Sunday, May 27, 2007

തൂണുകള്‍

എന്റെ മനസ്സിനകത്ത്
ഒരു ഉദ്യാനം
അതിനു ഊക്കന്‍ നാലു തൂണുകള്‍
അലങ്കാരമായിട്ടുണ്ടായിരുന്നു.
വള്ളിപടര്‍പ്പിനു വേണ്ടിയാവണം
ഈ തൂണുകള്‍ തറവാ‍ട്ടുകാരു പണിതത്.
തൂണുകളൊക്കെ പുരുഷന്മാരാണെന്ന്
ഞാന്‍ വെറുതെ ഊഹിച്ചിരുന്നു.
അത്രയ്ക് ഊക്കുണ്ടായിരുന്നു,
കാണാന്‍ ഈ തൂണുകള്‍ക്ക്
അനിയന്മാരോ വലിയവരോ
എന്നൊന്നും കണക്കെടുക്കാതെ
“കുട്ടാ”ന്ന് തൂണുകളെ വിളിച്ചിരുന്നു,
സായനന്തത്തില്‍
പുറത്തേയ്കിറങുമ്പോള്‍
ഈ തൂണുകളുമായി സംവേദിച്ചിരുന്നു
ഞാന്‍.
ചില ദിനം ചര്‍ച്ചകള്‍
തകര്‍ന്നടിയുന്ന ഡോളര്‍ വില
മറ്റ് ദിനം
ചില കഥകള്‍ പറഞിരുന്നു
കഥകള്‍ കലപിലയായി മാറുമ്പോള്‍
ഈ "ചേച്ചി"യ്ക്കൊന്നുമറിഞൂടാന്ന്
ചില “കുട്ടന്മാര്‍“ --
നീയ്യ് ഒന്ന് പോടാ “ചെക്കാ”
ഞാനും കയര്‍ത്തിരുന്നു.
“കുട്ടാ“ വിളികളും
“ചെക്കന്‍“ എന്ന അരുമ വിളികളും
അപത്താവുമെന്ന് ഈയ്യിടെ ചിലര്‍!
കാരണം ചില സ്ത്രീകള്‍
"കുട്ടാന്നും" "ചെക്കാന്നും"
ചില സന്ദര്‍ഭങ്ങളിലു
വേറെ അര്‍ഥത്തിലും വിളിയ്കുമത്രെ
അന്ന് മുതല്‍ തൂണുകളേ
പിന്നെ പുരുഷന്മാരേയും
“മോനെ“ വിളിയ്കണമെന്ന്
ആലോചിച്ച് പിന്നെ അതും
ഗണിച്ച് കുറിച്ച് കുറച്ച്
മിക്ക പുരുഷന്മാരേയും
വെറും ‘മണ്ണേ” എന്ന് വിളിച്ച് പോന്നു.

ഇതിനിടയ്ക് ഒരിയ്കല്‍
വിരുന്നുകാരെത്തിയപ്പോഴു
ഇല വേണമെന്ന് അമ്മ
നീട്ടി പിടിച്ച കത്തിയുമായി
ഉദ്യാന നടുവിലെത്തിയതും
പടിയിലെത്തിയ അതിഥികള്‍
നീട്ടി പിടിച്ച കത്തി അവലക്ഷണം
കൈതിരിച്ച് കത്തി പുറകോട്ടാക്കി
ഊക്കന്‍ തൂണിലൊന്നിലു ചാരി
അയ്യോയ്യ്..
കത്തി കോറി തൂണടര്‍ന്ന് വീണു
കത്തിയ്ക് പഴി
അല്ല, പിന്നീടാണറിഞത്
തൂണു വെറും പൊള്ളയായിരുന്നു,
ഊക്കന്‍ തൂണു പൊള്ളയായിരുന്നു,
അപ്പോഴും വിളിച്ചു
എങ്കിലും മണ്ണേ...ന്ന്

Labels: