Tuesday, October 25, 2005

ഒന്നു തൊടാൻ..........




ഈ തണുപ്പകറ്റാൻ ഏത്‌ പുതിപ്പിനാവും?????

Sunday, October 23, 2005

ദൈവത്തിൽ നിന്ന് സ്നേഹപൂർവം...



ദൈവത്തിനു എല്ലായിടത്തും എത്താൻ കഴിയാത്തതിനാൽ
“അമ്മ”യുണ്ടാ‍യീ ഈ ത്രിഭുവനത്തിൽ......

Wednesday, October 19, 2005

ഹരിതം മനോഹരം




പായലു മാറ്റാൻ നമുക്കോരു ആഗോള ലേലം ആയാലോ?

Monday, October 17, 2005

എത്രഭാഗ്യമെത്രസ്നേഹമെന്തൊരുസുഖം.....




അവളും അവനും
വന്നു, കണ്ടു, പിരണ്ടു വീണു,
അന്യോന്യം അവർ മൊഴിഞ്ഞു,
എത്രഭാഗ്യമെത്രസ്നേഹമെന്തൊരുസുഖം.....
നാട്ടീന്നുൊരുപാടു ദൂരെ
എനിക്കു നീയും നിനക്കു ഞാനും
വൈകുന്നേരങ്ങളിൽ ചായക്കു ഒരു കൂട്ടാവുന്നു
പ്രേമപുഴുക്കൾപെറ്റുപെരുകുന്നു
ഐസ്ക്രീെമിന്റെ പലവർണ്ണങ്ങൾ
അവർ ഒന്നിച്ച്കുനുണയുന്നു
സിനിമാക്കോട്ടകങ്ങളിലുണ്ടാവുന്നൊരുപാടു
ചേതമില്ലാസഹായങ്ങൾ
എത്രഭാഗ്യമെത്രസ്നേഹമെന്തൊരുസുഖം.....
ഫോണുകൾ നിർത്താതെ കാതലയ്ക്കുന്നു
കുന്ത്രാണ്ടം ചെവിയിൽത്തിരുകി
കഴുത്തൊടിഞ്ഞു തോളേലാവുന്നു
സമ്മാന പെരുമഴ മുറിയാതെ പെയ്യുന്നു
അവൾ മൊഴിഞ്ഞു - കാണാതെ വയ്യനിക്കിനി മിഴി
അവൻ മൊഴിഞ്ഞു - കേൾക്കാതെ വയ്യനിക്കിൻ മൊഴി
എന്നോന്നാവണമിനി കാമിനി?
നീയോന്നുമുരടനക്കിയാലഞ്ഞാനൊന്നുനീട്ടിമൂളാം
വേഗമൊന്നാവണം-നമുക്കിനി കാമിനി
നമുക്കിടയിലോരുകിടാവുവേണ്ടേചായുറങ്ങാൻ?
എത്രഭാഗ്യമെത്രസ്നേഹമെന്തൊരുസുഖം.....

പിന്നെൊരു നാൾ അവൾ മിഴിനീരോപ്പുന്നു,
ഊണില്ലാവുറക്കവുമ്മില്ലാ....

ഇപ്പ്പ്പോളിവിടെന്താണുണ്ടായേ?

ആരോ മൊഴിഞ്ഞീടൂന്നു,
അവനെ കണ്ടീല്ലാ പോലും,
ഫോൺ മയ്യത്തായീ പോലും
പിന്നെ ആരോ പറഞ്ഞീടുന്നു
അവനേതാ മോൻ,കെട്ടിയ്യോളു ഇരട്ടപെറ്റ്‌
നാട്ടിലോട്ടു കയറീപോയീടിനാനവൻ മിനിയാന്ന്

കരയവേ, ഫോണടിച്ചീടുന്നു
എടുക്കവേ, കരച്ചിൽ എട്ടാംകട്ടയിൽ
അലറിവിളിക്കുന്നു

ഇപ്പ്പ്പോളിവിടെന്താണുണ്ടായേ?

പിന്നെയും ആരോ മൊഴിഞ്ഞീടുന്നു,
മിണ്ടാണ്ടീരി കല്യാണീ,
ഇവൾടെ അമ്മായിയമ്മേനേയിപ്പ്പ്പോ കാലനെടുത്തൂന്ന്!!!

Sunday, October 16, 2005

മണ്ണുമാന്തികൾക്കായി ഭൂമി ബാക്കിവെച്ചതു....





ഭൂമി കുലുങ്ങി കഴിഞ്ഞ്‌ ബാക്കിയുള്ളത്‌......
നിന്നെയോർക്കാതെ ഞനെങ്ങനെയിനി ജീവിക്കും
എന്നേതോ ഒരമ്മ ഈ കുഞ്ഞികൈ കണ്ട്‌ നീറി കരഞ്ഞുവോ?
അല്ലാ, കാലന്റെ കൈകൾ അവളെയും കൊണ്ടമർന്നുവോ?

Saturday, October 15, 2005

ശ്രീഭഗവതിക്കു നടക്കൽ പറ



നടക്കൽ പറ വയ്ക്കാൻ ആഗ്രഹിക്കുന്നവർ ദയവായീ ദേവസ്വത്തീന്നു ചീട്ടാക്കി, കൊടിമര പുറകിലൂടെ, പറയിടാൻ എത്തിപെടുക. കൃത്യം 9 മണിക്കു നടക്കൽ പറ നിർത്തി, പുറത്തേക്കു എഴുന്നള്ളിക്കുന്നതായിരിക്കും.

Thursday, October 13, 2005

മഴയുടെ വരവായ്


കാറ്റിനു കൂട്ടായ്‌
മരത്തിനു നനവായ്‌
മണ്ണിനു വളമായ്‌
മയിലിനു ഹരമായ്‌
ഭൂമിക്കു കുളിരായ്‌
പുഴക്കു നീരായ്‌
തൊടികൾ തോറും
മേൽകൂര തോറും
ഒഴുകി വന്ന് അഴുക്കിളക്കി
മഴ അലച്ചു പേയുന്നു,
മഴ ഒരുപാടു പെയ്യുന്നു

വീണ്ടും ഒരു തുലാവർഷം
നമ്മുടെ നാട്ടിൽ.

Wednesday, October 12, 2005

എന്താണു ഉണ്ടായതു? എന്താണു നിങ്ങളുടെ അഭിപ്രായം?

ഫ്രെയിം 1

അവൻ : എന്താണു ഉണ്ടായതു? എന്താണു നിങ്ങളുടെ അഭിപ്രായം?

കടയുടമ : നല്ല മനുഷ്യനായിരുന്നു. പാവം. പ്രതികൾ പിടിക്കപ്പെടണം, ശിക്ഷിക്കപെടണം എന്നു തന്നെയാണു എന്റെ അഭിപ്രായം.

ഫ്രെയിം 2

പിന്നെ അവൻ തൊഴിലാളിയോടു : എന്താണു ഉണ്ടായതു? എന്താണു നിങ്ങളുടെ അഭിപ്രായം?

തൊഴിലാളി : നല്ല മനുഷ്യനായിരുന്നു. പാവം. പ്രതികൾ പിടിക്കപ്പെടണം, ശിക്ഷിക്കപെടണം എന്നു തന്നെയാണു എന്റെ അഭിപ്രായം.

ഫ്രെയിം 3

പിന്നെ അവൻ അടുത്ത തൊഴിലാളിയോടു : എന്താണു ഉണ്ടായതു? എന്താണു നിങ്ങളുടെ അഭിപ്രായം?

തൊഴിലാളി : നല്ല മനുഷ്യനായിരുന്നു. പാവം. പ്രതികൾ പിടിക്കപ്പെടണം, ശിക്ഷിക്കപെടണം എന്നു തന്നെയാണു എന്റെ അഭിപ്രായം.

ഫ്രെയിം 4

പിന്നെ അവൻ അടുത്ത തൊഴിലാളിയോടു : എന്താണു ഉണ്ടായതു? എന്താണു നിങ്ങളുടെ അഭിപ്രായം?

തൊഴിലാളി :നല്ല മനുഷ്യനായിരുന്നു. പാവം. പ്രതികൾ പിടിക്കപ്പെടണം, ശിക്ഷിക്കപെടണം എന്നു തന്നെയാണു എന്റെ അഭിപ്രായം.

ഫ്രെയിം 5

പിന്നെ അവൻ അമ്മയോടു : എന്താണു ഉണ്ടായതു? എന്താണു നിങ്ങളുടെ അഭിപ്രായം?

അമ്മ : നല്ല മനുഷ്യനായിരുന്നു. പാവം. പ്രതികൾ പിടിക്കപ്പെടണം, ശിക്ഷിക്കപെടണം എന്നു തന്നെയാണു എന്റെ അഭിപ്രായം.

ഫ്രെയിം 6

പിന്നെ അവൻ മകനോടു : എന്താണു ഉണ്ടായതു? എന്താണു നിങ്ങളുടെ അഭിപ്രായം?

മകൻ: നല്ല മനുഷ്യനായിരുന്നു പാവം. പ്രതികൾ പിടിക്കപ്പെടണം, ശിക്ഷിക്കപെടണം എന്നു തന്നെയാണു എന്റെ അഭിപ്രായം.

ഇടക്കിടക്കു, ഒരു മൃതദേഹം കാണാം. ഒരു കൊലപാതകത്തിന്റെ ബാക്കിപത്രം.

ഫ്രെയിം 7

പിന്നെ അയാൾ മകളോടു : എന്താണു ഉണ്ടായതു? എന്താണു നിങ്ങളുടെ അഭിപ്രായം?

മകൾ : നല്ല മനുഷ്യനായിരുന്നു. പാവം പ്രതികൾ പിടിക്കപ്പെടണം, ശിക്ഷിക്കപെടണം എന്നു തന്നെയാണു എന്റെ അഭിപ്രായം.

ഫ്രെയിം 8

മരുമകളൊട്‌ : എന്താണു ഉണ്ടായതു? എന്താണു നിങ്ങളുടെ അഭിപ്രായം?

മരുമകൾ : നല്ല മനുഷ്യനായിരുന്നു പാവം. പ്രതികൾ പിടിക്കപ്പെടണം, ശിക്ഷിക്കപെടണം എന്നു തന്നെയാണു എന്റെ അഭിപ്രായം.

ഫ്രെയിം 9

അവൻ അയൽ-വാസിയൊട്‌ : എന്താണു ഉണ്ടായതു? എന്താണു നിങ്ങളുടെ അഭിപ്രായം?

അയൽ-വാസി: നല്ല മനുഷ്യനായിരുന്നു പാവം. പ്രതികൾ പിടിക്കപ്പെടണം, ശിക്ഷിക്കപെടണം എന്നു തന്നെയാണു എന്റെ അഭിപ്രായം.

പിന്നെ കാണാം, രണ്ടോ, മൂന്നോ പ്രതികളെയും ഒരു പോലീസ്‌ സ്റ്റേഷനും....


അയ്യോ! വായിച്ചു ക്ഷമകേട്ടോ ? അതു തന്നെയാണു എപ്പോ എല്ലാർക്കുമുണ്ടാവുന്നതു - എഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും കാണുമ്പോ. എന്താണിവർ പ്രേക്ഷകരോടു പറയാൻ ഉദ്ദേശിച്ചതു? എല്ലാ ന്യൂസ്‌ ചാനലുകാരും ഒരു മണികൂർ ഇടവിട്ടു പറഞ്ഞതും കാണിച്ചതും ഇവർ കണ്ടില്ലാന്നു ഉണ്ടോ? കാക്കത്തൊള്ളായിരം പത്രങ്ങൾ എഴുതിയതു ഇവർ വായിച്ചില്ലാന്നുണ്ടോ? ആവോ. പക്ഷെ ഒന്നുണ്ടു, മരിച്ച വീടുമായി യാതോരു ബന്ധവുമില്ലാത്തവർക്ക്‌, വമ്പൻ ചാനലിൽ, പീക്ക്‌ ടൈമ്മിൽ, അവനവന്റെ ക്ലോസപ്പു കാണാം. വേറെ ഇവിടെ കിട്ടും ഈ കാവറേജ്‌?

ഇതിന്റെ സംവിധാന ചക്രവർത്തിയെയോ, അല്ലെങ്കിൽ സ്ക്രിപ്റ്റ്‌ എഴുതിയാളെയോ ആർകെങ്കിലും അറിയുമെങ്കിൽ, ദയവായി എന്നെ അറിയിക്കുക. എന്റെ ഒരു ശത്രു, ഒരു പണചാക്കുമായി സിനിമ പിടിക്കണമെന്നു പറഞ്ഞു നടക്കുന്നുണ്ട്‌. ഒരു "പണി" കൊടുക്കാംന്നു കരുതിയാണു.

Tuesday, October 11, 2005

വീണാധാരിണി... സ്വരരൂപിണി...


അഖില ദേവനുതപതേ..
പരദേവതേ പാലയാസുമാം...
പരമേശ്വരി സ്വരരൂപിണി...
അഖിലാഢേശ്വരി ആദിശങ്കരി..
സുഖപ്രദായനി അഹവിനാശിനി...
സകലകലാ നിലയേ മുരളീ ഗാനപ്രിയേ...
ഗുണാലയേ നമോസ്തുതേ...
ഐശ്വര്യം ദേഹിമേ ദേവി..
നാരായണി നമോസ്തുതേ!!

Sunday, October 09, 2005

“ആളെ”കയറ്റി വണ്ടി ഓടിക്കാത്ത ചിന്താമണി

ഞാനങ്ങു കുറെ കാലം സൈനിക കാര്യാലയത്തിൽ ആയിരുന്നു. കുറച്ചു കാലം എന്നു പറഞ്ഞാൽ, ഇരുന്നിരുന്ന കസേര പോലും ഒരു പരിചിത ഭാവം കാട്ടാൻ തുടങ്ങീയ കാലത്തോളം. അവരെ ഒക്കെ ഉപദ്രവിച്ചു മതിയായിട്ടാണു ഇങ്ങോട്ടു കയറി പോന്നതു. (കൂടുതൽ ഉപദ്രവിച്ചതു മി. ശർമാജിയെ, ഉപദ്രവിച്ചു മതിയാവാതെ, കൂട്ടത്തിൽ കൂട്ടി വീട്ടിലും. ഇപ്പോഴും അതു തുടരുന്നു. ഏക്‌ പരദേശി മെരാ ദിൽ ലേഗയാ.....എന്നോ, സൈനിക കാര്യാലയത്തിലെ ജോലിയിൽ നിന്നും കിട്ടിയ എറ്റവും വലിയ ലാഭമെന്നോ പറയാം............)

രസകരമായ സംഭവങ്ങൾ സംഭവിക്കുന്നതിനു കൂടുതൽ വളകൂറുള്ള മണ്ണാണു സൈനീക കാര്യലങ്ങൾ എപ്പോഴും. മലയാളത്തിൽ എഴുതാൻ ഒരു വേദിയോ മൈതാനമോ കിട്ടിയപ്പോ, കേറി നിന്നു കൂവാംന്നു കരുതി ഞാനും. അതുകൊണ്ടു വായനക്കാർക്കു ചില ഉപദ്രവങ്ങൾ ഇതു പോലെ ഇനിയുമുണ്ടാകാൻ സാധ്യതയുണ്ട്‌. നോക്കിയും, കണ്ടും, വേലിയ്കത്തു കേറിയാ മതി.

ജോലി ചെയ്യുന്ന താവളവും, കിളി ഇറക്കി വിടുന്ന ബസ്സ്‌ സ്റ്റോപ്പും ഒരു പാടു ദൂരെയാണ്. എന്നിരുന്നാലും രാവിലെ, പട്ടാളക്കാരുടെ ഒക്കെ" മാർച്ച്‌ പാസ്റ്റോ", "ദൈനൈ ദെഖൊ"," “ഷൂസിന്റെ ചവിട്ടി പൊട്ടിക്കലൊ“ ഒക്കെ കണ്ടു ഞങ്ങൾ ഒരു പറ്റം സ്റ്റാഫുകൾ വളരെ അച്ചടക്കമായി , ചായം അടിച്ചു ചേർത്തു വച്ചിരിക്കുന്ന ഇഷ്ടിക വഴികളിലൂടെ നടന്നാണ് ഓഫീസിൽ എത്താറ്. ദൂരമെന്നു പറഞ്ഞാൽ ഒരു 45 മിനി. നടപ്പുണ്ടാവും. വളരെ സെക്യൂരിറ്റി ഉള്ള സ്ഥലം ആയതു കൊണ്ടു ബസ്സ്‌ സർവീസ്സോ ഓട്ടോ റിക്ഷയോ ഒന്നും അകത്തേയ്ക്കു വിടാറില്ല. സ്വന്തം സ്കൂട്ടർ എങ്കിൽ ആവാം അത്ര തന്നെ. 1985കളിൽ, ഒരു ബജാജ്‌ സ്കൂട്ടർ ആയിരുന്നു എറ്റവും വലിയ ലക്ഷുറി. അതു ഒന്നും വാങ്ങാൻ എനിക്കു എന്നല്ലാ, ഭൂരിഭാഗം പേർക്കും കെൽപ്പുണ്ടായിരുന്നില്ല.

അങ്ങനെയൊക്കെ ഇരിക്കുമ്പോൾ ആണു എന്നിലെ, ട്രേഡ്‌ യൂണിയൻ സ്വഭാവം ഉണർന്നതു, ഏമാന്മാർ ഒക്കെ കൊടിവച്ച നക്ഷത്ര കാറിൽ വന്നിറങ്ങുമ്പോ, ഞങ്ങൾ സബ്‌ സ്റ്റാഫുകൾ ഒക്കെ ഏചു ഏന്തി വലിച്ചു എത്തുന്നു. എവിടെത്തെ ന്യായം ഇതു?

ഒരു പാടു കത്തിടപാടുകൾക്കു ശേഷം കമാണ്ടിംഗ്‌ ഓഫീസർ, സിറ്റിയിൽനിന്നും വരുന്നവർക്കു ഒരു പഴയ മിലിറ്ററി ബസ്സ്‌ ഏർപാടുചെയ്തു. ഒപ്പം ഒരു മിലിറ്ററി ഡ്രൈവറേയും. എല്ലാർക്കും വളരെ സന്തോഷം, നടപ്പു കുറഞ്ഞു കിട്ടുമല്ലോ, ഒപ്പം ആരോഗ്യവും കുറഞ്ഞു എന്ന കാര്യം, ഞങ്ങൾ ആലോചിക്കാതെ പോയ ഒരു വാസ്തവം.

ആദ്യദിവസം, ആദ്യം തന്നെ, എന്നെയാണു എന്റെ സ്റ്റോപ്പീന്നു കയറ്റിയത്, ചിന്താമണി എന്ന തമിഴ്‌നാടുകാരൻ ഡ്രൈവർ. ഞാൻ സ്കൂൾ ലീഡറെ പോലെ, വരുന്ന എല്ലാരുടെയും ലിസ്റ്റ്‌ വകയും ഒക്കെ ആയി ഞെളിഞ്ഞു ഇരിക്കുന്നു. രാവിലെ, 6.30 മണി സമയം, സൂര്യൻ ഒരു പാടുവെള്ള കീറിയട്ടില്ല, ദിനം വെളുത്തു വരുന്നേയുള്ളൂ, അടുത്ത സ്റ്റോപ്പിനു ഒരു 15 മിനു.സമയം ഉണ്ട്‌, ഒരു തിരിവും കഴിയണം. അവിടെന്നു ഒരു 5 പേരു കയറാനുണ്ട്‌. എതാണ്ടു, 10 മിനിട്ട് കഴിഞ്ഞതും, ഞാൻ ചിന്തമണിയൊട്‌ , വണ്ടി ഇനി ഇടത്തോട്ട്‌ തിരിഞ്ഞു പോകണമെന്നു പറഞ്ഞു.

ചിന്താമണി മറുപടി ഒന്നും പറഞ്ഞില്ല അപ്പോ.

കേട്ടതാവില്ലന്നു കരുതി, ഞാൻ പതുക്കെ എണീറ്റ്, ചിന്താമണിയെ ഒന്നു പതുക്കെ തോളിൽ തട്ടി.

തട്ടിയതു മാത്രമേ എനിക്കു ഓർമയുള്ളു. ചിന്തമണിയുടെ കൈ സ്റ്റീയറിങ്ങിൽ നിന്നു വിട്ട് വണ്ടി തെന്നി തെറിച്ചു റോഡ്‌ അരികിലെ വലിയ മതിൽകെട്ടിൽ പോയീ ഇടിച്ചു നിന്നു.

ഇതു ഇപ്പോ ഇവിടെ ഇരുന്നു എഴുതുന്നതു കൊണ്ട് എനിക്കു മരണം സംഭവിച്ചില്ലന്നു നിശ്ചയം. ചിന്തമണിക്കും കാര്യമായ മുറിവൊന്നും പറ്റിയില്ല. ബസ്സ്‌ കാത്തു നിന്നവർ പല വിധം ഓഫീസിൽ എത്തി. ഞാനും ചിന്താമണിയും പോലീസിന്റെ അക്രമണത്തിനും ശേഷം, എതാണ്ട്‌, 11 മണിയോടെ തിരിച്ചു കാര്യാലയത്തിൽ എത്തിപെട്ടു.

എന്റെ മനസ്സിൽ വണ്ടി ഇടിച്ചതോ, അല്ലേൽ ഞാൻ രക്ഷപെട്ടതോ ഒന്നും അല്ലാ പൊന്തി വന്നത്. ഞാൻ ഒന്നു പതുക്കെ തോളിൽ തട്ടിയപ്പോ ചിന്താമണി എന്തുകൊണ്ട്‌ ഞെട്ടി തെറിച്ച് കൈ വിട്ട് വണ്ടി നിയന്ത്രണംവിട്ട്‌ ഇടിച്ചത്‌? ഉഷാറായി “ഗുഡ്‌ മോർനിംഗ്‌ മാഡം“ ന്നു പറഞ്ഞു വന്ന ചിന്താമണി, 5 മിനിറ്റിൽ ഉറങ്ങാൻ ഒരു വഴിയുമില്ലാതാനും.

ഫസ്റ്റ്‌ ഇൻഫർമേഷൻ എൻക്വൈറി ഒക്കെ കഴിഞ്ഞു വന്നപ്പൊ ഞാൻ ചോദിചു,
"എന്നാ ചിന്താമണി, നീ, ഞാൻ തൊട്ടപ്പോ വണ്ടിയെ കൊണ്ടു ഇടിച്ചു പോട്ടെ? നീ ഡ്രൈവർ ഇല്ലയാ, സത്യത്തെ ചൊല്ലി വിട് ഇപ്പോ"

ചിന്താമണി അപ്പോഴും ഒരു ഭയത്തിന്റെ പിടിയിലാണെന്ന് മുഖം പറയുന്നതായി എനിക്കു തോന്നി. എന്നിട്ടു, പാവം, എന്നോടു പതുക്കെ വന്നു പറഞ്ഞു, “മാഡം ജി, ഞാൻ നേറ്റ (ഇന്നലെ) വരെ, മിലിറ്ററി ഹോസ്പിറ്റൽ മോർച്ചറി ആംബുലൻസ്‌ ഡ്രൈവർ ആയിരുന്തേൻ, ഇതു വരൈക്കും ബസ്സ്‌ ഓടിച്ചതു കടയാതു, ആളെ കയറ്റിനതും കിടയാത്‌. ഒരു നിമിടം ഞാൻ ആംബുലൻസ്‌ ഡ്രൈവർന്നു നിനചിട്ടെൻ എന്ന്!! ”

അതു അങ്ങു ദൂരേയല്ലേ..........................................
ഇന്നലെ ഓഫീസ്‌ യാത്രയ്കിടയിലാണു, ഭൂമികിലുക്കം വാർത്ത കേട്ടതു റേഡിയോ വഴി. "ഇന്ത്യയിൽ" എന്നു മാത്രമാണു സിഗ്നൽ ലൈറ്റ്‌ പച്ചയായ തത്ര പാടിൽ കേൾക്കാൻ കഴിഞ്ഞത്‌. വണ്ടി നിർത്തി ഇറങ്ങിയതും ഞാൻ സെക്യൂരിറ്റി ഓടു ചോദിച്ചു,
"എവിടാ ബാബു, ഭൂമി കുലിങ്ങ്യതു?"
വളരേ നിർവികാരമായീ അയാൾ പറഞ്ഞു,
"ഓ, അങ്ങു ദൂരയാ മാഡം, പാക്‌ അധിനിവേശ കാശിമീരിലോ, എൽ. ഓ. സിലൊ ഒക്കെ, നമ്മുക്കു വിഷമിക്കൻ ഒന്നുമില്ല, പാകിസ്താനിലും ഉണ്ടായീന്ന് "(നമ്മൾ വെടി വച്ചിടാതെ കഴിഞ്ഞില്ലേ എന്നു കരുതിയോ ആവോ).
നമ്മൾ എപ്പൊഴാണു ഇങ്ങനെ ആയി മാറിയത്‌? വീട്ടുചുമരുകൾക്കുള്ളിലെ മരണമോ ആപത്തൊ മാത്രം ഒരു ദുരന്തം ആയി കാണുന്നവർ,അല്ലാത്തതു എല്ലാം ഒരു വാർത്ത മാത്രം ആയിത്തീരുന്നു, പിന്നെ, മറയുന്നു ഒപ്പം, മാഞ്ഞു ഇല്ല്ലാതാവുന്നു.
വറ്റുന്ന നദിയും,
മണലൂറ്റും,
ചന്ദന കൊള്ളയും,
രണ്ടു കഷ്ണം കടലാസ്സു കത്തിച്ചു, കാട്ടു തീയാക്കി മാറ്റി, ചാരം കാട്ടി നമ്മളെ പറ്റിച്ചു, തടി വെട്ടി "വെടുപാക്കലും",
കൊമ്പിനായി മാത്രം ഷോക്ക്‌ അടിപ്പിച്ചു കൊല്ലപെടുന്ന ആനകളും,
കരി മണൽ ഘനനവും,
കുറെശ്ശെ കുറെശ്ശെ ആയി സായിപ്പന്മാർക്കു പതിച്ചു നൽകുന്ന നമ്മുടെ പച്ചതുരുത്തും, ('ലവൻ"മാരുടെ ഭാഷയിൽ പറയുന്ന വിദേശ പങ്കാളിത്തം)
വ്യാജ സ്പിരിറ്റും,
കോളയിലെ വിഷവും,
വാണിംഭത്തിനു ഇരയാവുന്ന നമ്മുടെ പെൺകുട്ടികളും,
നിരപരാധികളേ ഉരുട്ടി കൊല്ലുന്ന പോലീസും,
എല്ലാമെല്ലാം ഇന്നു നമുക്കു ഒരു വാർത്ത എങ്കിൽ നാളെ അതു നമുക്കൊരു "സ്പോൻസേർഡു പ്രോഗ്രാം" ആയി ചാനലുകാർ കാട്ടി തരുന്നു.
നൊമ്പരപെടാനും, കണ്ണീർ വാർക്കാനും ഒന്നുമില്ല, അതു നടന്നതു അങ്ങു ദൂരേയല്ലേ.......

Thursday, October 06, 2005

"ഭൂമി ദേവിക്കു ഭാരം ആവുന്നവർ ഇവർ"


അയാൾ : ഹലോ, 56......98 അല്ലെ? മി..... ന്റെ വീടല്ലേ?

അങ്ങേതലയ്ക്കൽ നിന്ന് : അതെ. നിങ്ങൾ ആരാ??

അയാൾ : ഞാൻ......, .........മി....... ഉണ്ടോ അവിടെ?

അങ്ങേതലയ്ക്കൽ നിന്ന്: ഇല്ല, അങ്ങേരു രണ്ടു നാളായീ മരിച്ചിട്ടു.

അയാൾ : ഓ, ശരി, ഞാൻ അറിഞ്ഞില്ലാ.

----

പിറ്റേന്ന് വീണ്ടും.

അയാൾ : ഹലോ, 56....98 അല്ലെ?

മി....ണ്ടെ വീടല്ലേ?

അങ്ങേതലയ്ക്കൽ നിന്ന് : അതെ. നിങ്ങൾ ആരാ??


അയാൾ : ഞാൻ......., മി....... ഉണ്ടോ അവിടെ?


അങ്ങേതലയ്ക്കൽ നിന്ന്: ഇല്ല, അങ്ങേരു മൂന്നു നാളായീ മരിച്ചിട്ടു. ഇന്നല്ലേ പറഞ്ഞതല്ലേ?

അയാൾ : ഒാ, ശരി.

-----

വീണ്ടും രണ്ടു ദിനം കഴിഞ്ഞ്‌ :

അയാൾ : ഹലോ, 56....98 അല്ലെ? മി..... ന്റെ വീടല്ലേ?

അങ്ങേതലയ്ക്കൽ നിന്ന് : അതെ. നിങ്ങൾ ആരാ??

അയാൾ : ഞാൻ......., മി ....... ഉണ്ടോ അവിടെ?

അങ്ങേതലയ്ക്കൽ നിന്ന്: ഇല്ല, അങ്ങേരു കുറച്ചു നാളായീ മരിച്ചിട്ടു. അന്നു പറഞ്ഞതല്ലേ ഈ വിവരം? എന്തിനാ എന്നും ഇങ്ങനെ ഒരേ ചോദ്യം ചോദിക്കണേ?

അയാൾ : അദ്ദെഹം എന്റെ ബോസ്സ്‌ ആയിരുന്നു. കേക്കുമ്പോൾ ഒരു സുഖം തോന്നുന്നു. അതു കൊണ്ടാ പിന്നെയും പിന്നെയും വിളിക്കുന്നേ!!

--------

ഈ തമാശയിൽ അൽപം ക്രൂരത കൂടിയില്ലേ എന്നു നിങ്ങളെ പോലെ എനിക്കും തോന്നയ്ക ഇല്ലാ. പക്ഷെ, അങ്ങനെ, ഓർത്തു പോയ ഒരു മുനിസ്വാമിയെ ഈ ഗൾഫിൽ എനിക്കു അറിയാം. ആന്ധ്രാ പ്രദേശിലെ ഒരു കുഗ്രാമത്തിൽ നിന്നു 4 ക്ലാസ്സു പോലും പഠിക്കാൻ ആവാതെ, ഇവിടുത്തെ, 300 ഉലുവ, 30,000 രുപ യാണെന്നു മോഹിപ്പിച്ചു, "അവീർ" ലെ ഒരു കെമിക്കൽ ഫാക്റ്ററിയിൽ, ചുമയുണ്ടക്കുന്ന പുകയ്ക്കരികൽ ജീവിതം തീർക്കുമ്പോൾ, ഒരു ദിനം, അയാൾടെ, അമ്മ മരിക്കുന്നു. തിരിച്ചു പോകാൻ പാസ്സ്പോർട്‌ വേണമ്ന്നു പോലും തിരിച്ചറിയാൻ വയ്യാത്ത ഒരു നിരക്ഷരൻ, അമ്മ മരിച്ച വാർത്ത കേട്ടു അലമുറയിട്ടു കരയുന്നു, പിന്നെ പറയുന്നു, ""നാ അക്ക,, ഉച്ചക്കു പോക പോകിറേൻ, എനക്കു പ്ലൈനുക്കു കാശു കൊടുങ്കോ" ന്നു. തിരിച്ചു നാട്ടിൽ പോണമെങ്കിൽ പാസ്സ്പൊർട്‌ വേണമെന്നും, പിന്നെ, ആദ്യം വേണ്ടതു ലീവാണു എന്നും ഞങ്ങളിൽ ചിലർ അവനോടു പറഞ്ഞു. പിന്നെ, ലീവിന്റെ വക്കാലത്തുമായീ, ബോസ്സിന്റെ അടുത്തു ഞങ്ങൾ ചെന്നപ്പ്പ്പോ , ബോസ്സ്‌ പറയുന്നു, "അമ്മ എന്തായാലും മരിച്ചില്ലേ, ഇനി മുനിസ്വാമി പോയീട്ട്‌ എന്തു കാര്യം? വീട്ടിൽ വേറേ ആളില്ലേ? അവിടെ അയല്വവക്കത്തു ഒക്കെ ആളില്ലെ? അയൾക്കു, 3 വർഷം കൂടുമ്പോഴെ ടിക്കറ്റ്‌ ഉള്ളു. ലീവും തരാൻ പറ്റില്ലാ ഇപ്പ്പ്പോ. "വൈ ഉ സ്പെന്റ്‌ ഹാർട്‌ ഏർണ്ട്‌ മണി ലൈക്‌ ദിസ്‌ എന്ന്?"

ഒരു നിമിഷം , ഈ ബോസ്സും മരിക്കില്ലേ ന്നു മുനിസ്വാമി ഓർത്തതിൽ തെറ്റുണ്ടോ?

അതു പോലേ എനിക്കും ചിലരെ ഈ ഭൂലോകത്തു ഇനി കാണണ്ട എന്നു അഗ്രഹിക്കേണ്ടി വന്നിട്ടുണ്ട്‌. ഇവർ ഭൂമി ദേവിക്കു ഭാരം എന്നും തോന്നാറുണ്ട്‌. അവരിൽ ചിലർ :

3 വയസ്സു കാരിയെ ബലൽസ്ഗം ചെയ്തു കൊന്ന സെബാസ്റ്റൈനെ,

ഒരു പഴയ മാരുതിക്കു വേണ്ടി, കണ്ണിലുന്ന്ണിയായ, ടോമി-നെ കൊന്ന, ജൈസൺ-നെ,

ബിസിനസ്സ്‌ തർക്കത്തിൽ, എവെരെസ്റ്റ്‌ ചിട്ടി കമ്പനി ഉടമ യെ ലോറി കയറ്റി കൊന്ന ആളുകളേ,

പ്രേമിച്ച്‌ മടുതപ്പോ, തന്ദൂരി അടുപ്പിൽ "നൈനയെ" ചുട്ടു കൊന്ന ശർമ്മയെ,

1/2 പവൻ കമ്മലിനു വേണ്ടി, ഒരു മുത്തശ്ശിയെ കൊന്ന റബർ വെട്ടുകാരനെ,

പ്രേമിച്ചു കെട്ടി എന്ന കുറ്റത്തിനു, ദമ്പതികളെ കെട്ടിയിട്ടു ഗ്യാസ്‌ തുറന്നു വിട്ടു കത്തിച്ചു, വീടു പൂട്ടി പോയ ദെൽ-ഹിയിലെ ചാട്ടെർജി- യെ,

മന്ദ ബുദ്ധി ആയ പെണ്ണിനെ, ബലാൽസംഗതിനു ഇരയക്കിയ കോട്ടയതെയ്‌ മൂന്നു പേരെ,

80 വയസ്സു കാരിയെ, കള്ളു കുടിചു, ബലാൽസംഗം ചെയ്തു കൊന്ന 40 വയസ്സുള്ള ഷിബു-വിനെ,

കാമുകന്റെ കൂടെ ഒളിച്ചോടാൻ , ഭർത്താവിനെ, പഴത്തിൽ, 20 ഉറക്ക ഗുളിക കൊടുത്തു കൊന്ന ഓമനെ-യെ,

അങ്ങനെ ഒരു പാടു പേരേ എനിക്കു ഈ ഭൂലോഗത്തിൽ കണേെണ്ട എന്നും, അവർ തുടച്ചു മാറ്റപെടണം എന്നു ഉണ്ടു. കലാപകാരികൾ, കഷ്മലന്മാർ, കണ്ണിൽ ചോരയില്ലാത്തവർ ഇവർ .

ലിസ്റ്റിന്റെ നീളം കൂടും, ഈ കമ്പ്യൂട്ടറിലെ ബൈറ്റ്‌-സ്‌ ഒക്കെ തന്നെ ചിലപ്പൊ പോരാതെ വരും. നമ്മൾ ജീവിക്കുന്നത്‌ 21 ആം നൂറ്റാണ്ടിൽ ആയിപ്പോയില്ലേ?

Wednesday, October 05, 2005




"തെളിവിന്റെ ശൈലി"

ഭർത്താവു രാത്രി പത്തു മണിക്കു വന്ന ഭാര്യയോടു:

"എന്നാടീ വൈകിയെ?"

ഭാര്യ : " ഓ, ഞാൻ ആ കൂട്ടുകാരിയുമായീ ഒന്നു കറങ്ങാൻപോയതാ, സാരി കടേല് കയറീപ്പോ, സമയം പോയതറിഞ്ഞല്ലാ ചേട്ടാ".

(പിറ്റേന്ന്, അവൻ, അവളറിയതെ, അവളുടെ, പത്തു അടുത്ത സുഹൃത്തുക്കളെ വിളിച്ചു ചോദിക്കുന്നു, ഒരുവളും പറഞ്ഞില്ല, ഞങ്ങൾ ഒപ്പം കറങ്ങാൻ പോയീന്നു!!!)

രണ്ടു ദിനം കഴിഞ്ഞ്‌.

ഭാര്യ, രാത്രി വൈകി വന്ന് ഭാർത്താവിനോട്‌,

"എവിടെ പോയീ കറങ്ങീട്ടു, മണത്തോണ്ടു കയറി വന്നിരിക്കുവാ?”

ഭർത്താവ്‌: “ഓ.. ഞാൻ അവനുമായിട്ടൊന്നു കൂടിയതാടീ നേരം പോയതറിഞ്ഞീല്ലാടിയേ,"

(പിറ്റേന്ന് രാവിലെ, അവനറിയാതെ, അവൾ അവന്റെ പത്തു അടുത്ത സുഹൃത്തുക്കളെ വിളിച്ചു ചോദിക്കുന്നു, 10 പേരും പറഞ്ഞു -- "ഓ, വിഷമിക്കണ്ടാ പെങ്ങളെ, ഞാനും അവനും, ഇന്നലെ ഒന്നു കൂടിയാതാ, ദേണ്ട്, ഇപ്പോഴും അവൻ ഇവിടെ കിറുങ്ങി കിടപ്പുണ്ട്‌, എണീക്കുമ്പോ പറഞ്ഞു വിട്ടേക്കാം! ”)



Tuesday, October 04, 2005

പണ്ടു പാടിയ പാട്ടിൽ ഒരെണ്ണം ചുണ്ടിലൂറുമ്പോൾ..............



മനുഷ്യൻ, ജാതിയുടെയും മതത്തിന്റെയും ഒക്കെ കെണിയിൽ പെട്ടു നട്ടം തിരിയുമ്പോൾ, നമ്മളിൽ ചിലർ, കുറെ കാതം പിന്നിട്ട്‌, അന്നം തേടി, ഈ ആകാശം മുട്ടുന്ന സൌധങ്ങൾക്കിടയിൽ വന്നുപെട്ടു, പല വ്യഥകളിൽ പെട്ടു ഉഴലുമ്പോഴും, പതിയേ നമ്മുടെ മനം അറിയുന്നു, മുറ്റത്തെ മുല്ലക്കും ഉണ്ടയിരുന്നില്ലേ മണം? വളരെ നാളുകൽക്കു ശേഷം ഈ പഴയ ഗാനം ശ്രവിച്ചപ്പോൾ, ഒരുപക്ഷേ, എനിക്കു അങ്ങനെ തോന്നിയതാവാം. മനസ്സിനു ചെറിയ ഒരു ഭാരം പോലെയും തോന്നി.


മനസ്സിന്റെ ഭാരമ്ന്നു കരുതി ഇരുന്നാൽ, കുടുംബത്തിലെ ആൾകാരുടെ വയറു നിറയില്ലലോ അല്ലെ? എന്നാലും, എന്തെല്ലാമുണ്ടെങ്കിലും ഈ ഗാനത്തിനു ഒരു പകരമുണ്ടോ?


പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ലാ

തിരകൾ വന്നു തിരുമുൽ കാഴ്ച നൽകിയതല്ലാ

മയില്ലാടും മലകളും പെരിയാറും സഖികളും

മാവേലി പാട്ടു പാടും

ഈ മലയാളം ഈ മലയാളം

(പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ലാ............)

പറയി പെറ്റ പന്തിരു കുലം ഇവിടെ വളർന്നു

നിറകതിരും നിലവിളക്കും ഇവിടെ വിടർന്നു

മുല കച്ച കെട്ടി കൂന്തലിൽ പൂവിതൾ തിരുകി

നിർത്തമാടി വളർന്നതാണു ഈ മലയാളം...... ഈ മലയാളം........

(പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ലാ............)

കുഞ്ചൻ പറമ്പിലെ പൈങ്കിളി പാട്ടിലെ

പഞ്ചാമൃതമുണ്ട മലയാളം , തുള്ളൽ കഥ പാടി കഥകളി പദമാടി

തിരുനാവു മണൽപുറത്തു അങ്കമാടി, മാമങ്കമാടി

(പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ലാ............)

പുതിയ പുതിയ പൊൻപുലരികൾ ഇവിടെ ഉണർന്നു

കതിരു കൊയ്ത പൊന്നരിവാൾ ഇവിടെ ഉയർന്നു

പൂമിഴികളിൽ അഞ്ചനമെഴുതി പൊന്നീല അരയിൽ കെട്ടി ഭൂമിക്കു കണി വെക്കും

ഈ മലയാളം ............ഈ മലയാളം........

(പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ലാ............)


----
വരികളിൽ തെറ്റുണ്ടാവാൻ സാധ്യതയുണ്ട്.

ചിത്രം : കൂട്ടു കുടുംബം.
വരികൾ എഴുതിയത് : വയലാർ
സംഗീതം : ദേവരാ‍ജൻ
പാടിയത് : പി. സുശീല
കൊല്ലം : ??????


Monday, October 03, 2005

ഒരു വസ്ത്രാക്ഷേപ ..........

ഓഫീസിൽ രാവിലേ എത്തിയതും ഞാൻ വളരെ ഉദ്ദേശ ശുദ്ധിയോടെ ചെയ്യുന്ന ഒരു കാര്യം ഉണ്ട്‌, ഫാക്സ്‌ കളക്ഷനോ, B.O.Q വിൽ വല്ല മാറ്റവും ഉണ്ടോ എന്നു നോക്കി കമ്പനിക്കു ഗുണം ചെയ്യുന്ന വല്ലതും ആണോ എന്നു മാന്യ വായനക്കാർ തെറ്റുധരിക്കരുതു കേട്ടോ. നേരെ പോയീ ചായക്കാരൻ ദീപക്കിനൊടു പറയും, "മേരാ ചായ്‌ ലൈബ്രറി മേ ലെ ആവോ“ ന്നു. പാന്ററിയിൽ മേടിച്ചു വച്ച റയിൻബൊ അല്ലെൻങ്കിൽ പാൽപൊടിക്കു കേടു വന്നു പോവാതെ നോക്കേണ്ട ഒരു ബാധ്യത എനിക്കില്ലേ?? അല്ലെങ്കിൽ സ്പോൺസർ എന്തു കരുതും??
ഞാൻ എത്തിപ്പെട്ടു ഒരു പത്തു മിനിറ്റ്‌ കഴിഞ്ഞാണ് ഓഫീസ്‌ "ഓസ്‌" വണ്ടി വരുന്നതു. (എനിക്കു കാർ ഉണ്ടെന്നു ടൈപ്പ്‌ ചെയ്യുക ആയിരുന്നു ഇതിൽ എളുപ്പം അല്ലേ?)ഈ വണ്ടിയിൽ വരുന്നവരേ കുറിച്ചു ഞാൻ ഇടക്കു പറയും, “ഇവർക്കു ആർക്കും ഓഫീസിലെക്കു വരുന്ന വഴി അറിയില്ല എന്നു, കാരണം, വണ്ടിയിൽ കയറിയാൽ, അപ്പോ കണ്ണു ഇറുക്കി അടച്ചു, വെടിക്കട്ടു കേക്കുമ്പോ ഇരിക്കുന്ന മാതിരി ഇരുന്നാ പിന്നെ തുറക്കണമെങ്കിൽ ഡ്രൈവർ പറയണം, “ഓഫീസ്‌ എത്തീന്നു.“ !! ഇവരെ കൊണ്ടു കുഴിയിൽ ഉന്തിയിട്ടാ പോലും അവർ വിചാരിക്കും ദുബായിലെ റോഡിലും ഗട്ടർ വന്നു കാ‍ണുമെന്ന്!! .
എല്ലാരും എത്തീ സിസ്റ്റം ഒക്കെ ഒൺ ആക്കി, പിന്നെ ചായ കുടിച്ച ശേഷം ആണു "ജോലി" തുടങ്ങുന്നതു. അതായതു, “വെബ്‌ സൈറ്റിൽ“ കയറി ആദ്യം “ദീപിക ഡൊട്ട്‌ കോം“ (വേഗം ലോഡ്‌ ആവും) പിന്നെ നാട്ടിലെ ചരമ കോളം വായിക്കാൻ എളുപ്പം ഉള്ള “മനോരമ“ പിന്നെ ഗൾഫ്‌ ന്യൂസ്‌, (സ്പോൺസർഷിപ്പ് നിയമം മാറിയോ എന്നു അറിയണ്ടെ??) പിന്നെ തുടങ്ങുന്ന അടുത്ത "ജോലി“ യാണു , ചിലർക്കു, ഫ്രീ "പാര"സെറ്റമോൾ" ഗുളിക വിതരണം. അതായതു, "ഈച്ച" അങ്ങനെ ചെയ്തു, "ആന" ഇങ്ങനെ ചെയ്തു, "പൂച്ച" അതു ചെയ്തു എന്നൊക്കെ വില്ലന്റെ ഉടുപ്പു ഇടീച്ചു നിർത്തിയിരുക്കുന്ന “ജി എം“-ന്റെ വായിൽ മെൽപറഞ്ഞ ഗുളിക മിഴുങ്ങാൻ കൊടുത്തു, വെള്ളം ഒഴിക്കുന്ന ഏർപാട്‌. ജന്മ സിദ്ധമായി വിവരകേടുള്ള "ജി എം" അപ്പൊ പറയും, "ഈച്ച"യുടെ "വാൽ" നമുക്കു മുറിക്കണം, ആനയെ ഇന്നു മുതൽ എന്റെ "മേശയുടെ" താഴെ കെട്ടാം, "പൂചയ്ക്കു" എന്നു മുതൽ "പാൽ" മാത്രം കൊടുത്താ മതി, എന്നാലെ അവൻ പഠിക്കൂ എന്നോക്കെ.
അപ്പൊഴാണു എന്റെ കണ്ണു, ജോസഫിന്റെ 3 പീസ് സ്യൂട്ടിൽ കോട്ടിൽ ഉടക്കിയതു. ഞാൻ ചോദിച്ചു "എന്താ ജോസഫേ, വല്ല തരികട പണിയോ ഇന്റർവ്യൂ ഓ, വല്ലതും പിന്നെയും ഒപ്പിച്ചൂവൊ?“ (ഇതിന്റെ പുറകിൽ ഒരു കഥ ഉണ്ടു കേട്ടൊ : ഒരു തവണ, ജോസഫ്‌, ജി. എമിനോടു പറഞ്ഞു, "സർ,എനിക്കു രാവിലെ, 11 മണി മുതൽ 2 മണികൂർ ഒരു ഷോർട്ട്‌ ലീവ്‌ വേണം, ച്ചേചിയെ ഹോസ്പിറ്റിലിൽ കാണാൻ പോകണം" ജി എം ഉം, പറഞ്ഞു, “ ഓകെ, പോക്കൊളു, ഞാനും ആ സമയം ഉണ്ടാവില്ല, എന്റെ ഭാര്യ വരുന്നു, എയർ പോർട്ടിൽ പോകണമ്ന്ന്.“ ജോസെഫ്‌ തിരിച്ചു വന്നപ്പോ, വല്ലാത്ത ഒരു ഭാവം, ശരിക്കും പറഞ്ഞാൽ, കട്ട്‌ എടുത്തു ഓടിയ, "ഇരുമ്പു ഒലക്ക" കാലിൽ വീണ മട്ട്‌. പിന്നെയാണു അറിഞ്ഞതു, ജോസെഫ്‌ മുങ്ങി ഇന്റർവ്യൂ പോയപ്പോ, അവിടെ ജി എം-ഉം വേറെ പോസ്റ്റിനു ഇന്റർവ്യൂ ന്നു ഇരിക്കുന്നു എന്ന്!!)
വിവരണത്തിന്റെ തിരി പൊട്ടിയോ ?? അപ്പോ, ഞാൻ പറഞ്ഞു വന്നതു, ജോസഫ്‌ പതിവില്ലാതെ ഇട്ടു വന്ന, 3 പീസ്‌ കോട്ടാണു. ജോസഫ്‌ പറഞ്ഞു, “ഹേയ്‌, മറ്റൊന്നുമല്ല, ലോണ്ട്രിക്കാരൻ ചതിച്ചു, റൂമിലെ പെസ്റ്റ്‌ കണ്ട്രോൾ കഴിഞ്ഞു, വീക്കന്റിൽ ഞാൻ എല്ലാ തുണിയും കൂടി അലക്കാൻ കൊടുത്തു, ഇപ്പൊ നാത്തൂർ (വാച്ചുമാൻ) പറയുന്നു, അയാളു മുങ്ങി, മുൻസിപാലിറ്റി ചെക്കിങ്ങിനു വന്നപ്പോ, ലൈസെൻസ്‌ ഇല്ലായിരുന്നു, ഇപ്പോൾ അയാൾ ജയിലിൽ പോയീന്നു!! പിന്നെ ആകെ ഉണ്ടയിരുന്നതു ഇതാണു, ഗതികേടു വരുത്തി വച്ച വിന ഇതു വലിച്ചു കേറ്റി ഇട്ടു വന്നു.“
സത്യം പറഞ്ഞാൽ, ഈ ചാർലി ചാപ്ലിന്റെ കോമാളി വേഷം, സാധരണ 3000 ഒ 4000 കൊടുത്തു തൈപ്പിച്ചു ഗൾഫ്‌ ലെ ഇന്റർവ്യൂ(കൾ)കഴിഞാ പിന്നെ ആവശ്യം വരാറില്ല ഇവിടെ. കാരണം മറ്റൊന്നുമല്ലാ, M.C.A കാരൻ ഇന്റർവ്യൂ നു ചെല്ലുമ്പോ HR മാനേജർ എന്ന ഹുമാനിറ്റി ഒരു തുണ്ടു പോലും ഇല്ലാത്ത അയാൾ പറയും, ഒഴിവു, "Business System Analyst ആണ്, പക്ഷെ ഇപ്പൊ പർച്ചേസിൽ "Invoice Matching ചെയ്യാൻ ആൾ ഇല്ലാ, അതു കൊണ്ടു, അവിടെ മതി എങ്കിൽ, വിസ ശരിയാക്കൊം, പിന്നെ upgrade ചെയ്യാം. H.O ലെക്കു ക്കു ഒർഗനൈസേഷൻ ചാർട്‌ വിട്ടിടുണ്ട്‌, നെക്സ്റ്റ്‌ ബജറ്റിൽ അപ്പ്രുവൽ കിട്ടുമ്ന്നു. പിന്നെ എന്തായീന്നു ചോദിക്കതു, , അതു ഞാൻ പറയില്ല. എന്നെ കൊണ്ടു പറയിക്കരുത്‌.
പിന്നെ, അതു പോലെയാണു ഇവിടുത്തെ "സാറെ"ന്നു ഉള്ള വിളിയും, ആരും വിളിക്കില്ലാ,അത്ര തന്നെ!! അച്ഛനേ പോലും സ്വന്തം ഓഫീസിൽ എങ്കിൽ "രാമചന്ദ്രാാാ..." എന്നാണു വിളിക്കാറു. ഗുണമാണു കേട്ടോ ഇതു. തലവര കൊണ്ടു മാത്രം ജി ഏം ആയവനെ "ലുക്ക്‌, സ്റ്റീവ്‌ എന്നോ, വില്ല്യം എന്നൊക്കെ വിളിക്കാം അല്ലോ. പിന്നെ "സാറേ"ന്നു ഒരു വിളി കിട്ടും, ചിലപ്പോ, അതു, നമ്മൾ ഓഫിസിലേക്കു രാവിലെ വരുന്ന വഴിക്കു, ഫ്രണ്ട് ഓഫീസിൽ ആരെങ്കിലും CV പിടിച്ചു, മോർചറിക്കു മുമ്പിൽ ഇരിക്കുന്ന പോലെ, ഇന്റർവ്യൂ നു ഇരിക്കുന്നുണ്ടെങ്കിൽ, അവൻ നമുക്കു ഒരു ഗുഡ്‌ മൊർണിംഗ്‌ സർ" തരും, അതു ആദ്യത്തെയും അവസാനത്തെയും വിളിയാണു കേട്ടോ, അന്നു അവൻ കരുതും, ഒരോരുത്തർ രാ‍വിലെ വരുമ്പോഴും, ഇവൻ ആവും ചിലപ്പൊ ഇന്റർവ്യൂ നടത്തുക, അല്ലെങ്കിൽ ഇവിടെത്തെ മാനേജർ ആവും എന്നു ഒക്കെ. അവൻ പിന്നെ “സ്റ്റാഫ്‌ ആയി“ മാറുമ്പോ, നമ്മളെ ചുണ്ടു കോട്ടി കാണിച്ചു "ആക്കി"ഒരു ചിരി ഉണ്ട്‌, നിന്നെ ഞാൻ അറിയാതെ "സാറെ"ന്നു വിളിച്ചു പോയീ എന്നാണു അതിന്റെ അർത്ഥം. എനിക്കും ഇതു പറ്റിന്നു പ്രത്യേകം പറയണ്ടല്ലോ.
വിവരണത്തിന്റെ തിരി വിട്ടോ പിന്നെയും?? ഈ ജോസഫിന്റെ ഡ്രെസ്സിംഗ്‌ കണ്ടപ്പോ, എനിക്കു തോന്നി മനുഷ്യൻ വസ്ത്രം ധരിക്കാൻ ഒക്കെ എത്ര സമയം എടുക്കുന്നുണ്ടാവും രാവിലെ? വീട്ടിൽ ഇരുന്നു ചായ കുടിച്ചാൽ സമയം പോകുമെന്ന് കരുതി ദുബായിൽ വഴിയിലൂടെയും കാറിലും ഒക്കെ ചായ കുടിക്കുന്നതു കാണാറുണ്ട്‌. അതു പോലെ ഒക്കെ വസ്ത്രത്തിന്റെ കാര്യത്തിൽ ചെയ്താൽ, ദുബായിലെ ട്രാഫിക്‌ ബ്ലോക്ക്‌ എന്താവും?? ശനിയാഴ്ചത്തെ ജോലിക്കു, ബുധനാഴ്ച പോകേണ്ടി വരില്ലെ? എന്നാലും, എന്റെ ചിന്ത പോയ പോക്കേ? വസ്ത്രം അണിയാൻ എടുക്കുന്ന സമയം കണക്കാക്കാൻ തോന്നിയതു? ഇതണോ, ഞാൻ എന്റെ "C.V“ യിൽ ചേർത്ത "can undertake creative thinking" ന്നു എനിക്കു തന്നെ തോന്നി പോയീ ഒരു അവസരം ആണു ഇതു.
ദോഷം പറയരുതല്ലോ, എറ്റവും കൂടുതൽ നല്ല ഡ്രസ്സ്‌ ചെയ്തു, ത്രീ പീസ്‌ കോട്ട്‌ സ്യൂട്ടും, സ്വർണ ബട്ടൺസും ഒക്കെ കുത്തി തിരുകി വരുന്നതു "ജി എം" ആണു. ഒരു നാലു കിലോമീറ്റർ വരെ അറിയാം അയാൾ എത്തി കഴിഞ്ഞാൽ. പുതിയതായീ "പാര"സെറ്റമൊൾ വിതരണക്കാർ, സ്നേഹ പൂർവം മനസ്സിൽ ശപിച്ചു സമ്മനിച്ച പെർഫ്യൂംന്റെ ഗുണം തന്നെ!! 2 രൂപാ കടയിൽ നിന്നു വാങ്ങി, എന്തെങ്ങിലും അറബി പാർക്കുന്ന Jumeriah Beech villa സൈഡിലുള്ള വഴിയിലൂടെ പോയപ്പൊ കിട്ടിയ "രാസാസി"യോ "ആരീജ്‌"ന്റെയോ കാലി പെർഫ്യൂം കവറിൽ നിറച്ചതാകും അതും എന്നു എന്റെ വക്രബുദ്ധി പറയാറുണ്ടു (കുശുമ്പ്‌ എന്നും വേണമെങ്കിൽ എളുപ്പത്തിനു പറയാം.)!!.
ഏതായാലും എല്ലാരും സമ്മതിച്ചു, വസ്ത്രം ധരിച്ചു കണ്ണാടി നോക്കി ഇളിച്ചു കാട്ടി വരുന്നതിൽ ഒരുപാടു സമയം പാഴകുന്നു എന്ന്. (കല്ല്യണം കഴിക്കുന്ന പോലേന്നു പറഞ്ഞ മതിയായിരുന്നു അല്ലെ?? )
എല്ലാരുടെയും ബുദ്ധിക്കു തീറ്റ കൊടുക്കണ്ടെ?? ചിന്താ ശീലം പാഴാവരുതു അല്ലോ എന്നു കരുതി ഞാൻ ചോദിച്ചു, അപ്പോ എന്നും ത്രീ പീസ്‌ സൂട്ടൊക്കെ ഫിറ്റ്‌ ചെയ്തു വരുന്ന ജി. എം എത്ര മാത്രം സമയം എടുക്കുന്നുണ്ടാവും അല്ലേ? ചിലർ പറഞ്ഞു , "അതൊക്കെ എന്നും ആവുമ്പോ, വളരേറെ ഈസ്സിയാവും" ഈ സിഗ്രറ്റ്‌ കത്തിക്കുന്ന പോലെ എളുപ്പമായീ ചെയ്യാവുന്ന കാര്യം ആയീ മാറും എന്ന്."
പെണ്ണല്ലേ വംശത്തിൽ ഞാൻ, 5 മണി ആയാൽ അല്ലേ പോകാനും പറ്റു, ഞാൻ പിന്നെയും വാദിച്ചു, എന്നാലും ഒരു 10-15 മിനിറ്റ്‌ ചുരുങ്ങിയതു വേണ്ടി വരില്ലേ ഇതിനൊക്കെ? (എന്റെ സ്പൊൺസർ ഇതു എങ്ങാനും വായിച്ചാ, ചിന്താ ശീലം അല്ലാ, ഈ ബ്ലോഗ്‌ എഴുത്തുന്ന ശീലം വരെ തട്ടിപ്പോയീ കിട്ടും,) എല്ലാത്തിനും ഈമൈയിൽ തെളിവും വെബ്‌ ലിങ്കും ഒക്കെ തരുന്ന ജോസേഫ്‌, ഇതു ധരിക്കാൻ 10 മിനിട്ടെ ഇന്നു അയാൾ എടുത്തുള്ളു എന്നും, വേണമെങ്കിൽ ഒരു ലൈവ്‌ ഡെമോ വരെ ആവാം എന്നുള്ള വക്കിൽ വരേ സംഗതി എത്തി ചേർന്നു.
അപ്പോഴാണു, ഇതു എന്തോ ഒരു ആഗോള സീരിയസ്‌ കാര്യമാണു എന്നു കരുതിയിട്ടവാണം മേശ തുടക്കാൻ വന്ന മണി പറഞ്ഞതു, "മാഡത്തിനു അറിയാഞ്ഞിട്ടാ, നമ്മടെ പണ്ടെത്തേ, ആ കഴിഞ്ഞ മാസം പിരിച്ചു വിട്ട ജൂലി മാഡം തലമുടി മാത്രം ചീകുന്ന 5 മിനിട്ടിൽ, "ജി എം സാർ", ഈ മൂന്നു പൊല്ലാപ്പും കൂടി ഇട്ടു പുറത്തു ഇറങ്ങിയട്ടുണ്ടാവും, എന്നിട്ടാ എപ്പോ ഈ ജോസഫ്‌ സാറിന്റെ തെളിയിക്കാനുള്ള പുറപ്പാട്‌ എന്ന്!!"
ഇനി ഒരുപാടു തെളിവുകൾ മണി നിരത്തിയാലോ എന്ന ഭയപാടിൽ ഞാൻ എന്റെ ചായ മേശപ്പുറത്തു തട്ടി, മണിയുടെ ശ്രദ്ധ മാറ്റി. ചില്ലു കൂടാരം പോലെയുള്ള വിഷയങ്ങൾ ആവുമ്പോ, കല്ലു കൊണ്ടുള്ള കളി ശരിയല്ലല്ലോ.
ഇന്റിക്കേറ്റർ: ഇതാണു പറയുന്നതു, ഏതു തെളിയാത്ത കേസിനും തുമ്പുണ്ടാവണമെങ്കിൽ, ഒന്നില്ലെങ്കിൽ അപ്പുറത്തെ വീട്ടിലെ വേലക്കരിയോടോ, അല്ലെങ്കിൽ താഴെത്തേ സലൂണിലെ, ബാർബറോടൊ, ചോദിച്ചാ മതീന്നു!,"സി.ബി.ഐ" ക്കു പണിയും കുറഞ്ഞു കിട്ടും.

Sunday, October 02, 2005

കലേഷിന്റെ രിവെർസ് ഗിയർ

കമന്റ്‌ എഴുതാനുള്ളതു, പോസ്റ്റ്‌ ആക്കാമോ എന്നു ഒന്നും ആരും ഒരു ചോദ്യവും ചോദിച്ചേക്കരുതു, ഈ നീതികേടിനു എന്റെ കൈയിൽ ഉത്തരമില്ലാ എന്നതു തന്നെ കാരണം.കളേഷിന്റെ റിവെർസ്‌ ഗീയർ വായിച്ചപ്പൊ പ്രതികരിക്കാതെ ഇരിക്കൻ എനിക്കു കഴിയില്ല.


റിവെർസ്‌ ഗീയർ 1, റിവെർസ്‌ ഗീയർ 2, റിവെർസ്‌ ഗീയർ 3, റിവെർസ്‌ ഗീയർ 4, റിവെർസ്‌ ഗീയർ 4, റിവെർസ്‌ ഗീയർ 5,..........അങ്ങനെ, റിവെർസ്‌ ഗീയർ 24 (?)ഇത്രയും സ്തലതു കലേഷ്‌ "അമ്മേ നാരയാണ എന്നോ, ഓം നമ: ശിവായ എന്നൊ ഒക്കെ എഴുതിയിരുന്നെങ്കിൽ... വൈകുന്നേരം, ഈ മിനിമും വേതനം എന്നൊക്കെ ഗവർമന്റ്‌ നിർബന്ദപൂർവം മുതലളീമരെ അടിചു എൽപിക്കുന്ന പോലെ, ഞാൻ ദിവസവും ദൈവത്തിനു എന്റെ വക 11 ഒ അതിൽ അധികമോ "നാരായണ" പറയാറുണ്ട്‌. അതു ഇന്നലെ ബ്ലൊഗ്‌ വയിച്ചപ്പൊ, 4 മണിക്കു തന്നെ ഒഴിവായീ കിട്ടിയെനെ!!


ആളെ ഉന്തിയിട്ടു ചിരിക്കുക എന്നൊക്കെ പറയുന്ന പോലെ ഒക്കെ കഥ്‌ എഴുതി അതു സിനിമ “ആക്കുന്ന“ സംവിധയാകരെ കലേഷിനു ഒന്നു സമീപിച്ചു കൂടെ?? കുടുംബം രക്ഷപെട്ടു പോയെനെ! അവർക്കു ആശയ ദാരിദ്ര്യത്തിനു ഒരു എടക്കാല ആശ്വാസം ആയേനെ.

പഠിപ്പിച്ചു, സഹായിച്ചു എന്നു ഒക്കെ കരുതി, "ഉഗ്രൻ"," മനോഹരം","കലക്കി" എന്നൊക്കെ ഉള്ള സോപ്പീടിൽ എന്നെ കൊണ്ടു പറ്റില്ല. ഞാൻ അതു ശീലിചിട്ടില്ല. അതു ഒക്കെ വയിച്ചു കലേഷ്‌ മോണിറ്ററിൽ നോക്കി സമാധാനം അയി ഇരിക്കുന്നതു എനിക്കു ഇഷ്ടമല്ല.

അങ്ങനെയൊക്കെ എഴുതുന്നവർ (കലക്കി, ഉഗ്രൻ, :) , എനിയും എതുപൊലെയ്‌ എഴുതു.... എന്നു ഒക്കെ) മലയാളം ടൈപ്പ്‌ ചെയ്യൻ ഉള്ള മടി കൊണ്ടു മാത്രം, നെല്ലിനു വളം അടിച്ചു പോകുന്നവന്റെ സ്പീഡിൽ ബ്ലോഗിൽ കേയറി ഇറങ്ങുന്നവരാണു.

കലേഷിനൊടു സ്നേഹം ഉള്ളതു കൊണ്ടു ഞാൻ എന്നെ കൊണ്ടു ആവുന്ന, മനസ്സു നിറയെയുള്ള ചീത്ത, വേറെ ഒരു പോസ്റ്റ്‌ ആക്കി പറയാംന്നു കരുതീ ന്നു മത്രം. സ്നേഹത്തിന്റെ ഒരു പോക്കേ? പിടിച്ചാ കിട്ടുമോ?

അല്ലെങ്കിൽ പിന്നെ, സിനിമാ നടൻ പ്രിദ്വിരാജിനെ കള്ള മാധ്യമങ്ങൾ ആദ്യം എടുത്തു “പൊക്കി“ പിന്നെ "ഇട്ട" പോലേ ആവും കലേഷിന്റെ എഴുത്തിന്റെ ഭാവി. നമ്മൾ ബ്ലൊഗ്‌ വയിക്കുന്നവർ ഇനിയും ഈ തട്ടു പൊളിപ്പൻ നാക്കുളുക്കൻ ഒക്കെ വയിച്ചു ചിരിക്ക്കാതെയ്‌ ഇരിക്കേണ്ടി വരും. അതു തടയാനുള്ള ഒരു ബാദ്യത എനിക്കില്ലേ??

(കമന്റിനെ പോസ്റ്റ്‌ ആക്കി മാറ്റം എന്ന വക്ര ബുദ്ധിയും, നേരിട്ടു അറിയാത്തവർ വഴി വരുന്ന അടിയും തൊഴിയും ഒക്കെ ചുമ്മ കിട്ടുമ്പോഴല്ലേ വാങ്ങി വെക്കാൻ പറ്റു എന്ന തോന്നലും ഇല്ലതെയില്ല്ല. ദുബായ്‌ അല്ലേ, ഏതു ഫ്ലൈ ഓവർ നോക്കിയാലും -" യു ഗെറ്റ്‌ 50% എക്സ്റ്റ്രാ"ഓർ ഫ്രീ“ എന്നൊക്കെ പറയുപോലേ!!

ഈെശ്വര.... നാട്ടിലെ പോലെ വല്ല ക്വോട്ടേഷൻ വാങ്ങി തല, കൈ, കാൽ ഒക്കെ വെട്ടുന്നവർ ദുബായിൽ ഉണ്ടൊ? എന്റെ കാർ പൊകുന്ന റോഡ്‌ മപ്പ്‌ എങ്ങാനും കൊടുത്തു കലേഷ്‌ എന്റെ കൈ, കാൽ വെട്ടുമൊ?? ("തല" പോക്കോട്ടേ അതു കാലി അല്ലെന്നു കലേഷു പറഞ്ഞോ മനസ്സിൽ??

"പൊണ്ണേ നമ്പാതൈ"," എഴുത്തെയ്‌ കത്തു കുടുക്കാതെയ്‌" , എന്നു ഒക്കെ ആരെങ്കിലും കലേഷിനു എന്താനു പറഞ്ഞു കൊടുക്കാതെ ഇരുന്നതു?? എന്നെ പഠിപ്പിചിട്ടു ഇപ്പൊ കണ്ടില്ലേ,, ഞാൻ കലേഷിന്റെ പാളായത്തിൽ കയറി തല കൊയ്യുന്നതു?? ഇത്ര മാത്രം നീച ആവാൻ ആർക്കു പറ്റും?? അതും ഒരാഴ്ച ആയില്ല ആശാൻ മലയാളം പഠിപ്പിച്ചു വിട്ടിട്ടു അല്ലെ? ഇതാണു ലോകം, രക്ഷിക്കാൻ കൈ കൊടുത്താൽ, കഴുത്തിൽ കയറി പിടിച്ചു മുക്കി കൊല്ലുന്ന കാലം, കലി കാലം.

ശത്രു ഇല്ലാതെ ജീവിക്കരുതു കലേഷേ. ഉയർച്ചയുടെ പടവുകൾ വേഗം കയറാൻ അതു വളരെ സഹയിക്കും എന്നാണു പറയാറു. അപ്പോ ഞാൻ തന്നെ ശത്രു അല്ലെ??

കലേഷിനൊടു,: അനിയാ കലേഷേ, പണ്ടു, സന്ധ്യക്കു, ദീപം കത്തിച്ചു, തുളസിക്കു കാട്ടി തിരിച്ചു ഇറയം വഴി വരുമ്പോ, തിണ്ണയിൽ ഇരുന്നു നല്ലവണ്ണം പഠിക്കുന്ന അനിയന്മാരുടെ മണ്ടയിൽ ഒന്നു നോണ്ടി," മര്യാദക്കു ഇരുന്നു പഠിക്കടാ"ന്നു പറഞ്ഞു അകത്തെയ്ക്കു കയറി പോകുന്ന ചേച്ചിമാരെ കണ്ടിട്ടില്ലെ? അതു പോലെ ഒന്നു ചെയ്യാൻ എനിക്കു തൊന്നിയതാണു. നീ നല്ലവണ്ണം പഠിക്കുന്ന കുട്ടിയാ കേട്ടൊ. എന്നാലും വയസ്സന്മരെ ഉന്തി ഇട്ടു ചിരിക്കമോ കുട്ടി??)

ഇന്റികെറ്റർ : ഇതാണു ശരിക്കും പറഞ്ഞാൽ "രിവെർസ് ഗീർ പോസ്റ്റ്‌" !! ഒരു പക്ഷെ കലേഷിന്റെ ബ്ലൊഗ്‌ വായിക്കാതെ അരെങ്കിലും ഇതു വായിച്ച്ട്ട്‌, കലേഷിന്റെ "രിവെർസ്‌ ഗീർ" എന്താണു എന്നു അറിയാൻ ഒരു "രിവെർസ്‌ ഗീർ “ ഇട്ടാലോ?

നമ്മൾ മറന്ന ഗാന്ധിജി

ഒരു പ്രാവാസി ഇന്ത്യൻ എന്ന നിലയ്ക്കു, എനിക്കു തോന്നി ഇന്നത്തെ പോസ്റ്റ്‌ ബ്ലൊഗിൽ ഗാന്ധി മുത്തശ്ശനെ കുറിച്ചാവാം എന്ന്.
നന്മ, അഹിംസ എന്നിവ ഒക്കെ ഒരു ഓർമ മാത്രമായീ അവശേഷിച്ച ഈ കാലഘട്ടത്തിൽ, ഇതാ ഒരു ഗാന്ധി ജയന്തി കൂടി എത്തിയിരിക്കുന്നു.(ചിലർ ഇതു അറിഞ്ഞതു, റ്റി.വി. ചാനുലുകാർ നാട്ടിലെ അവധി ദിനം മുതൽ എടുക്കാൻ ഇടക്കു ഇടക്കു “ഒക്ടോ. 2, ഗാന്ധി ജയന്തി ദിന പരിപാടികൾ“എന്നു ആയിരം തവണ മുറവിളികൂട്ടീയപ്പോൾ ആവാം.)
നമ്മുടെ രാഷ്ട്രത്തിന്റെ ആൽത്മാവും, പിന്നെ രാഷ്ട്രപിതാവും ആയിതീർന്ന ഗാന്ധിജി, കാലത്തിന്റെ കുത്തൊഴിക്കിൽ, പ്രഭാഷണ പരമ്പരകൾക്കുള്ള ഒരു വിഷയവും, ഗവൺമേന്റ്‌ സൌധങ്ങളുടെ മുഖ്യ കവാടത്തിലെ ഒരു അലങ്കാര പ്രതിമയുമായി മാത്രം മാറിയിരിക്കുന്നു എന്നു എനിക്കു ചിലപ്പോ തോന്നറുണ്ട്‌. പുതിയ തലമുറക്കും ഗാന്ധിജിയെ കുറിച്ചുള്ള അറിവു ഒരു പക്ഷെ ഇതു തന്നെ ആവാം. വീട്ടിൽ ഒരു മുത്തശ്ശനൊ, മുത്തശ്ശിയോ ഇല്ലാത്ത കുറവുാണു ഇതു എന്നും എനിക്കു തോന്നായ്കയില്ല.
ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ, പാവപ്പെട്ടന്റെയും കർഷകന്റെയും ഇന്ത്യ, ഗ്രാമങ്ങളിൽ ആത്മാവുള്ള ഇന്ത്യ ഒക്കെ, നമുക്കു കൈവിട്ടു പൊയിരിക്കുന്നു. സമധാനം വിദൂരമായ ഒരു സ്വപ്നം മാത്രമായിരിക്കുന്നു. എങ്ങും കാലുഷ്യം, മത വർഗീയ കലാപങ്ങൾ, വിഘടന വാദം, ചിദ്രങ്ങൾ, യുധ്ദം എന്നിവ മാത്രം. ഇന്ത്യയുടെ ആത്മാവു കീറി മുറിക്കപെട്ടിരിക്കുന്നു, നോവുന്നു, കണ്ണീരൊലിക്കുന്നു. മനുഷ്യ തലകൾ സ്വത്തുകൾക്കും, മറ്റു ഒരു ശരാശരി മനുഷ്യന്റെ വ്യർത്ഥ വ്യാമോഹങ്ങൾക്കുമായി അറ്റു വീഴുന്നു ഇവിടെ. ഒരു പക്ഷെ എവിടെയൊ ഇരുന്നു ആ മഹാത്മാവിന്റെ ആത്മാവു കണ്ണീർ വാർക്കുന്നുണ്ടാവും. ആത്മാവുകൾ നിലനിൽക്കുന്നു എന്ന ഒരു വിശ്വാസം നമ്മളിൽ ആർകെങ്കിലും ഉണ്ടെങ്കിൽ, തീർച്ചയായും ആ കണ്ണീരിന്റെ ചൂടു നമ്മളുടെ മനസ്സിൽ പതിയണ്ടേ? ആ കണ്ണീരു നമ്മള്ളോടു ചോദിക്കുന്നില്ലേ നേടിയ സ്വതന്ത്ര്യം കൊണ്ടു നമ്മൾ എന്തു ചെയ്ടു എന്നു? വീഴിത്തിയിട്ട തലകളുടെ എണ്ണം കാട്ടി കൊടുത്താൽ മതിയോ?
അതിവേഗം ബഹുദൂരം എന്നൊക്കെ നമ്മടെ തലസ്താനത്തു, ശീതികരിച്ച മുറിയിൽ ഇരുന്നു കോള കുടിക്കുമ്പോൾ പറഞ്ഞു കൊഴുപിച്ചു, സൂത്രത്തിൽ, സ്വാതന്ത്ര്യം എന്ന ചീട്ടു മാത്രം കൈയിൽ പിടിച്ചു, ഭരണം നിങ്ങൾ ആയിക്കോ എന്നല്ലേ മറ്റു ബഹുദേശ കുത്തക മുതലാളികളുമായീ കരാറിൽ ഒപ്പിടൂമ്പോൾ പറയുന്നതു നമ്മുടെ രാഷ്ടീയ് നേതാക്കന്മാർ?
സമാധന പൂർണമായ ഐശ്വര്യ പൂർണമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ അതിവേഗം ബഹുദൂരം എന്നൊക്കെ പറഞ്ഞ്‌, പരീക്ഷിച്ചു, തോൽ-വി നുണയുമ്പോൾ “ഇന്ത്യ“ എന്ന രോഗിക്കു നമ്മൾ, അസുഖം അറിയാതെ ചെയ്യുന്ന ചികിൽസ ചെയ്ത അവസ്ത ആവുന്നു. പിന്നെ ഇവർ ചെയ്യുന്നതു, ഒരു പക്ഷെ അവസ്ഥ മാറിയാലൊ എന്നു കരുതി, വീണ്ടും നമ്മളെ പിഴിഞു, ഒരു ഇലക്ഷൻ തട്ടികൂട്ടി നടത്തി, ചിലർ ഭരിക്കാൻ തുടങ്ങുമ്പോൾ നമ്മൾ പിന്നെയും അറിയുന്നു, ഇന്ത്യക്കു കോളറ മാറി, ക്യാൻസർ വന്നിരിക്കുന്നു എന്ന്!!!
ഒരു ഒറ്റപെട്ട ചിന്തകൊണ്ടൊന്നും രാജ്യം രക്ഷപെടുകയോ,നമ്മുടെ സഹോദരങ്ങൾ കൊല്ലപ്പെടാതിരിക്കുകയൊ, സഹോദരികൾ മാനഭംഗപെടതിരിക്കുകയോ ഒന്നുമില്ലാ എന്ന ഒരു തിരിച്ചറിവു എനിക്കില്ലാതില്ലാ, എങ്കിലും, ഒരു സമാനഹൃദയമുള്ള ഒരു കൂട്ടായ്ംക്കു ഒരുപാടു ചെയ്യാൻ ആവില്ലേ?
ഒന്നുമില്ലങ്കിൽ വീട്ടിലുള്ള കുഞ്ഞുങ്ങൾക്കു ഗാന്ധിജി എന്നുള്ള ഒരു മഹവ്യക്തി ഉണ്ടായിരുന്നു എന്നും,ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചുക്കാൻ അദ്ദെഹത്തിന്റെ കൈയിൽ ആയിരുന്നുവെന്നും, അദ്ദേഹം “My Experiements with Truth“എന്ന ഒരു മഹത് ഗ്രന്ഥം എഴുതിട്ടുണ്ടെന്നും , അടുത്ത വേനൽ അവധിക്കു നിനക്കു വാ‍ങി തരാം എന്നെങ്കിലും കുറഞ്ഞ്‌ പക്ഷം നമുക്കു പറഞ്ഞു കൊടുത്തൂടെ?