Monday, December 18, 2006

മൃദുലയ്ക്‌ പറയാനുള്ളത്‌

പ്രിയപ്പെട്ട സേതുവിനു,

അയച്ച കത്ത്‌ കിട്ടി എന്ന് എനിക്ക്‌ പറയണമെന്ന് ഉണ്ട്‌, പക്ഷെ പോസ്റ്റ്‌ മാന്‍ ഇന്നലെയും പറഞ്ഞു, മൃദുല ചേച്ചീടെ സേതുവേട്ടന്‍ പോസ്റ്റ്‌ ചെയ്യാതെ കത്ത്‌ കൊടുക്കുന്ന വിദ്യാ എനിക്കറിയില്ല്യാന്ന്... അത്‌ കൊണ്ട്‌ കത്ത്‌ കിട്ടിയില്ല.

അവിടെ ഈയ്യിടെയായി മഴ പെയ്യുന്നു എന്ന് ഞാന്‍ റ്റി.വിയിലു കണ്ടു. ചിലരുടെ ഒക്കെ പടങ്ങളും ഒക്കെ കാട്ടീയപ്പോ ഞാന്‍ കരുതി നിങ്ങളെയെങ്ങാനും കാണും എന്ന് ആ തിരക്കില്‍. രാത്രി പത്തരേടെ ന്യൂസ്‌ വന്നപ്പോ പിന്നേം ഒന്നൂടെ നോക്കി, അപ്പോഴും കണ്ടില്ല.

ഞാന്‍ കത്തിനു കാക്കണോ ഇനി? ഇങ്ങനെ ഈ വെള്ളിയാഴ്ചയിലോ അല്ലെങ്കില്‍ കാലം തെറ്റി ഞാന്‍ ഒരു വിളി വിളിയ്കുമ്പോഴോ ഒക്കെ മാത്രം നമുക്ക്‌ സംസാരിച്ചാ തീരുമാനമാകുന്ന കാര്യങ്ങള്‍ മാത്രമാണോ നമുക്കുള്ളത്‌?

അറിയാലോ , നാളെ നമ്മുടെ രണ്ടാമത്തവന്റെ ആദ്യ പിറന്നാളാണു. രണ്ടാമത്‌ ഒരാളു വേണം എന്ന് എനിക്കും തോന്നിയിരുന്നു, പക്ഷെ കുഞ്ഞിന്റെ മുഖത്തേയ്കു നോക്കുമ്പോ എനിക്ക്‌ തോന്നാറുണ്ട്‌, അമ്മേ എന്റെ അച്ഛനെവിടേ? അമ്മ കുളിയ്കാന്‍ പോവുമ്പോ എന്തേ അമ്മ എന്നെ അച്ഛനു കൈമാറാതെ പോണത്‌ എന്ന് അവന്‍ ചോദിയ്കുന്ന പോലെ. ആ ഓട്ടോ രിക്ഷക്കാരന്‍ വേണുവാണു അവനെ മരുന്നിനു കൊണ്ടുപോകാന്‍ സഹായിയ്കുന്നത്‌. വാവ മനസ്സില്‍ സേതുവേട്ടനെ തിരയുന്നുണ്ടാവില്ലേ? ഗേറ്റ്‌ വക്കില്‍ ബസ്സ്‌ കാട്ടി കിന്നരം പറയാന്‍ അവനും കൊതിയുണ്ടാവില്ലേ? മൂത്തവുനു പിന്നെ ഒന്നിലും ശ്രദ്ധയില്ല. റ്റി.വിയും, അപ്രറത്തേ വീട്ടില്‍ പോയി കമ്പ്യൂട്ടറും കളിച്ച്‌ വന്നാ പിന്നെ ഉറങ്ങാറായി, പിന്നെ എണീറ്റാ സ്കൂളായി.

എന്നാണു ഇനി നിങ്ങള്‍ക്ക്‌ വരാന്‍ കഴിയുക? ഇങ്ങനെ എന്നെ എന്റെ വീട്ടില്‍ നിര്‍ത്തീ ഈ ജീവിതം മുഴുവനും ഒരു അവധിയില്‍ വരുമ്പോഴ്‌ ഒരു മാസം എന്ന കണക്കില്‍ തീര്‍ക്കാനായിരുന്നോ ഈ വിവാഹവും ഈ കുഞ്ഞുങ്ങളും? പറഞ്ഞാല്‍ സേതുവിനു വിഷമമാവും, എന്നാലും നമ്മള്‍ തമ്മില്‍ വിഷമമാവും എന്ന് പറഞ്ഞ്‌ പറയാതിരുന്നാല്‍ അത്‌ ഒരു നുണയായി മാറും നാളെ. നിങ്ങള്‍ വിദേശത്ത്‌ നിന്നിട്ട്‌ നിങ്ങളുടെ ചിലവും, അല്‍പം സ്വല്‍പം ലോണും മാത്രമാണു അടഞ്ഞു തീരുന്നത്‌ എന്ന ഈ പരിതസ്ഥിതിയില്‍ സേതുവേട്ടന്‍ എന്തിനാണു ഇങ്ങനെ വിട്ട്‌ നില്‍ക്കുന്നത്‌?

എന്റെ വീട്ടില്‍ ബാക്കി എല്ലാരും ദൂരെ ദേശങ്ങളില്‍ ആയത്‌ കൊണ്ട്‌ കൊള്ളാം. അമ്മേടെയും അച്ഛന്റേയും അടുത്ത്‌ ഞാന്‍ നില്‍കുന്നു, സമാധാനം ഇല്ലെങ്കിലും. ചിലവ്‌ അവര്‍ സഹിയ്കുന്നു എന്ന ആശ്വാസത്തിലും. പക്ഷെ ബാക്കിയുള്ളവര്‍ വരുമ്പോ എനിക്ക്‌ തന്നെ തോന്നാറുണ്ട്‌ ഞാനാണിവിടെ അധിക പെറ്റ്‌ എന്ന്. എനിക്കും എന്റെ വീട്ടില്‍ വിരുന്ന് വരാനാണിഷ്ടം. ഞാന്‍ ഇവിടെ തന്നെ ആയിരുന്നല്ലോ 25 കൊല്ലം. അച്ഛനേം അമ്മേനെം മടുത്തൂ എന്നല്ലാ, ജീവിതം അല്‍പം വിരസതയായിട്ട്‌ തോന്നി തുടങ്ങി.

സത്യം പറഞ്ഞാ, ഞാനിടയ്ക്‌ നിങ്ങളുടെ മുഖം ഓര്‍ത്തെടുക്കും. അത്രമാത്രം അത്‌ തെളിയാതെ കിടക്കുന്നു, മനസ്സില്‍ എന്റെ. സ്നേഹം കുറഞ്ഞൂ എന്നല്ലാതെ, നിങ്ങളുടെ സ്പര്‍ശനം ഏല്‍ക്കാതെ, മൊഴി മാത്രം കേള്‍ക്കുമ്പോള്‍ ഞാന്‍ നിങ്ങളെ തിരയുന്നു. ഇങ്ങനെ ഇനി എത്ര നാള്‍? മെച്ചമില്ലാതെ, ഒരു തൊഴില്‍ എന്ന രീതിയില്‍ മാത്രം അവിടെ സേതുവേട്ടന്‍ നിക്കുമ്പോ എനിക്കു ചിലപ്പോ തോന്നാറുണ്ട്‌, അതില്‍ എന്തോ ആസ്വാദ്യതയുണ്ടാവും അത്‌ കൊണ്ടാവും എന്ന്. എന്നാലും, നാട്ടില്‍ എത്തി കുഞ്ഞുങ്ങളേയും എന്നെയും ഒന്ന് മാറ്റി താമസിപ്പിച്ച്‌, ഉള്ളത്‌ കൊണ്ട്‌ എന്തെങ്കിലും ഒക്കെ ചെയ്ത്‌ ഒരു ചെറിയ തൊഴില്‍ കിട്ടുമെങ്കില്‍ അതായിക്കൂടേ. ഇത്‌ എത്ര തവണയായി ഞാന്‍ പറയുന്നു.

ഈയ്യിടെ നിങ്ങളുടെ കൂടെ താമസിയ്കുന്ന ഗോപി വന്നപ്പോ പറഞ്ഞിരുന്നു, നിങ്ങള്‍ എന്തോ കംബ്യൂട്ടറില്‍ മലയാളത്തില്‍ എഴുതുന്നുവെന്നോ അതിന്റെ ഒക്കെ ഭാഗമായി, ഇപ്പോ പഴയ പോലെ കഷ്ണം നറുക്കാനോ, മുറി വൃത്തിയാക്കനോ, വാരാന്ത്യത്തിലേ കടയില്‍ പോക്കിനോ ഒക്കെ നിങ്ങളെ കിട്ടാറില്ല്യാന്നു ഒക്കെ. കുറെ പുതിയ കൂട്ടുകാരും ഉണ്ടായിട്ടുണ്ട്‌ എന്ന് അവന്‍ പറഞ്ഞു. അവന്‍ പരാതി ആയി പറഞ്ഞില്ല, എങ്കിലും ഞാന്‍ അറിഞ്ഞില്ല, നിങ്ങള്‍ എന്നൊട്‌ പറഞ്ഞില്ല എന്നത്‌ ഒരു ചെറിയ നോവായിട്ട്‌ തോന്നുന്നു. അത്രേം ഒക്കെ എഴുതാമെങ്കില്‍ ഒരു ചെറിയ കത്ത്‌ എനിക്കും കൂടെ എഴുതി പോസ്റ്റ്‌ ചെയ്യായിരുന്നില്ലേ സേതുവിനു എന്ന് മനസ്സു ചോദിയ്കുന്നു.

ഇന്നലെ സേതുവിന്റെ അമ്മേനെ കാണാന്‍ പോയിരുന്നു. കുറെ നാളു കൂടി പോയതാണു. അമ്മയുടെ ആസ്മ കൂടി കൂടി വരുന്നതേയുള്ളു. ഏതോ മരുന്നിന്റെ അലര്‍ജി കാരണം കാലൊക്കെ ചൊറിഞ്ഞു പൊട്ടി കറുത്ത്‌ തടിച്ചിരിപ്പുണ്ട്‌. മരുന്നുകള്‍ മാറി കഴിയ്കുന്നത്‌ ഒരു പതിവാക്കി ഇരിയ്കുന്നു അമ്മ. ജ്യോതീടെ വീട്ടില്‍ അവരെ കൊണ്ടാക്കിയത്‌ തന്നെ എന്നൊട്‌ ചോദിയ്കാണ്ടെ ആണു. നിങ്ങളു വന്നിലെങ്കിലും വേണ്ട, ഒരു വാടക വീട്‌ എടുത്ത്‌ ഞാനും അമ്മേം കൂടി വേണമെങ്കില്‍ മാറി താമസിയ്കാം. അവരുടെ സ്ഥിതി കണ്ടപ്പോ തോന്നിയതാണു. അറിയാലോ ജ്യോതി ചേച്ചീടെ ഭാസ്കരേട്ടന്റെ കാര്യം. അമ്മ കാരണം ഉമ പഠിയ്കുന്നില്ല, അമ്മ ഉറക്കെ സീരിയലു വെയ്കുന്നു. എല്ലാത്തിനും അവരുടെ നോട്ടത്തില്‍ അമ്മയ്കാണു കുറ്റം. ഇത്രേം മക്കളെ പെറ്റിട്ട്‌ അമ്മേടെ ഗതി ഇത്‌ എങ്കില്‍,നാളേ ഞാനും ഇത്‌ പോലെ തന്നെ എന്ന് തോന്നുന്നു. അമ്മ ഒരു ഓര്‍മ്മയും ഇല്ല്യാണ്ടെ ബേക്കറീല്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൂട്ടി, കാശു ഒരുപാട്‌ കടകളില്‍ കൊടുക്കേണ്ടി വരുന്നു എന്നു, ജ്യോതി പറയുന്നു. അമ്മയുടെ ഭാഗം , അമ്മ പറയുന്നു, ഈ ചുറ്റ്‌ വട്ടത്ത്‌ ഒരാളില്ല്യാ എന്നോട്‌ ഒന്ന് മിണ്ടാന്‍, അതൊണ്ട്‌, ഞാന്‍ സാധനം മന:പൂര്‍വം പറഞ്ഞ്‌ വിട്ട്‌ അവര്‍ കൊണ്ട്‌ വരുമ്പോള്‍ അവരായിട്ട്‌ മിണ്ടിയിരിയ്കും എന്നാണു. സേതുവേട്ടന്‍ വിളിയ്കുമ്പോ ഇത്‌ മാത്രമായിട്ട്‌ ചോദിയ്കണ്ട, മറ്റ്‌ പലതും അന്വേക്ഷിയ്കുമ്പോ ഇതും ചോദിയ്കുക. സേതൂന്റെ ഫോണ്‍ വരുന്നോ എന്ന് അമ്മ ചോദിച്ചില്ല, പക്ഷെ കീറി അറ്റം വിട്ട്‌ ചെളിപുരണ്ട അടി പാവാട തിരുപ്പിടിപ്പിച്ച്‌, പൈസ ഒക്കെ അവന്‍ അയയ്കാറുണ്ടോ എന്ന് ചോദിച്ചു. ഒന്നിനും തികയാതെ നൂറു രുപ കൈയ്യില്‍ തിരുകണ്ടാ എന്ന് കരുതി ഞാന്‍ അത്‌ ചെയ്തില്ല.

കുഞ്ഞു ഉണര്‍ന്നു. ഇത്‌ ഇതോടെ നിര്‍ത്തട്ടെ. നാളേ പിറന്നാളായോതോണ്ട്‌ സേതു വിളിയ്കും എന്ന് ഉറപ്പുള്ളതിനാല്‍, അപ്പോ കൂടുതല്‍ സംസാരിയ്കാം. അവന്‍ ദേ..പ്പൂക്‌ ട്ടാ . എന്നൊക്കെ പറയാന്‍ തുടങ്ങീട്ടുണ്ട്‌. ഏറ്റവും രസം ചേതൂ എവിടെ ന്ന് പറയുമ്പോ നമ്മടെ ആ രാജീടെ കല്ല്യാണ ഫോട്ടത്തില്‍ നമ്മള്‍ നില്‍ക്കണത്‌ ചൂണ്ടും. റ്റി.വിടെ ഒക്കെ സ്വിച്ച്‌ നെക്കണതാ ഇപ്പോ പുതിയ കളി. അച്ഛന്‍ സ്വാമി അയ്യപ്പന്‍ സീരിയലു കാണുമ്പോ ഇവന്‍ പരതി പരതി പോയി അതങ്ങട്‌ ഓഫാക്കും.

നിര്‍ത്തട്ടെ. മറുപടി നീട്ടി പിടിച്ച്‌ ഒരുപാട്‌ വിശേഷങ്ങള്‍ എഴുതി അയയ്കണം. ഒന്നും കൊണ്ടും വിഷമിയ്കണ്ട. ഒക്കേനും ശരിയാവും. ഇന്നല്ലെങ്കില്‍ നാളെ. എന്നും കുളിച്ച്‌ തൊഴുന്നുണ്ട്‌. ഒപ്പം താമസിയ്കാന്‍ ഒരവസരം ദേവി തരാതിരിയ്കില്ലാ. അല്ലെങ്കില്‍ ഇതാവും നല്ലത്‌ എന്ന് തോന്നുന്നുണ്ടാവും. സേതൂന്റെ എണ്ണ തീര്‍ന്നോ? എണ്ണ മാറ്റി തേയ്കണ്ട. ആ പ്രാഞ്ചു ലീവ്‌ കഴിഞ്ഞ്‌ പോകുമ്പോ പ്ലാസ്റ്റിക്കിന്റെ കുപ്പീലു അരക്കൊട്ടിച്ച്‌ ഞാന്‍ കൊടുത്ത്‌ വിടാം.

സ്വന്തം
മൃദുല

37 Comments:

Blogger അതുല്യ said...

മൃദുലയ്ക്‌ പറയാനുള്ളത്‌ .

11:36 AM  
Blogger സു | Su said...

പാവം മൃദുല. പാവം സേതു.

തങ്കമ്മയെപ്പോലെ മൃദുലയും കത്തെഴുത്ത് തുടങ്ങിയോ?;)

11:42 AM  
Anonymous Anonymous said...

".....ഒന്നും കൊണ്ടും വിഷമിയ്കണ്ട. ഒക്കേനും ശരിയാവും. ഇന്നല്ലെങ്കില്‍ നാളെ. എന്നും കുളിച്ച്‌ തൊഴുന്നുണ്ട്‌. ഒപ്പം താമസിയ്കാന്‍ ഒരവസരം ദേവി തരാതിരിയ്കില്ലാ. അല്ലെങ്കില്‍ ഇതാവും നല്ലത്‌ എന്ന് തോന്നുന്നുണ്ടാവും. സേതൂന്റെ എണ്ണ തീര്‍ന്നോ? എണ്ണ മാറ്റി തേയ്കണ്ട. ആ പ്രാഞ്ചു ലീവ്‌ കഴിഞ്ഞ്‌ പോകുമ്പോ പ്ലാസ്റ്റിക്കിന്റെ കുപ്പീലു അരക്കൊട്ടിച്ച്‌ ഞാന്‍ കൊടുത്ത്‌ വിടാം....."

എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ശുഭാപ്തി വിശ്വാസത്തോടെ നാട്ടില്‍ കഴിയുന്ന വിരഹിണികളായ ഒരായിരം ഭാര്യമാരുടെ പരിച്ഛേദമാണ് മൃദുല. (ചട്ടിയും കലവും!!!)
മൃദുലയുടെ മനസ്സ് അതുല്യ നന്നയി വരച്ചിട്ടു. നന്ദി.

12:45 PM  
Blogger magnifier said...

അതുല്യേച്ചി,
ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ പ്രവാസികളുടെ ഭാര്യമാരില്‍ ഒരു മഹാഭൂരിപക്ഷവും കടന്നു പോന്ന വഴികള്‍......വളരെ നന്നായി എഴുതിയിരിക്കുന്നു. നേര്‍ രേഖയില്‍, ലളിതമായി. നന്ദി!

ഓ.ടോ...പാചകക്കുറിപ്പുകള്‍ക്കും വാചക ക്കുറിപ്പുകള്‍ക്കുമിടയില്‍ വല്ലപ്പോഴും ഇതുപോലെ ഒന്നെഴുതാനും സമയം കണ്ടെത്തൂന്ന്...പ്ലീസ്

12:48 PM  
Blogger സുല്‍ |Sul said...

"മെച്ചമില്ലാതെ, ഒരു തൊഴില്‍ എന്ന രീതിയില്‍ മാത്രം അവിടെ സേതുവേട്ടന്‍ നിക്കുമ്പോ എനിക്കു ചിലപ്പോ തോന്നാറുണ്ട്‌, അതില്‍ എന്തോ ആസ്വാദ്യതയുണ്ടാവും അത്‌ കൊണ്ടാവും എന്ന്."

എന്തൊ ഈ വാചകങ്ങള്‍ വളരെ വാചാലമാവുന്നു. എവിടെയോ കുഞ്ഞു നോവുകള്‍...

ഈ എഴുത്തെനിക്കിഷ്ടമായി.

-സുല്‍

1:15 PM  
Blogger ലിഡിയ said...

This comment has been removed by a blog administrator.

1:53 PM  
Anonymous Anonymous said...

എന്നാപിന്നെ പാറൂ ആ മൃദുലയോട്‌ ആ അഞ്ഞൂറിന്റെ നോട്ട്‌ കൊണ്ട്‌ കുഞ്ഞിനെ കളിപ്പിയ്കാന്‍ പറയട്ടെയോ?

2:10 PM  
Blogger krish | കൃഷ് said...

കത്തു വായിച്ചു.. അടുത്ത കത്തിനായി കാത്തിരിക്കുന്നു.
കൃഷ്‌ | krish

2:32 PM  
Anonymous Anonymous said...

അയ്യോ പാറുവേ.. യു.എസ്‌.എ ക്കാരീ നേഴ്സിന്റെ കാര്യം എന്താന്ന് പുടി കിട്ടിയില്ലാട്ടോ. ..എന്താ ത്‌? അവരു കല്ല്യാണം കഴിയ്ക്കാന്‍ പാടില്ലേ?

2:51 PM  
Blogger ലിഡിയ said...

തെറ്റിദ്ധരിച്ചൂ, പണം കൊണ്ട് എല്ലാം ആവില്ലെന്നും എന്നാലത് തന്നെയാണ് എല്ലാ ചക്രങ്ങളും ചലിപ്പിക്കുന്നതെന്നും പറയാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍..ക്ഷമിക്കണം.

-പാര്‍വതി.

3:06 PM  
Blogger കുഞ്ഞൂട്ടന്‍ said...

മൃദുല... വിഗ്രഹിച്ചാല്‍ മൃദുലമായി സംസാരിക്കുന്നവള്‍ എന്നായിത്തീരും. അതാണോ നായികയ്ക്ക്‌ ആ പേര്‌ ഇടാനുള്ള കാരണം? നന്നായിരിക്കുന്നു. മൃദുലയുടെ മനസ്സിലെ വിചാരങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

3:23 PM  
Blogger ഉണ്ണിക്കുട്ടന്‍ said...

സ്റ്റാമ്പിന്റെ കാശു ലാഭിച്ചു അല്ലേ പാറു....?

3:30 PM  
Blogger മുസ്തഫ|musthapha said...

അതുല്യേച്ചി... മൃദുലയുടെ നൊമ്പരം നന്നായി പകര്‍ത്തിയിരിക്കുന്നു... താങ്കളുടെ അടുത്ത കാലത്ത് കണ്ട പോസ്റ്റുകളില്‍ ഏറ്റവും മികവ് തോന്നി ഇതിന്.

4:15 PM  
Blogger അതുല്യ said...

എന്റെ അഗ്രൂ.. അടി നടത്താന്‍ തന്നെ സമയം തികയണില്യാ.. എന്നിട്ടാ...

(വാച്ച്‌ മാന്‍ ഷെരീഫിന്റെ കുടുംബം വന്നിട്ട്‌, ഷെരീഫിന്റെ കുഞ്ഞ്‌ ഇപ്പോ എന്റെ വീട്ടിലാ.. ഷെറീഫ്‌ റൂമില്‍ എത്തിയാ കുട്ടി വലിയ വായില്‍ കരയും, അതൊണ്ട്‌ ബീവി ആ കുഞ്ഞു അബ്ദുനേ ലിഫ്റ്റില്‍ കേറ്റി എന്റെ വീട്ടിലു വിടും. ആ നൊംബരം ഒന്ന് ഈ വക പകര്‍ത്തീതാ)

4:23 PM  
Blogger ചീര I Cheera said...

അതുല്യേ..
ആദ്യമായിട്ടാണ് ഇവിടെ..
വളരെ ഇഷ്ടമായി ആ ഒരു “ഒഴുക്ക്”.
ഇതു വളരെ സത്യമാണ് താനും..
സ്നേഹപൂര്‍വം പി.ആര്‍

4:44 PM  
Blogger Devadas V.M. said...

"എണ്ണ മാറ്റി തേയ്കണ്ട. ആ പ്രാഞ്ചു ലീവ്‌ കഴിഞ്ഞ്‌ പോകുമ്പോ പ്ലാസ്റ്റിക്കിന്റെ കുപ്പീലു അരക്കൊട്ടിച്ച്‌ ഞാന്‍ കൊടുത്ത്‌ വിടാം"
"കത്ത്‌ കൊടുക്കുന്ന വിദ്യാ എനിക്കറിയില്ല്യാന്ന്"

താങ്കളുടെ പഴയ പോസ്റ്റുകളുടെ അത്ര പോരാന്ന് തോന്നുന്നു. ഒരു വള്ളുവനാടന്‍ ഭാഷയും, MT-ക്ലീഷെ ടച്ചും ഉണ്ടോന്നു സംശയം..ഉവ്വോ?

ലോന

7:40 PM  
Blogger വേണു venu said...

പാവം സേതു എന്തു ചെയ്യാനാണു്. എല്ലാം കളഞ്ഞിട്ടു വന്നാല്‍, പണ്ടു തേരാപാരാ നടന്നതോര്‍ത്തുള്ള പേടി. സേതൂന്റെ ഫോണ്‍ വരുന്നോ എന്ന് അമ്മ ചോദിച്ചില്ല, പൈസ ഒക്കെ അവന്‍ അയയ്കാറുണ്ടോ എന്ന് ചോദിച്ചു.
മൃദുലയ്ക്‌ പറയാനുള്ളത്‌ എത്ര ഭങ്ങിയായി പറഞ്ഞു.
മൃദുലയുടെ വാക്കുകളില്‍ ആശ്വാസം പകരാം.
ഒന്നും കൊണ്ടും വിഷമിയ്കണ്ട. ഒക്കേനും ശരിയാവും. ഇന്നല്ലെങ്കില്‍ നാളെ.
അതുല്യാജീ ഈ കുറിമാനം എനിയ്ക്കിഷ്ടമായി.

8:46 PM  
Blogger myexperimentsandme said...

വേണമെന്നുണ്ട്, എന്നാലൊട്ടു പറ്റുന്നുമില്ല...

3:10 AM  
Blogger വിഷ്ണു പ്രസാദ് said...

അതുല്യേച്ചീ,എനിക്കീ കത്ത് വളരെ ഇഷ്ടമായി.ഒരു സ്ത്രീയുടെ സ്നേഹവും നൊമ്പരവും ഈ വരികളില്‍ നിറയുന്നുണ്ട്.ഇതു പോലെ ജീവിച്ചിരിക്കുന്ന ഒരുപാട് മൃദുലമാര്‍ക്ക് ഇതൊരു സ്മാരകം.ജീവിതത്തിന്റെ നിസ്സഹായമായ അതിരുകളില്‍ ചിലര്‍ സ്നേഹത്തിന് യാചിക്കുന്നത് വേദനാപൂര്‍ണമായ ഒരു ചിത്രമാണ്.അതുല്യേച്ചീ,അഭിനന്ദനങ്ങള്‍ .

6:11 AM  
Blogger അനംഗാരി said...

ഈ സേതുവിനെ ഈ ബൂലോഗത്ത് എവിടെയോ ഞാന്‍ കണ്ടിരിക്കുന്നു.ആരാണത്?മടി കൂടാതെ കടന്ന് വന്ന്, ഒരു കുമ്പസാരം നടത്തു.എന്നിട്ട് സ്വന്തം ഭാര്യയ്ക്ക് ഈ കത്തിന് ഒരു മറുപടി എഴുതൂ.

9:05 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എഴുത്ത് നന്നായിട്ടുണ്ട് അതുല്യേച്ചി, വിഷയവും.
പക്ഷെ വലിയ വലിയ കാര്യങ്ങള്‍ അതുല്യേച്ചി വളരെ കുറച്ച് വരികളില്‍ എഴുതിക്കാണുന്നതാണ് എനിക്കിഷ്ടം. അത് കൂടുതല്‍ ഹൃദയത്തെ സ്പര്‍ശിച്ചിരുന്നു.

10:25 AM  
Blogger Unknown said...

രണ്ടു മൂന്നു കുറിപ്പുകള്‍ക്ക് (പോസ്റ്റുകള്‍ക്ക്)21 അഭിപ്രായങ്ങള്‍ (കമന്റ്)വീതം മാത്രം കണ്ടപ്പോള്‍ ആ സംഖ്യ ഒന്നു തിരുത്താം എന്നു വിചാരിച്ചു.

അതുല്യ ച്ചേച്ചി ഹൃദയസ്‌പര്‍ശിയായി എഴുതിയിരിക്കുന്നു.

മൃദുലേ എല്ലാം നല്ലതിനു വേണ്ടിയായിരിക്കും എന്നാശ്വസിക്കൂ...

11:39 AM  
Anonymous Anonymous said...

"ഓ മൃദുലേ
അലസ മുരളിയിലൊഴുകി വാ
നിന്‍ നിഴലായ്‌
അലയും പ്രിയനെ മറന്നുവോ...
മൃദുലേ... "

11:57 AM  
Anonymous Anonymous said...

പേരുകള്‍ക്ക്‌ മാത്രമേ മാറ്റമുള്ളൂ.. കുടുംബത്തെ പിരിഞ്ഞു നില്‍ക്കുന്ന ഓരോ പ്രവാസിയും ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ഒരു കത്ത്‌. ഭംഗിയായിരിക്കുന്നു ... അഭിനന്ദനങ്ങള്‍.....

12:15 PM  
Blogger ഹേമ said...

മൃദുലയ്ക്ക് പറയാനുള്‍ലതു തന്നെയാവും എല്ലാ പ്രവാസികളുടെ ഭാര്യമാര്‍ക്കും പറയാനുണ്ടാവുക.
എനിക്ക് ഒരുപാടിഷ്ടമായി.
ഈ കത്ത് കണ്ടപ്പോള്‍ “എന്‍റെ ഖല്‍ബില്‍ നീയാണ് ഫാത്തിമ; എന്ന പാട്ട് ഓര്‍മ്മ വന്നു.
: സിമി

12:29 PM  
Blogger Siju | സിജു said...

അങ്ങനൊരു പാട്ടുണ്ടോ സിമീ..

12:39 PM  
Blogger ഹേമ said...

അങ്ങിനെ ഒരുപാട്ടില്ലേ.. എങ്കില്‍ എന്‍റെ വരികള്‍ തെറ്റിയതാ‍വാം. ഞാന്‍ പറഞ്ഞ പാ‍ട്ട് മനസ്സിലായെങ്കില്‍ ഒന്നു പറഞ്ഞു തരൂ.
കേരളത്തില്‍ വളരെ പോപ്പുലറായ മാപ്പിളപ്പാട്ട്. ടി. വിയില്‍ മാത്ര മേ കേട്ടിട്ടുള്ളു അതുകൊണ്ട് ചിലപ്പോള്‍ തെറ്റിയതാവാം.

12:48 PM  
Blogger Siju | സിജു said...

നെഞ്ചിനുള്ളില്‍ നീയാണ്
കണ്ണിന്‍ മുന്നില്‍ നീയാണ്
കണ്ണടച്ചാല്‍ നീയാണ് ഫാത്തിമാ.. ഫാത്തിമാ..

1:02 PM  
Blogger mydailypassiveincome said...

സിജു,

ഈശ്വരാ‍ാ‍ാ.... ഇതെന്തുപറ്റി സിജുവിന്? വീട്ടില്‍ പറഞ്ഞ് ശരിയാക്കാട്ടോ. വീട്ടിലെ നമ്പര്‍ താ. :)

1:10 PM  
Blogger അതുല്യ said...

ഈ പാട്ട്‌ ഈയ്യിടെ ഉഷാ ഉതുപ്പു ഏതോ ഒരു അഭിമുഖത്തില്‍ പാടിയതോര്‍മ്മ വരുന്നു.

സുമംഗലീ നീ ഓര്‍മ്മിയ്കുമോ .... എന്നൊക്കെ പോലെയുള്ള മനസ്സില്‍ തട്ടുന്ന മറ്റൊരു പാട്ട്‌.. ഓര്‍മ്മിപ്പിച്ചതിനു സിമിയ്കും സിജൂനും ചക്കരയുമ്മ അതുല്യാമ്മേടെ വക.

(ശര്‍മാജീനെ കുറിച്ച്‌ ഒന്നും പറയാന്‍ പാടില്യാന്ന് ഇഡിഗ്ഗദ്ദീ പറഞ്ഞിട്ടുണ്ട്‌, അതോണ്ട്‌ ഞാന്‍ വേറെ ഒരു പാട്ടിന്റെ കാര്യം ഇവിടെ പറയുന്നില്ല. )

1:12 PM  
Blogger ഹേമ said...

അത് തന്നെ സിജു. അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത് മനസ്സിലായല്ലൊ. തിരുത്തിയതിന്‍ നന്ദി.
ഉമ്മ തിരിച്ചും അതുല്യാമ്മേ...

1:49 PM  
Blogger Siju | സിജു said...

മഴത്തുള്ളി ചേട്ടാ..
പാര വെക്കല്ലേ, ഒരു പാട്ടു ചോദിച്ചപ്പോ പറഞ്ഞു കൊടുത്തതാ..
കല്യാണാലോചന കാരണം ഈയാഴ്ച ചെല്ലുമെന്ന് പോലും വീട്ടില്‍ പറഞ്ഞിട്ടില്ല

അതുല്യചേച്ചീ, താങ്ക്യൂ.. :-)
ആ പാട്ടിന്റെ വീഡിയോ വേണമെങ്കില്‍ ഇവിടെയുണ്ട്

1:51 PM  
Anonymous Anonymous said...

മൃദുലയുടെ കത്ത്‌ ഒരിക്കല്‍ കൂടി വായിച്ചു. മൃദുലയക്കൊണ്ട്‌ ഈ കത്തെഴുതിച്ച ആ കുറുക്കന്‍ കണ്ണുകളില്‍ മറ്റെന്തോ വികാരം ഒളിഞ്ഞിരിപ്പില്ലേ എന്നൊരു സംശയം. ആനപ്പുറത്ത്‌ ഇരിക്കുന്നവന്‍ താഴെ നില്‍ക്കുന്നവനോട്‌ കാണിക്കുന്ന ഒരു തരം ഗര്‍വോ, ശീതീകരിച്ച മുറിയിലിരുന്ന്‌ ജോലി ചെയ്യുന്നവന്‍, പൊരിവെയിലത്ത്‌ ജോലി ചെയ്യുന്നവനോട്‌ കാണിക്കുന്ന കപട സഹതാപമോ, കുടുംബത്തോടൊപ്പം താമസിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുള്ളവര്‍, പ്രാരാബ്ധവും കഷ്ടപ്പാടും കാരണം കുടുംബത്തെ പിരിഞ്ഞ്‌ ഒറ്റയാന്‍ ജീവിതം നയിക്കുന്ന സാദാ പ്രവാസിയോട്‌ കാണിക്കുന്ന പുച്ഛമോ പോലെ എന്തോ ഒന്ന്‌.

മേല്‍പ്പറഞ്ഞത്‌ സംശയം മാത്രമാണ്‌. ഒരു പക്ഷേ വായിച്ച എന്റെ കണ്ണിന്റെ കുഴപ്പമായിരിക്കാം. മഞ്ഞപ്പിത്തം ഉണ്ടോ എന്നൊന്നു പോയി ചെക്ക്‌ ചെയ്യിച്ചിട്ട്‌ വരട്ടെ....

8:37 AM  
Anonymous Anonymous said...

തമ്മനുവേ.. രണ്ട്‌ തവണ വായിച്ചില്ലേ.. ഇനി മതീട്ടോ. വായിയ്കണ്ട ഇനി.

ഒരു മെച്ചവുമില്ലാതെ കുടുംബങ്ങളില്‍ നിന്ന് ഒളിച്ചോടി, ഇവിടെ സുഖമായി ജീവിയ്കുന്ന ഒരുപാട്‌ ജീവിതങ്ങളുണ്ട്‌, ഞാന്‍ കേട്ടറിഞ്ഞ കഥയുമുണ്ട്‌. വല്ലപ്പോഴും ഒന്ന് കൈരളിയുടെ പ്രവാസ ലോകവും കാണു ഇടയ്ക്‌. കരയുന്ന അമ്മയേയും, ഭാര്യയേയും കാണാം.

10:04 AM  
Anonymous Anonymous said...

ഒന്നൂടി വ്യായിക്കണമെന്ന്‌ വ്യാരിച്ചാരുന്നു ... പോട്ട്‌ ....

ഈ സേതൂനെ കിട്ടീരുന്നെങ്കില്‍ രണ്ട്‌ പൊട്ടീര്‌ പൊട്ടിച്ച്‌ വിടാരുന്നു.. വെറുതെ മലയാളികളുടെ വെല കളയുന്നത്‌ യെവനേപ്പോലുള്ളവരാ ... എന്നേലും കിട്ടും .. ഈ ബൂലോഗത്ത്‌ തന്നെ ഉള്ളവനല്ലേ ..

പ്രവാസ ലോകം കാണാറുണ്ട്‌. അതു കാണുമ്പോള്‍ തോന്നുന്ന വികാരം ( സങ്കടമോ, ദേഷ്യമോ, അതോ നമുക്കല്ല ഇങ്ങനെ സംഭവിച്ചത്‌ എന്നുള്ള ഒരു നിഗൂഡ സന്തോഷമോ ..) പിന്നീട്‌ കാണുന്ന ഏതെങ്കിലും ഒരു കോമഡി പരിപാടിയില്‍ അലിഞ്ഞ്‌ പോകുകയാണ്‌ പതിവ്‌.

കരച്ചില്‍ വേര്‍പിരിഞ്ഞ്‌ കഴിയുന്നവര്‍ക്ക്‌ മാത്രമല്ലല്ലോ അതുല്യേ ... വളരെ 'മെച്ചമായി' ഇവിടെ ഒന്നിച്ച്‌ ജീവിക്കുന്ന അയലോക്കത്തെ ഷഹീദയ്ക്കും ഇല്ലേ ...

11:21 AM  
Blogger Khadar Cpy said...

കണ്ണു നീരിനും ചിരിക്കാനറിയാം.....
എന്തു പറയാന്‍ അല്ലാതെ?

5:20 PM  
Blogger അതുല്യ said...

സ്വാര്‍ത്ഥനെങ്കിലും തോന്നീലോ.

12:44 PM  

Post a Comment

<< Home