരത്തേയ്ക്കും കറി ബാക്കിയുള്ള ദിവസങ്ങളില്‍, അത്താഴത്തിന്, എടുക്കുമ്പോള്‍ അതില്‍ വെറും വെള്ളമേ ഉണ്ടാകൂ. ചേമ്പൊക്കെ ഉച്ചയ്ക്ക് തന്നെ അകത്താക്കും. ചേട്ടന്, ചേമ്പും, ന്യൂസ്പേപ്പര്‍ പോലെയാണ്. എന്നും കിട്ടിയാലും കുഴപ്പമില്ല. ഇവിടെ തേങ്ങയുടെ കൂടെ ജീരകം അരയ്ക്കും. പച്ചമുളകിനു പകരം മുളകുപൊടി ഇടാറുണ്ട്. പക്ഷെ സ്വാദ്, പച്ചമുളകിനു‍ തന്നെ.

പിന്നെ മത്തങ്ങ. എനിക്ക് വല്യ ഇഷ്ടമാണ്. ഞാന്‍ അതുപോലെ ഇരിക്കുന്നതുകൊണ്ടാകും. ഹി ഹി. ഞാന്‍ മത്തങ്ങ മുറിച്ചെടുക്കുമ്പോള്‍, കുരു മാത്രം കളഞ്ഞെടുക്കാന്‍ ശ്രദ്ധിക്കും.

അവിടെ ചേമ്പ് എപ്പോഴും കിട്ടുമോ?

10:49 AM  
Blogger അതുല്യ said...

സൂവേ.. താളും ചേമ്പും ഒക്കെ എന്റെയും ഫേവറീറ്റാണു. (ദാരിദ്യ്‌രം ചിലപ്പോ ചില ഹോബികളൊക്കെ തരുന്നത്‌ പോലെ!!!)

ചേമ്പ്‌ ഇവിടെ എപ്പോഴും കിട്ടും സൂ. ഇവിടെ മൊത്തം കടകളിലും കേരളത്തീന്ന് തന്നെയാ പച്ചക്കറിയെത്തുന്നത്‌. ചുരുക്കം കടകളില്‍ സലാല (മസ്കറ്റ്‌) പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേയും കാണാം.

ചേമ്പ്‌ കൊണ്ട്‌ ഒരു ഫ്രൈ ഉണ്ട്‌. പണ്ട്‌ ഞാനും സംശയിച്ചിരുന്നു, ഈ കൊഴ കൊഴ എന്നാവുന്ന സാധം പൊട്ടറ്റോ ഫൈ പോലെയാവുമോ ന്ന്? പിന്നെ അബദ്ധത്തീന്ന് "യുറേക്കാ" പോലെയാണു കേട്ടോ ഇത്‌. ചെറു ചേമ്പ്‌ പാകത്തിനു ഉപ്പും മഞ്ഞപൊടിയുമിട്ട്‌ വേവിച്ച്‌ ആറിയ ശേഷം ഫ്രിഡ്ജില്‍ ഒരു 5 മണിക്കുര്‍ അടയ്കാതെ ഒരു പ്ലേറ്റില്‍ തന്നെ തുറന്ന് വയ്കുക. ചീന ചട്ടിയില്‍ എണ്ണ/മുളക്‌/ഉള്ളി/കരുവേപ്പില വഴറ്റിയ ശേഷം ഈ ചേമ്പിട്ട്‌ നല്ലവണ്ണം ഫ്രൈ ആക്കുക. നല്ല ക്രിസ്പിയായിട്ട്‌ കിട്ടും. ഉരു:കിഴങ്ങിനേക്കാളും ഇതിനു സ്വാദുണ്ടാവും.

11:01 AM  
Blogger Kaithamullu said...

സത്യം പറയാല്ലോ..ഇതു കലക്കി!

കള്ളിയങ്കാട്ടു നീലിയും ചേമ്പേന്ദു സദനത്തില്‍ മത്തസേനയും തമ്മിലെന്താ ബന്ധം?

-തനി നാടന്‍, അതിനാല്‍ ഒരു നടുവന്‍ നന്ദി!

12:50 PM  
Blogger magnifier said...

ഈശ്വരാ‍...മത്തന്റെ കുടലും മാന്തിയെടുത്ത് പുറത്തിട്ടോ....തൃശ്ശുരുകാര്‍ക്ക് ഒരു മത്തങ്ങാ ബോട്ടിക്കറിയാന്ന് പിന്നെയാ കത്തിയെ! എനിക്കീ ചേമ്പ് അലര്‍ജിയായതോണ്ട് വേറെ വല്ലതും പാകമാവോ ആവോ?

1:36 PM  
Blogger ഖാദര്‍ said...

ഇങ്ങനേയും രസകരമായി ഒരു രെസീപ്പി എഴുതാമല്ലേ?
സിമ്പിള്‍ റസീപ്പി! ഹംബിള്‍ എഴുത്ത്!
വായന രുചികരം!

2:37 PM  
Anonymous Anonymous said...

കൊറിയര്‍ ചാര്‍ജ്ജ് മുതലാവൂല്ല. അല്ലെങ്കില്‍ ഞങടെ കൊറിയര്‍ കാരോട് അവിടുന്ന് പിക്ക് ചെയ്യാന്‍ പറയാരുന്നു.
എന്തായാലും ആദ്യം കഴിച്ച ഇഞ്ചിപ്പെണ്ണ് ജീവനോടുണ്ടൊ എന്നറിയട്ടെ!!.

7:35 PM  
Blogger അതുല്യ said...

ഇഞ്ചിയെ വന്ന് ഒന്ന് സാക്ഷ്യം പറ,എന്നിട്ട്‌ വേണം ഇവര്‍ക്കൊക്കെ ഇതൊന്ന് തട്ടിക്കൂട്ടാന്‍. എന്റെ പ്രെസ്റ്റീജിലാ നന്ദു കൈവച്ചേക്കണേ..കാപ്പാത്തുങ്കോ...

8:36 PM  
Anonymous Anonymous said...

അയ്യോ..അതുല്യേച്ചി ഞാന്‍ ഉണ്ടാക്കിനോക്കില്ലാ ഇതുവരെ. വായിച്ചിട്ട് തന്നെ കൊതിയാവണുണ്ട്.
പിന്നെയാണ് വെക്കുമ്പൊ..

നന്ദു..അടി!ങ്ങാ..

12:42 AM  
Blogger കുറുമാന്‍ said...

മത്തങ്ങാ കുടല്‍ - എന്റെ പള്ളീ, ആദ്യം ഒന്നമ്പരന്നു, പിന്നെ കരുതി, ആ അജ്മാനില്‍ ല്‍നിന്നും വരുന്ന വഴി അതുല്യേച്ചീടെ വീട്ടില്‍ കേറി കുടലോ, പണ്ടമോ എന്താ വച്ചു വച്ചിരിക്കണതെന്നു വച്ചാല്‍ വെട്ടി മിഴുങ്ങി, ഒരു കുഞ്യേ പൊതി പാഴ്സലുമെടുത്താല്‍ പോരേ എന്ന്. പിന്നെ ആ തീരുമാനത്തേല്‍ തന്നെ ഉറച്ചു നിന്നു.

അപ്പോ അടുത്ത ശനിയാഴ്ച പാര്‍ക്കലാം

10:44 AM  

Post a Comment

<< Home