Sunday, November 26, 2006

പപ്പട വട.

ഇന്ന് ദുബായില്‍ മഴ. പെരുമഴയൊന്നും പെയ്തില്ല. എന്നാലും ഈ ചാറ്റലാണിവിടെത്തെ പെരുമഴ എന്ന് കരുതി ഞാന്‍ ആശ്വസിയ്കുന്നത്‌. വല്ലപ്പോഴും വീണു കിട്ടുന്ന ഈ അവസരം മുതലാക്കി ഞാന്‍ കരുതി അല്‍പം പപ്പട വടയുണ്ടാക്കാം ന്നു. വിധി ഇത്‌ പോലെ

സാദാ പപ്പടം അല്ലെങ്കില്‍ കുരുമുളകു പപ്പടം.
സാധാരണ ഇത്‌ നാട്ടില്‍ വച്ചെങ്കില്‍ ഒന്നുകില്‍ ഊണു വച്ച അടുപ്പിന്‍ അരികില്‍ വച്ച്‌ പോയി, വൈകുന്നേരത്തെ കാപ്പിയ്ക്‌ എടുക്കാറാണു പതിവു. അടുപ്പ്‌ എടുത്ത്‌ ഗ്യാസ്‌ വന്നപ്പോ അത്‌ ഡീം! പിന്നെ അത്‌ വെയില്‍ത്തൊട്ട്‌ മാറ്റി. നല്ല പൊരിഞ്ഞ വെയ്യില്‍ വച്ച്‌ ഇത്‌ ഒന്ന് ഉണക്കി എടുക്കുക. കുറെ കഴിയുമ്പോ പപ്പടം അരിക്‌ അകത്തേയ്ക്‌ വളഞ്ഞ്‌ വരും. അതാണു കണക്ക്‌. ഇവിടെ എത്തീപ്പോ അതും ഡീം! 18 നില കെട്ടിടത്തിന്റെ ടെറസ്‌ പോയിട്ട്‌ താമസിയ്കുന്ന അടുത്ത നില പോലും ഞാന്‍ കണ്ടിട്ടില്ല. അത്‌ കൊണ്ട്‌, ഞാനിപ്പോ ദോശക്കല്ല് ചൂടാക്കി, അതില്‍ ഒരോന്ന് ഇട്ട്‌ തുണി കൊണ്ട്‌ അമര്‍ത്തി ചൂടാക്കി എടുക്കും. ഈ ചൂടാക്കല്‍/ഉണക്കല്‍ പപ്പടത്തിലേ ഈര്‍പ്പം കളയാനാണു.

പച്ചരി പൊടി (നിറപറ) ഒക്കെ മതി. ഒരു പപ്പടത്തിനു ഒരു സ്പൂണ്‍ എന്ന കണക്ക്‌ വച്ച്‌ എടുത്താല്‍, പപ്പടം കഴിയുമ്പോ ബാക്കി പാത്രത്തില്‍ വരുന്ന മാവിന്റെ റ്റെന്‍ഷന്‍ ഇല്ലാതെ യാവും. ഞാന്‍ അരിപൊടിയില്‍ ഒരു സ്പൂണ്‍ കോണ്‍ഫ്ലവരും ഇടും, ഇതില്‍ ആവശ്യത്തിനു

മുളക്‌ പൊടി, (നിറയേ ഇട്ടാല്‍ നല്ല ഗും ഉണ്ടാവും),
കായം പൊടി
മഞ്ഞള്‍ പൊടി
എള്ള്‌
ഉപ്പ്‌ (നോട്ട്‌ : ഉപ്പ്‌ കുറച്ച്‌ മതി, കാരണം പപ്പടത്തില്‍ വേണ്ടത്‌ ഉണ്ട്‌)

എന്നിവ ചേര്‍ത്ത്‌ നല്ല കൊഴുപ്പായിട്ട്‌ കലക്കുക. ഒരുപാട്‌ കട്ടിയും ഒരുപാട്‌ ലൂസും (എന്നെ പോലെ) ആവാതെ നോക്കുക. വിരല്‍ മുക്കിയാല്‍ ഒട്ടണം എന്നാ തുള്ളിപോലെ താഴെ വീഴുകയും വേണം, അധികം ലൂസായാലും നന്നാവില്ല(പപ്പടം കരിയും) കട്ടിയായാല്‍ ഒരുപോലെ വേവില്ല. (സൂത്രങ്ങളോക്കെ പറയാന്‍ പാടില്ലാത്തതാണു.)

വീടുകളില്‍ ഇത്‌ ഉണ്ടാക്കുമ്പോ, അണുകുടുംബം എന്ന സ്ഥിതിയ്ക്‌ ചെറിയ ചീനചട്ടിയാണു ഉണ്ടാകാറു. അതു കൊണ്ട്‌ തന്നെ ഒരോ പപ്പടന്‍ ഇട്ടേ എടുക്കാന്‍ പറ്റു. പപ്പടം ചിലപ്പോ ഒന്നോ/രണ്ടോ ഇട്ട്‌ തിരക്കില്‍ കാച്ചുന്നത്‌ പോലെ ആവാതിരിയ്കാനാണു ഇത്‌ പറഞ്ഞത്‌, കരുകരുപ്പാവാതെ സോഫ്ട്‌ ആയി മാറും.

എണ്ണ ആവശ്യത്തിനു വച്ച്‌ നല്ലവണ്ണം മൂക്കുമ്പോള്‍ സ്റ്റൗ താഴ്ത്തിയിട്ട്‌ ഒരോ പപ്പടം ആയിട്ട്‌ മാവില്‍ മുക്കി ആ പാത്രത്തില്‍ തന്നെ ഒന്ന് അധിക മാവ്‌ തട്ടി കുടഞ്ഞ്‌ ഇടുക. അല്‍പം നേരം കഴിഞ്ഞ്‌ തിരിച്ചും ഇടുക. എണ്ണയില്‍ ഇട്ട വറവു സാധനങ്ങള്‍ പൊതുവേ പാകം ആയോ എന്നറിയാന്‍, ആദ്യം സമുദ്രം പോലെ അലയടിച്ചിരുന്ന എണ്ണ സാവധാനം സ്ലോ മൊഷനില്‍ കുഞ്ഞ്‌ കുഞ്ഞ്‌ കുമിളകളായി താഴ്‌ന്ന് വരും. ഇതൊക്കെ അറിയാഞ്ഞിട്ടില്ല, വായനക്കാര്‍ക്ക്‌. ആരെങ്കിലും പുതുമോടിയോ ബാച്ചിയോ ഒക്കെയുണ്ടെങ്കില്‍ ഒരു ഗൈഡന്‍സ്‌ മാത്രം.

ഇത്‌ പപ്പടം കാച്ചുന്ന പോലെ എളുപ്പത്തില്‍ ഇട്ട്‌ എടുക്കാന്‍ പറ്റില്ല. അങ്ങനെ തിരക്ക്‌ കൂട്ടിയാല്‍ വേവാതെ പഞ്ഞി നനച്ച പോലെയിരിയ്കും. സോ പ്ലീസ്‌ ഹാവ്‌ പേഷ്യന്‍സ്‌.

ഇനി ഒരോ പപ്പടം ഇട്ട്‌ എടുക്കുന്നത്‌ മുഷിഞ്ഞ പണിയാണെന്ന് ആര്‍ക്കെങ്കിലും തോന്നുവെങ്കില്‍, ഞാന്‍ സാധാരണ ഷേപ്പില്‍ വല്യ പ്രധാനം കൊടുക്കാതെ ഒരു പപ്പടം 4 നീളം കഷ്ണങ്ങളാക്കിയാണു ഇടാറു. ഇത്‌ വേഗം ക്രിസ്പാവും, സൂക്ഷിയ്കാനും ടിന്നില്‍ എളുപ്പമുണ്ടാകും.


ഇതും കട്ടന്‍ കാപ്പിയുമാണു നല്ല യോജിപ്പ്‌.

9 Comments:

Blogger അതുല്യ said...

കുറച്ച്‌ ബ്ലോഗ്ഗേഴ്സ്‌ നരകത്തിലേയ്ക്‌ ഒരു റ്റ്രിപ്പ്‌ ഒപ്പിയ്ക്ന്നുണ്ട്‌. ടച്ചിങ്ങ്സായി ഇതുണ്ടാവും. ഞാനും ഡാലിയുമൊക്കെ സീറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. കുറുമാനെ ഒന്ന് ശരിയ്ക്‌ കണ്ടാ, രെജിസ്റ്റ്രേഷന്‍ തീര്‍ന്നെങ്കിലും ഒരു സീറ്റ്‌ കിട്ടാന്‍ സാധ്യതയുണ്ട്‌.

10:55 PM  
Blogger myexperimentsandme said...

പപ്പടവടേം കട്ടന്‍ കാപ്പീം. മറ്റൊരു മഴക്കാല വൈകുന്നേരസമയ നോവാള്‍ജിക് (കഃട് ദേവേട്ടന്‍) തീറ്റി.

പരിപ്പ് വടയുടെകൂടെയുള്ള പാളയംകോടന്‍ പഴക്കോമ്പിനേഷന്‍ വെറുതെ ഓര്‍മ്മ വരുന്നു. പരിപ്പു വട ഒരു കടി, പിന്നെ പഴം ഒരു കടി. രണ്ടും കൂടി വായില്‍ മിക്സ് ചെയ്തിറക്കുക. കൂട്ടത്തില്‍ ചൂട് ചായയും കുടിക്കുക... :(

3:30 AM  
Blogger അതുല്യ said...

ഈ വക്കാരീനെ കൊണ്ട്‌ തോറ്റു.. പരിപ്പു വടെം പഴോം ന്ന്!! ഇനി നാളെ പറയും, അതുല്യേച്ചി, ഞാന്‍ ലഡു സാമ്പാറില്‍ തൊട്ട്‌ കഴിച്ചൂന്ന്... ഈശ്വരന്മാരെ കാത്തോളണേ...

9:46 AM  
Blogger sreeni sreedharan said...

അപ്പൊ രണ്ട് പപ്പട വടയും കൂടി “അതിന്‍റെ” ഒപ്പം പായ്ക്ക് ചെയ്തോട്ടൊ. :)

10:03 AM  
Blogger ലിഡിയ said...

കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ ബംഗാള്‍ ഉള്‍ക്കടല്‍ രൂപം കൊണ്ട് കഴിഞ്ഞു, ഇവിടെയും തണുപ്പ്, ആ എടുത്ത് വച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് പാത്രത്തിലെ സ്റ്റോക്ക് ഇങ്ങോട്ട് കൊറിയര്‍ അയച്ചോളൂ..

-പാര്‍വതി.

2:27 PM  
Blogger മുസ്തഫ|musthapha said...

പക്ക് വടാ...
പരിപ്പ് വടാ...
പപ്പട വട...
നമ്മടെ വായില് ചടപടപടാ...
നമ്മടെ വായില്‍ ചടപട...

:)

2:53 PM  
Blogger തറവാടി said...

അതുല്യ ചേച്ചീ , ആ ഫ്ളാറ്റിന്‍റ്റെ അഡ്ഡ്രെസ്സ് ഒന്ന് പറഞ്ഞേ

2:58 PM  
Blogger mydailypassiveincome said...

ഒരു പാക്കറ്റ് പപ്പട വട എന്റെ പേരിലും സ്പീഡ് പോസ്റ്റില്‍ അയച്ചോളൂ. പുറത്ത് ഒരു കുറിപ്പ് വേണം “സീല്‍ അടിക്കരുത്”. അല്ലെങ്കില്‍ ഇവിടെയെത്തുമ്പോള്‍ അത് ‘പപ്പട പൊടി’ യാകും. ;)

3:10 PM  
Blogger Inji Pennu said...

ഇതൊന്നും ഞാന്‍ കേട്ടിട്ടും കൂടിയില്ല അതുല്ലേച്ചിയേ..ചേച്ചി പ്ലീസ് ഒരു ഫുഡ് ബ്ലോഗ് തുടങ്ങോ? ടിപ്സ് ആയ സൂത്രങ്ങള്‍ ഒക്കെ വേണം.
ഇത് കേട്ടിട്ട് എളുപ്പം പോലെ തോന്നണുണ്ട്. ഞാന്‍ ഉണ്ടാക്കി ശരിയാവുമ്പോഴേക്കും എത്ര പപ്പടം ചാവുവോ ആവൊ?

2:56 AM  

Post a Comment

<< Home