Wednesday, December 28, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 19

കിടപ്പറയുടെ ജനാലയ്ക്കൽ വന്നിരിയ്ക്കുന്ന രണ്ട്‌ മൈനകൾ. പുറത്ത്‌ തോരാത്ത മഴ. മണിക്കൂറുകളായി ആ കിളികൾ ഈ ജനാലപാളിയിൽ അങ്ങനെ ഇരിയ്കുന്നു. ഇടയ്കിടെ കൊക്കുരുമ്മി, തൂവൽ കൂടഞ്ഞ്‌. പിന്നെ ഇതു ഒരു നിത്യ സംഭവമായി അവൾക്ക്‌. ഒരു മാസത്തോളം ഈ കിളികൾ അവൾക്ക്‌ കൌതുകം പകർന്നു. ഒരുദിനം അവൾ അവനോട്‌ പറഞ്ഞു. "നോക്കൂ, ഈ കിളികളെ, എത്ര ദിവസമായി, സ്നേഹത്തൊടെ, ഇവ ഇവിടെ വന്നിരിക്കുന്നു. നിങ്ങളാണെങ്കിൽ, അഞ്ചു മിനിറ്റ്‌ ഒന്നിച്ചിരുന്നാൽ, വഴക്കടിച്ചു പിരിയുന്നു. ഈ പക്ഷികൾ നമ്മൾക്ക്‌ എന്തോക്കെയോ പറഞ്ഞു തരുന്നില്ലേ??"

എന്നും വന്നിരിക്കുന്ന ആൺകിളി ഒന്നാണെന്നും, അവൻ കൊണ്ടുവരുന്ന പെൺകിളി പലതാണെന്നും അവൻ മനസ്സിൽ ഓർത്തു, അവളോടു പറഞ്ഞില്ല, അഞ്ചു മിനിറ്റാവാൻ ഇനിയും 2 മിനിറ്റു ബാക്കി.

Tuesday, December 27, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 18

ദേവയാനി വിഷമിച്ചിരുന്നു. ഇന്ന് ഇതു മുന്നാം ദിനം, കുഞ്ഞിന്റെ വയറ്റീന്ന് പോക്ക്‌ തുടങ്ങിയിട്ട്‌. വാടി തളർന്ന ആ കുഞ്ഞിനെ മടയിൽ വച്ച്‌ അവൾ ആ ചേരിയിലേ കൂരയിലിരുന്നു.

ദേ.... വാർഡ്‌ മെംബർ സാറു വരുന്നു. അപ്പുറത്തെ സാവിത്രി ഓടി വന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദർശനം പതിവാണു മാസത്തിലൊരിയ്കൽ. കുഞ്ഞിനെ കണ്ടതും അദ്ദേഹം പറഞ്ഞു, “വേണ്ട പോലെ നോക്കാഞ്ഞിട്ടാ, ദേ ഈ ഗ്ലാസ്സിലെ കലക്കവെള്ളമല്ലെ ഇതിനു കുടിയ്കാൻ കൊടുക്കുന്നത്‌? എങ്ങനാ കൊച്ചിനു ദീനം വരാതിരിയ്കാ? വൃത്തിയ്കും വെടിപ്പിനും ഒക്കെ ജീവിച്ചാ ഒരു അസുഖവും വരില്ലാ. പെറ്റാ പോരാ നോക്കാനറിയണം.......”

ദേവയാനി പതിയേ പറഞ്ഞു, "സാറെ, ഈ വെള്ളമൊന്ന് തിളപ്പിച്ച്‌ കൊടുക്കാൻ അൽപം മണ്ണെണ്ണ വാങ്ങാൻ ഒരു 10 രുപാ കിട്ടിയാ.......

“അതിനല്ലേ, അടുത്താഴ്ച ചേരിയിലു പുതുതായി ചികിൽസ കേന്ദ്രം വരാൻ പോണേ, അവിടെ കൊണ്ടു പോയി കാട്ട്‌, മരുന്നു കൊടുത്താ മാറണതാ ഈ വയറുദീനം“ മെമ്പർ സാറു പടിയിറങ്ങി.

Monday, December 26, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 17

ശൂന്യത.

Tuesday, December 20, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 16

ശേഖരൻ ബസ്സ്‌ സ്റ്റാൻഡിലെത്തി, കുറച്ച്‌ ദിവസമായി, റോസി പിടികിട്ടാതെ കിടന്ന് ചുറ്റിത്തിരിയുന്നു. അടുത്തേയ്ക്‌ എത്തുമ്പോഴേയ്കും അവൾ, അൽപം മന്ദബുദ്ധിയെങ്കിലും, എണീറ്റ്‌ ഓടി ആ പോലീസ്‌ പോസ്റ്റിൽ കയറും. ഇന്നതിനാണു ജ്യൂസ്‌ കട ചെക്കനു 10 രുപ "ടിപ്പ്‌" കൊടുത്ത്‌ 4 ഗുളിക കലക്കിക്കുന്നത്‌. അവളെന്നും ഒരു ജ്യൂസ്‌ കുടി പതിവാണു രാത്രി 7 ആവുമ്പോ.

പാതിരാവായപ്പോ ശേഖരനെത്തി.

ഉം... അവളവിടത്തന്നെയുണ്ട്‌. കാൽപെരുമാറ്റം കേട്ടിട്ടും ചുമച്ചിട്ടും അവളറിഞ്ഞില്ല്ലാ. 10 രുപ ഫലിച്ചു. എറുമ്പരിച്ച ബിരിയാണി കവർ കാലുകൊണ്ട്‌ മാറ്റി, അവൻ അവളെ പതിയെ പൊക്കിയെടുത്ത്‌, ജവഹറിന്റെ വിറകുപുര ചായിപ്പിലെയ്കു എത്തിച്ചു. കെകൾ അവളെ പരതുമ്പോൾ, ഒരു പന്തിയല്ലാത്ത മരവിപ്പ്‌ അവനു തോന്നി.

പത്തു രുപയ്കു തരപെടുന്ന ബലാൽസംഗത്തെക്കാൾ ഗുണം 25 രൂപയുടെ ബിരിയാണിയ്കു കിട്ടുന്ന മുക്കാൽ പവൻ മാലയാണെന്ന് മറ്റൊരു “ബുദ്ധിമാനു“ തോന്നിയിട്ടുണ്ടാവണം.

----
വേറേ ഒരു ബുദ്ധിമാൻ, ഒരു അന്ധയായ, മന്ദബുദ്ധി സ്ത്രീയേ,വീടിനു ദൂരെയുള്ള പറമ്പിൽ പൊക്കി കൊണ്ടു പോയി ബലാൽസംഗം ചെയ്ത വാർത്ത ഈടെ ഏഷ്യാനെറ്റ്‌ കാണിച്ചിരുന്നു. ഏവൂരാൻ ചോദിച്ച പോലെ, നമ്മുടെ സമൂഹത്തിനിതെന്തുപറ്റി???എനിക്കു കരയണം.

Monday, December 19, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 15

പെട്ടന്നാണു ശ്രീകുമാറിനു ഫോൺ വന്നതു നാട്ടീന്ന്. അടുത്ത മാസം വരെയുള്ള കാത്തിരിപ്പു അവസാനിപ്പിച്ച്‌ മൃദുല 3 ആഴ്ച മുമ്പേ പ്രസവിച്ചു, ആൺകുട്ടി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഓടി നടന്ന് എല്ലാരേയും വിളിച്ചു അറിയിച്ച്‌, സീറ്റിൽ വന്നിരുന്നപ്പോ ഞായറാഴച പോകേണ്ട ഫ്ലൈറ്റ്‌ ടിക്കറ്റ്‌, മേശപുറത്തിരുന്നു അവനെ നോക്കി പറഞ്ഞിട്ടുണ്ടാവണം, "ഞാൻ എന്തായാലും, രണ്ടാഴ്ച മുമ്പ്‌ എത്തും, നിൻ അരികിൽ ഞാനുണ്ടാവും, കുഞ്ഞിനെ എന്റെ കൈയിലാവും നേഴ്സ്‌ ആദ്യം തരിക, നീ ഉതിർത്ത മുത്തത്തിന്റെ ചൂടോടെ", എന്നിട്ടപ്പഴോ?

ദൈവത്തിന്റെ തീർപ്പുകളിൽ, നമ്മുക്കു ഇടപെടാനാവാത്ത വിധം പഴുതടയ്കപെട്ടിരിക്കുന്നു. When to give and when to take, HE KNOWS BEST.

---
ഉറ്റ സുഹൃത്തിനു കുഞ്ഞുണ്ടായി. ഇതവനു വേണ്ടി, ഈ പതിനഞ്ചാമൻ.

ഇതു ഞങ്ങൾടെ രവിപുരത്തെ ഗോവിന്ദൻ


ഇതു അതുല്യേടെ രവിപുരത്തെ അമ്പല പിന്നാലേ താമസിച്ച വാടക വീടിന്റെ മുമ്പിലെത്തിയ ഗോവിന്ദനും, പപ്പാൻ ഗോപാലക്ര്ഷ്ണനും. വളരെ ചുറു ചുറുക്കുള്ള കുട്ടി കുറമ്പൻ, രവിപുരം ഗോവിന്ദൻ. എന്നും ഈ ഇടവഴിയുലൂടെ കുട്ടികൽക്കു നേരമ്പോക്കായി അമ്പലത്തിൽ എത്തിപെട്ടതു മുതൽ അവൻ ഇവിടെ വന്നിരുന്നു.

പിന്നൊരു ദിനം.......... അവൻ അതു ചെയ്തു........,പപ്പാൻ ഗോപാല..നെ....
ഓഫീസിനു പോകുംവഴി വളഞമ്പലത്തെ ആൾക്കുട്ടം കണ്ട്, കാര്യം തിരിച്ചറിഞ അതുല്യ, അന്ന് എന്നല്ലാ, മൂന്നു നാലു ദിനം പിന്നെ വളഞമ്പലം വഴിയും ഓഫീസിലും പോയില്ലാ. ക്ര്ത്യമായിട്ട് പറഞാ, 2003, ജനുവരി 22, ബുധനാഴ്ച്ച. ഈ ഫോട്ടോ എടുത്തത്, വളഞമ്പലം മുക്കിലേ രത്നാ സ്റ്റുഡിയോ രാഘവൻ.

പെട്ടന്ന് എഴുതി തീർത്ത കഥ - 14

ഏതു സമയവും അടിച്ചുത്തുടച്ചു പൊടിതട്ടി, കൈയിൽ ചൂലും തുണിയുമായ്‌ വിശാലമാമി ചുറ്റി തിരിയും. ഫ്ലാറ്റിലെ ടെറസ്സ്‌ പോലും വാച്ച്മ്മാന്റെ കൂടെ പോയി നിന്ന് കഴുകിയ്കുന്നതു കാണാം. എണീറ്റവഴിയ്കു അനന്തനയ്യരുടെ കൈയിൽ തുണി കൊടുത്ത്‌ വിടും, കാറും സ്കൂട്ടറുമൊക്കെ തുടയ്കാൻ. ഫ്ലാറ്റിലെ പരിചയം തന്നെ, "അന്ത തുടച്ചുപോടറ മാമി വീട്‌ താനേ..... A/ 29 താൻ..

വിശാലമാമിയ്കു ക്ഷമകെട്ടു. ആ കോയമ്പത്തൂരീന്ന് വരുന്ന പച്ചക്കറിക്കാരി വന്നാ, കൂട്ടാൻ നിശ്ചയിയ്കാമയിരുന്നു. നല്ല കിളിന്തു പച്ചക്കറിയും കിട്ടും, “ഇനി മേലാൽ ഫ്ലാറ്റിലെ വരാമേ ആക്കി വിടുവേൻ എന്ന്“ , ഭർത്തവിന്റെ സെക്രട്ടറി സ്ഥാനം കൊണ്ടുള്ള അഹന്ത വച്ചു പറഞ്ഞാ ആ പാവം, ചൊടിച്ചാലും, നഷ്ടപെട്ടാലും, പച്ചക്കറി വലിചെറിഞ്ഞു പോകും, "ഇന്താങ്ക, എടുത്ത്‌ വയ്ങ്കോ മ്മാ"

ചീര....പച്ചക്കറി.....വെണ്ടയ്ക.....കത്രിയ്കാ...... ഒക്കത്തിൽ മൂക്കോലിപ്പുള്ള കൈ കുഞ്ഞുമായി, ചെളിപുരണ്ട ചേല ചുറ്റി, മഴയിലൊലിച്ചു പപ്പാത്തി, വിശാലമാമീടേ ഫ്ലാറ്റിലെത്തി. "അമ്മാ, കൊഞ്ചം കാപ്പി തണ്ണി കൊടമ്മാ, തണുപ്പു താനെ...കെക കാൽ വളയലേ മ്മാ...

"ഇപ്പോ താൻ ഗ്യാസ്‌ സ്റ്റൌവ്‌ എല്ലാം തുടച്ചു പോട്ട്‌ വന്തേൻ, ഇനി അതു ഒനക്കാക മെഴുക്ക മുടിയാത്‌, പച്ചക്കറി കുടുത്തു നീ ഒൻ വേലയേ പാരു.... ദാ, അന്ത കുഴന്തെ, മുക്കുവിടറാൻ പാരു, നീ അതെയ്‌ കൈയാലെ തുടച്ചാ, സോപ്പു പോട്ട്‌ കഴുവി, അപ്രമാ, പച്ചക്കറിയെടുത്ത്‌ വയ്യ്‌". പക്ഷെ, ഇതൊന്നും ചെവി കൊള്ളാതെ, പപ്പാത്തി ചെക്കന്റെ മൂക്ക്‌ പിഴിഞ്ഞു ചേലയിലാക്കി, ചേലതുമ്പ്‌ അരയിൽ തിരുകി.

അമ്മാ, കൊഞ്ചം ചൂടു തണ്ണീ.... പിന്നെയും പപ്പാത്തി കെഞ്ചി....

“മുടിയാത്‌ ചൊന്നേൻ, പുരിയലയാ?? ഒൻ പുള്ളെയേ തൂക്കി മടിയിലേ വയ്യ്, ദാ പാരു, അവൻ അന്ത അഴുക്കു കാലൈ പോട്ടു ചുത്തറാൻ, ഇനി മേലാൽ ഇന്ത സാധനത്തെ വാച്ചുമാൻ റൂമിലേ വച്ച് തുലച്ചൂട്ട് കേറി വാ” വേഗം പച്ചക്കറി വച്ചു തുലച്ച്‌ പോ, “ഒന്നോട്‌ പച്ചക്കറി കെട്ടിന മൂട്ടതുണിയേ പാത്തയാ, അഴുക്കുമണ്ടി, അതു വച്ചയിടം മുഴുവൻ, ഫിനോയിൽ വിട്ട്‌ കഴുവി താൻ കുളിയ്ക പോണം“, വിശാലമാമി സ്വരമുയർത്തി.

അൽപം നീതി അയ്യാസാമി വഴി കിടയ്കുമെന്ന നപ്പാശൈ കൊണ്ടാവണം, പപ്പാത്തി കണ്ണുകൾ അയ്യാസാമിയ്കു നേരെ നീട്ടയതു...

"വിശാലം.. ഹീറ്റർ പോട്ട്‌ തണ്ണി ചൂടായിരുക്കും ഇപ്പോ, നാൻ കുളിച്ചൂട്ട്‌ വരേൻ, അന്ത വേല കഴിയുമേ............ അയ്യാസാമി വഴി മാറി അകത്തേയ്ക്‌ നടന്നു.

പപ്പാത്തി, ചെക്കനെ ഒക്കലാക്കി, പച്ചക്കറി ചാക്ക്‌ തലയിലേറ്റി തിരിച്ചു നടയ്കുന്നതിനിടയിൽ, വാച്ചുമാനോടു പറഞ്ഞു, " നെഞ്ചുക്കുള്ളെ ഒപ്പിന അഴുക്കേ കളയ ഫിനോയിലുക്കു മുടിയുമാടാ തമ്പി? അന്ത വിശാല മാമിയ്കിട്ടെ ....

Sunday, December 18, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 13

നാളത്തേയ്കുള്ള അലാറം വച്ചു കഴിഞ്ഞു പുതപ്പിനുള്ളിലെയ്കു കുടിയേറും മുമ്പ്‌, അവൻ പറഞ്ഞു, "നീ ഓർക്കുന്നോ, നമ്മൾ പണ്ടു പറഞ്ഞിരുന്ന ആ അഗ്രഹത്തെ കുറിച്ച്‌?

"ഉം.... വീടിന്റെ ഭാഗം വയ്പ്‌, പിന്നെ ലോണിന്റെ തത്ര പാട്‌, കാശിന്റെ ഞെരുക്കം, എന്നിട്ടെന്താ..? അനിയനു തറവാടു കൊടുത്തിട്ടും, ദേ.. അമ്മയിപ്പോഴും നമ്മടെ കൂടെ... ഇനി ദയവു ചെയ്ത്‌ ഒന്നും ആഗ്രഹിച്ചേയ്ക്കല്ലേ.....

ഒന്നര വയസ്സുകാരി, ധൂളിയിൽ കിടന്ന നിള ഒന്ന് അനങ്ങി, ഒരു പക്ഷെ പ്രതിഷേധമറിയിച്ചതാവാം.

Saturday, December 17, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 12

ദേ, അപ്പൂ, പതുക്കെ, അമ്മേടെ കൈ പിടിച്ച്‌,, നീ ഈ തിരക്കു കാട്ടിയതാ ഇപ്പോ വീണേ... ഓ.. നിനക്കു ഇപ്പോ എന്നെ വേണ്ടാതായീ, ദേ, നോക്കിയെ, ഉണ്ണി ഒറ്റയ്ക്‌ നടക്കൂണു. പിന്നെ കൈപിടിച്ചു എഴുതി, അ, ആ.... നീ മിടുക്കനാ, വേഗം പഠിച്ചൂലോ, അമ്മ പഠിപ്പിച്ചതിലും വലിയ വാക്കാ ഉണ്ണിയിപ്പോ പറയണേ. പിന്നെ അവനൊരുദിനം ആ കറവക്കാരന്റെ സൈക്കളീന്ന്..... എന്നിട്ടിപ്പ്പ്പൊ ആ അപ്പുവാ, ബൈക്കിലു അച്ഛനേം വച്ച്‌.... ഒക്കെ ശരിയാ, വിമാനം കേറീപ്പോ ഞാൻ പറഞ്ഞതാ , വെള്ളക്കാരിളോന്നും നമുക്കു വേണ്ടാ, ആ ശങ്കരമാമന്റെ മോളേ... അമ്മയ്കു പിണക്കമൊന്നൂല്ലാട്ടോ, പക്ഷെ വിവരത്തിനു ഒരു എഴുത്തെങ്കിലും ഇടയ്കിട്ടൂടെ നിനക്ക്‌? നിന്നെ ഒന്ന് കാണാന്നും കരുതിയിരുന്നിട്ട്‌, ദേ ഇപ്പ്പ്പോ അച്ഛൻ പറയണൂ, നീ അവളെടെ നാട്ടിലു പോയീന്ന്, എനിക്കു സഹിക്കണില്ല്യാ അപ്പൂണ്ണീ, നീ ഒന്ന് വിളിക്കെങ്കിലും ചെയ്യോ അവിടെ എത്തിയാ, എത്ര നാളാന്ന് കരുതിയാ ഇങ്ങനെ കാണാണ്ടേ.... മയക്കത്തിനിടയിൽ, കണ്ണീർ അവളുടെ മിഴികോണിലൂടെ തലയിണയിലേയ്കിറങ്ങി.

അവളുടെ മിഴികൾ പാതി തുറന്നു. തലയിണലേയ്കു വീണ ആ കണ്ണിരു മാത്രമായിരുന്നു അവൾക്കു അപ്പു ബാക്കി വച്ചു പോയ സത്യം. ഇടയിലെപ്പോഴോ, നെറ്റിയിൽ തലോടി, ഡോക്ടർ അവളെ ആശ്വസിപ്പിച്ചു.. ഒന്നു രണ്ടു അലസലും. ഡീ ആൻഡ്‌ സീയുമൊക്കെ ഇപ്പോ സാധാരണ........

------
ഇബ്രുവിന്റെ അമ്മയും, കുമാറിന്റെ അപ്പുവും, ഒരുമിച്ച് മനസ്സിലേയ്ക്കു ....

Thursday, December 15, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 11

തലയിണയിൽ മുഖമടച്ചു തേങ്ങി കരയുന്ന അംബുജം, രണ്ടു കൊല്ലം മുമ്പു, ജോസപ്പൻ എന്ന ചെറുപ്പക്കാരനോട്‌ വഴിവക്കിൽ നിന്ന് കത്തു കൈമാറിയതിനു പിറ്റേന്ന്, കുംഭകോണത്തിലെ പാട്ടിയമ്മയുടെ അടുത്തേയ്കു വണ്ടി കയറ്റി വിട്ടതും, മാനകേടിനേക്കാൾ നല്ലതു, 40 വയസ്സായ വിശ്വമാണെന്നും കരുതി, കല്യാണംകഴിച്ചു വിട്ട പഴയ നാളുകളെ കുറിച്ചോർത്തു.

കാൽപെരുമാറ്റം കേട്ടു മുഖമുയർത്തിയ അംബുജത്തിനരികിലെത്തി,കമലമാമി ഒച്ചവയ്കാതെ പറഞ്ഞു, "നീ അന്ത മുക്കുത്തിയെ കളറ്റി വയ്‌, പൊട്ടെയും കലച്ചു വിട്‌, ഇന്നയ്കു മുന്നാം നാൾ, വിശ്വം ഉശിരു വിട്ടിട്ട്‌. 20 വയസ്സാന ഉന്നെ ഇന്ത കോലത്തിലെ പാരുക്ക എന്നാലേ മുടയലൈടീ അംബുജം." "ക്യാൻസറെന്നു ചൊല്ലാമ നമ്മളെ ഏമ്മാത്തി വിട്ടാടി, ഒരു നാ കൂട ശരിയാ വാഴാമ നീ ... കമലാമാമി കണ്ണിരൊഴുകിയത്‌ ചിന്നാളംപട്ടു പുടവതുമ്പിൽ ഒപ്പിയെടുത്തു.

മൂക്കുത്തി തിരുക്‌ തിരിച്ചൂരി എടുക്കുമ്പോൾ ഒരുപക്ഷെ അംബുജം ജോസപ്പന്റെ കുറിച്ചു വീണ്ടും ഓർത്തിരിക്കുമോ? അല്ലാ, അപ്പാവുക്കു മാനക്കേടുണ്ടാക്കതെ താൻ നേടി കൊടുക്കത്ത മനസ്സമാധനത്തെ കുറിച്ചോ?

Wednesday, December 14, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 10

രുക്മിണി പതിയെ, തന്നെ പൊതിഞ്ഞിരുന്ന പുതപ്പു മാറ്റി എണീറ്റിരുന്നു. ഉറക്കമെണീറ്റുന്ന് പറയാൻ കഴിയില്ലാ, കാരണം ഉറക്കമവളെ ഉപേക്ഷിച്ചിട്ട്‌ ഒരുപാടുനാളായിരുന്നു. അവൾ പുറത്തേയ്ക്‌ ഇറങ്ങി. ഇന്നും കൂടി ചാണകം മെഴുകി കോലം വരയ്കാം. ഇനി നാളൈ മുതൽ അവളുണ്ടാവില്ലല്ലോ ആ വീട്ടിൽ. തണുത്ത വെള്ളം കാലിൽ വീണു. അൽപം അവളുടെ ദാവിണിയിലും. കോലങ്ങളുടെ കുത്തുകളിലോന്നും അവളുടെ മനസ്സ്‌ ഉറച്ചു നിന്നില്ല. അവനു കൊടുത്ത വാക്ക്‌, അതാണുവളുടെ മനസ്സു നിറയേ. ഇഴകളൊക്കെ, ഒരു വിധം കോർത്തു, കോലം മതിയാക്കി, അവൾ കോലപൊടി ഡപ്പ അടച്ചു തിണ്ണയിൽ മാറ്റി വച്ചു.

ചുവന്ന രിബ്ബൺ കൊണ്ട്‌ മുടി ഇറുക്കി പിന്നി, അൽപം പൌഡർപൂശി, അവൾ ഒരുങ്ങി. ആണിയിൽ തുക്കിയിരുന്ന തോൾബാഗെടുത്ത ശേഷം അവൾ ആ വീടിന്റെ പടികളിറങ്ങി. മനസ്സു മുഴുവൻ ഒരാന്തലായിരുന്നു. വീണ്ടും ഒന്നു കൂടി അകത്തേയ്കു കാലു വച്ചു ചുറ്റും നോക്കി, അമ്മ, പാട്ടി, തമ്പി ചിന്നദുരൈ, എല്ലാരേയും വിട്ട്‌ ദൂരേയ്കുള്ള യാത്ര. ഇനി ഒരു തിരുച്ചു വരവുണ്ടാവുമോ? വന്നാൽ ഇവർക്കെന്നെ താങ്ങാനാവുമോ?

അവൾ നടന്നകന്നു. ആറു മണിയാവുമ്പോഴെയ്കും റെയിൽ-വെ സ്റ്റേഷനിലെത്തണം. കൽക്കട്ടയിലെ പഞ്ചമി മേളകഴിഞ്ഞുള്ള അതീവ ജനതിരക്കുണ്ടാവും,ഈ ട്രൈയിനിൽ. ജനറൽ കമ്പാർട്ട്മെന്റിലേ തിരക്കുള്ള ബോഗിയിലാണവൻ കേറാൻ പറഞ്ഞിട്ടുള്ളതു. തോൽബാഗുമായി അവൾ, സ്റ്റേഷന്റെ കോണിയിറങ്ങി, പ്ലാറ്റ്‌ ഫോമിൽ കാത്തു നിന്നു. ജീവിതം മാറ്റി മറച്ചു കൊണ്ടുള്ള യാത്രയ്കായി. .

ട്രെയിൻ ചൂളം വിളിചു കിതചെത്തി. അവൾ പതിയെ, തണുപ്പുള്ള ഇരുമ്പു വളയത്തിൽ പിടിച്ചു അകത്തെയ്കു കേറി. ദാവണിയും, ഇറുക്കി പിന്നിയ മുടിയും കനകാംബരവുമൊക്കെ കണ്ടിട്ടാവണം, ബോഗിയിലെ, നടവഴിയിൽ നിന്ന ആരോ പറഞ്ഞു, “ എന്ത പൊമ്പളൈയ്കു ഒരു സീറ്റു കുടുങ്കപ്പാ നീങ്ക, കാലയിലെ പഠിക്കപോറ പാരു പാവം.“ അവൾ പതിയ തിരക്കിലൂടെ അകത്തു കിടന്ന് ഓരത്തു കിട്ടിയ സീറ്റിൽ പതിഞ്ഞും പതിയാതെയും ഇരുന്നു.

അവൾ ഓർത്തു, അമ്മ, പാട്ടി, തമ്പി ചിന്ന ദുരൈ, പിന്നെ വിട്ടു പോന്ന, കുറെ കൂട്ടുകാർ, ചിന്നാളം പട്ടു പാവാടകൾ, ബാക്കി വച്ച കുപ്പി വളകളും, ചാന്തും -- ഇനി അവയൊന്നും അവളുടെതാവില്ലാ ഒരിക്കലും. എങ്കിലും, അവൾ ആ ചിന്തകളിലൊന്നും അടിമപെട്ടില്ല. ഒരുപാടു പേരെ കണ്ണീരിലാഴ്ത്തിയാണവൾ അകലുന്നത്‌, പക്ഷെ അതിലെല്ലാമുപരി, അവനു കൊടുത്ത വാക്കു മാത്രമായിരുന്നു മനസ്സിൽ. അവൻ വാക്കു പാലിക്കുമോ? ഈ ചിന്തകൾ അവളെ ഒരു നിമിഷം തളർത്തിയോ? എന്നാൽ, ഇതിനിടയിലെപ്പോഴോ, മാറോടു ചേർത്ത തോൾസഞ്ചിക്കുള്ളിലേയ്കു കൈകൾ താഴ്തി, അവളുടെ വിരലുകൾ ചെറിയ ചുവന്ന ബട്ടണിലമർന്നു.

അവൻ വാക്കുപാലിച്ചിരിയ്കണം, തമ്പി ചിന്ന ദുരെ, ദുഖദിനങ്ങൾക്കിടയിൽ, ആരോ ഏൽപ്പിച്ച അഞ്ചു ലക്ഷം രുപയുമായി അമ്മയോടൊപ്പം ആ ഗ്രാമം വിട്ടു പോയി.

Tuesday, December 13, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 9

അപ്പു അമ്മയേ ഒരുപാടു കളിയാക്കി. ഈ അമ്മയ്കു ഒന്നുമറിയില്ലാ, എല്ലാ അമ്മമാരും, പാരന്റ്‌ ക്വിസിനു വന്നിട്ട്‌ മിക്കവാറും എല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞു. ഇനി അതുകൊണ്ട്‌, അപ്പുനേ ക്വിസീന്ന് മാറ്റി. അതുല്യയ്കു അറിയാത്തത്‌ ഇനി അപ്പൂനു എങ്ങനെ പറഞ്ഞു കൊടുക്കാനാ? എലിസബത്ത്‌ മിസ്‌ അരിശം പൂണ്ടു. 4 ബുക്കു രെഫരൻസിനു തന്നയച്ചിട്ട്‌ അമേരിക്കൻ പ്രസിണ്ടഡിന്റെ പേരെങ്കിലും പറയണ്ടേ? അല്ലെങ്കിൽ ഇന്ത്യൻ വിദേശ കാര്യമന്ത്രീടെ എങ്കിലും? ദേ, ഇതു പോലെ, എല്ലാത്തിനും അപ്പുന്റെ അമ്മ പറഞ്ഞു "അറിയില്ലാ, പാസ്‌...

1956 ൽ അമേരിക്കയിൽ നടന്ന ഒരു പ്രസിദ്ധ സംഭവം" അറിയില്ലാ പാസ്‌....

ടോണി ബ്ലയറിന്റെ അമ്മേടെ പേർ?
"അറിയില്ലാ, പാസ്‌...

ടൈറ്റാനിക്ക്‌ മുങ്ങിയതെന്ന്?
"അറിയില്ലാ, പാസ്‌...

1975 ൽ ആരായിരുന്നു അമേരിക്കൻ പ്രസിണ്ടെന്റ്‌?
"അറിയില്ലാ, പാസ്‌...

ഇറാക്ക്‌ പിടിച്ചപ്പോൾ ആരായിരുന്നു മുഖ്യൻ?
"അറിയില്ലാ, പാസ്‌...

പ്ലേയിൻ കണ്ടുപിടിച്ചതാർ?
"അറിയില്ലാ, പാസ്‌...

ഭൂമിയുടെ ആകൃതി?
"അറിയില്ലാ, പാസ്‌...

മനുഷ്യൻ ആദ്യം എത്തിപ്പെട്ട ഗ്രഹം?
"അറിയില്ലാ, പാസ്‌...


1965ൽ നൊർവീജിയൻ കപ്പലപകടത്തിൽ കൊല്ലപെട്ട മന്ത്രി?
"അറിയില്ലാ, പാസ്‌...

നോക്യയുടെ പുതിയ മോഡൽ മൊബിലിന്റെ നമ്പർ?
"അറിയില്ലാ, പാസ്‌...

അതുല്യ മകൻ അപ്പു നോട്ട്‌ ക്വാളിഫെഡ്‌,
സോറി അതുല്യ, വി എക്സ്‌-പെറ്റട്‌ മച്‌ ബെറ്റർ പർഫോമൻസ്‌ ഫ്രം യു, യു ഡിസപ്പോയിന്റട്‌ അസ്‌.... എലിസബത്ത്‌ ടീച്ചർ പറഞ്ഞു നിർത്തി.

പക്ഷെ അതുല്യ ഒരു ബുക്കിന്റെയും സഹായമില്ലാതെ ഓർക്കുന്ന ചില കാര്യമുണ്ട്‌, ഒരു ഗുഗിൾ സെർചുമിഷീനിലും അന്വേക്ഷിച്ചാലും കിട്ടാത്തവ, 35 കൊല്ലത്തോളം പഴക്കമുണ്ടായിട്ടും, ഇന്നലെ പോലെ അവൾ മനസ്സിൽ സുക്ഷിക്കുന്നവ, ഒരുപാടു സ്ണേഹത്തോടെ :-

1970ൽ എറണാകുളം എസ്‌. ആർ വി സ്കുളിൽ ഒന്നാം ക്ലാസിൽ പഠിപ്പിച്ച ക്ലാസ്‌ ടീച്ചർ ?
ശ്രീമതി നന്ദിനി ടീച്ചർ. അന്നു, ഇന്നു കാണുന്ന ഗ്രാന്റ് ഹോട്ടൽ ഇല്ല.

1970ൽ ഹോർലിക്സു കുപ്പിയുടെ അടപ്പിന്റെ നിറം?
കടും നീല തകരപാട്ടയിൽ തിർത്തതു. അതിലായിരുന്നു, ക്ലാസിലെ ഏക്‌ ഇരട്ട കുട്ടികൾ, (ഗീത, ഗോപി), അവരുടെ അമ്മ, അവർക്കു ഉച്കയ്കു ജീരക വെള്ളം കൊണ്ടു വരാറു.

1973 ൽ, മൂന്നാം ക്ലാസ്സിലെ കണക്കു പഠിപ്പിച ടീച്ചർ ?
ശ്രീമതി ശാരദാംബാൾ. ചൂരലടി ഒരുപാടു കൊണ്ടു, എന്നാലും, എന്നും, "ഹരണം" അന്യം.

5 ക്ലാസിൽ, ഗേൾസ്‌ ഹെസ്കുലെയ്കു മാറി താമസം :
അന്നമ്മ ടീച്ചർ,

ആദ്യമായി അവർ മലയാളത്തിൽ,എഴുതിച്ച കോമ്പോസിഷൻ ?
"സ്നേഹമാണഖിലസാരമൂഴിയിൽ"
ബിജു മേനോന്റെ ചേച്ചി ഉമാ ദേവി എന്റെ ക്ലാസ്സിലായിരുന്നു.
ബിജു ചോറൂണ്ണാൻ, എന്നും വരുമായിരുന്നു. അവൻ അന്നു ഒന്നിൽ.

1979ൽ ക്ലാസ്‌ ടീച്ചർ ?
9ൽ, ശ്രീമതി മാലതി മേനോൻ. തല ചൊറിഞ്ഞാ ചീത്ത പറയും, ആ കെകളിൽ എണ്ണയുണ്ടാവും, ബുക്കിന്റെ പേജു തിരിക്കുമ്പോൾ അതിലാവുമ്ന്ന് പറയുമായിരുന്നു. തലയിലേ ഈരു വലിക്കുന്ന കുട്ടികളേ, ക്ലാസിനു പുറത്തു നിർത്തുമായിരുന്നു. മോഡേർൺ ബ്രെഡിന്റെ ചുവന്ന നീല കള്ളിയുള്ള കവറുകൊണ്ട്‌ പൊതിഞ്ഞ എന്റെ കണക്കു ടെക്സ്റ്റ്‌.

1980ൽ?
പത്താം തരം. നിർമല, സ്കൂൾ ഫ്സ്റ്റ്‌, നിഷി സെക്കന്റ്‌, എനിക്കു ക്ലാസ്‌ മാർക്കുണ്ടായിരുന്നില്ലാ, കണക്കിൽ, 12, ഗ്രൂപ്പ്‌ വൈസ്‌ ആയതു കൊണ്ട്‌ പാസ്സായി.

30 കൊല്ലമായി ഏറ്റവും പ്രിയ കൂട്ടുകാരി? അവരുടെ അമ്മയുടെ പേരു?
ഹേമ, അമ്മയുടെ പേരു ലക്ഷ്മി. പിന്നെ ഒരുപാടു സ്നേഹം കാണിച്ച സ്ത്രീ, രാധമ്മ. ഇപ്പ്പ്പോ വയസ്സ്‌ 90.

ആദ്യം സാരിയുടുത്ത ദിനം?അന്നുണ്ടായ സങ്കടത്തിനു കാരണം?
1985ൽ, ഫൈനൽ ഇയർ ഡിഗ്ഗ്രിയ്കു അവസാന ദിവസം. മഞ്ഞ ചെനീസു സിൽക്‌. മുട്ടറ്റമുള്ള മുടി, നാദിയ മൊയ്തു "നോക്കത്ത ദൂരത്തു .... ൽ കൈട്ടിയ പോലെ കെട്ടാൻ വാശി പിടിച്ചു, അവസാനം അതു കണ്ടപ്പോ, എരുമ തലയിലാണോ ഇന്നു ചാണകമിട്ടത്‌ എന്നു അക്കൌണ്ടൻസി പടിപ്പിച്ച താടിയുള്ള ചിദംബരം സാർ ചോദിച്ചത്‌.

1985 മാർച്ചു 21നു എന്തു സംഭവിച്ചു?
സർക്കാർ സർവീസിലെ ആദ്യ ദിനം. അപ്പോയിമന്റ്‌ ഓർഡർ കിട്ടിയിയതും അന്നു തന്നെ.

1992 ഫെബ്രുവരി 8നു രാത്രി 10 മണിക്ക്‌ എന്താണു സംഭവിച്ചതു?
25 ദിവസം പ്രായമുള്ള അപ്പുവിന്റെ കിടക്കയ്കരികിൽ നിന്ന്, അവന്റെ ലോഗ്‌ ബുക്കിൽ, "ക്ലിനിക്കലി ഡെഡ്‌" എന്ന എന്റ്രി സർജ്‌. കമാണ്ടർ മൽ-ഹോത്ര എഴുതിയത്‌.

പാസ്പ്പോർട്ട്‌ നമ്പ്ര്?
ബി. 3598956 ഇഷ്യൂട്‌ അറ്റ്‌ കൊച്ചി.

ഈയിടെ സംഭവിച്ച ദുർന്തങ്ങളിലൊന്ന്?
2000, ഡിസംബർ 26നു ഉച്ചയ്കുള്ള വിമാനത്തിൽ ദുബായിലേയ്കു വന്നത്‌.

ഇവയെല്ലാം അതുല്യ ഒരു ബുക്കിലുമെഴുതി വയ്ക്കാതെ, ഇപ്പോഴും നല്ല തെളിഞ്ഞ ഓർമ്മയിൽ സൂക്ഷിയ്ക്കുന്നു. അതങ്ങനെയാണു, ബുക്കിൽ പഠിച്ചവ, ഒരു ജയത്തിനോ, തോൽ-വിയ്കോ, ഒരു മെഡലിനോ, ഒരു ജീവിതോപാധിയ്കോ മാത്രമുതകുമ്പോ. നമുക്കു വേണ്ടവ, സ്നേഹമുള്ളവ ഒക്കെ എത്ര കൊല്ലം പഴക്കമുണ്ടെങ്കിലും,നമ്മൾ ഓർത്തുവയ്ക്കുന്നു.

*****
ഈ കുറിപ്പിനു പ്രചോദനം: ദേവരാഗത്തിന്റെ ക്വിസ് പോസ്റ്റ്‌.

Monday, December 12, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 8

ഗോപനും, ജയന്തിയും അജയനും, മാലിനിയുമൊക്കെ എത്തിയിട്ടുണ്ട്‌, ഒപ്പം കൊച്ചുമക്കളും. ഇടയ്കിടയ്കു മാറിമാറി കട്ടിലിനിരികിൽ എത്തുമ്പോൾ, പലർക്കും പല വ്യാകുലതകുളുണ്ടായിരുന്നു, ഒപ്പം ക്ഷമകേടും. അടുത്താഴ്ചത്തേ മീറ്റിങ്ങുകൾ, കുട്ടികളുടെ പരീക്ഷകൾ, ഒഴിച്ചു വയ്കാതെ വന്ന ഫ്രിഡ്ജ്‌, അപ്പുറത്തെ വീട്ടിലാക്കിട്ടു വന്ന വളർത്തു നായയ്കുണ്ടാവുന്ന പകർച്ച വ്യാധി, റ്റെറസ്സിലെ തുണി, ഒരു പക്ഷെ ഈ അവസരത്തിൽ കൂടിയേക്കാവുന്ന ഡിപ്പാർറ്റ്‌മന്റ്‌ പ്രൊമോഷൻ ബോർഡ്‌, അങ്ങനെ ഒരു പാട്‌ ഉറക്കെ പറയാൻ കഴിയാത്ത ക്ഷമകേടുകളിൽ അവരെല്ലാം ശ്വാസമുട്ടി. അമ്മയാണെങ്കിലിങ്ങനെ, നാലു ദിനമായീ ശ്വാസം വലിച്ചു തുടങ്ങിയിട്ട്‌. ഇനി എന്തെങ്കിലുമങ്ങനെ, സംഭവിച്ചുപോയാലു തന്നെ, അടിയന്തിരം കഴിയാതെ പോവാൻ കഴിയാത്ത അവസ്ഥയും, അതു കഴിഞ്ഞാൽ അച്ഛന്റെ മുഖത്തു നോക്കി," നാളെത്തെയ്കാ ടിക്കറ്റ്ന്നു പറയാൻ...... ആരെങ്കിലും ആദ്യം പറഞ്ഞിരുന്നെങ്കിൽ.......

പക്ഷെ, ദേവയാനിയമ്മയ്കു ഒരുപാടു ക്ഷമയുണ്ടായിരുന്നു, നാലു ഗർഭം, പിന്നെ ഒന്നോ രണ്ടോ അലസൽ, കൈകുഞ്ഞുങ്ങുളുമായി ഉറങ്ങാത്ത രാത്രികൾ, ഒരുപാടു ജലദോഷങ്ങൾ, കരപ്പനുകൾ, പനികൾ, തൊടിമുഴുവൻ അലഞ്ഞുതിരിഞ്ഞു കഷായത്തിനു വേരുതേടിയ ഉച്ചകൾ, സ്കൂളിലെയ്ക്കു നടന്നകേറിയ ദൂരങ്ങൾ, മഴകാലത്ത്‌ നനഞ്ഞ വിറകുമായി പൊരുതിയ ദിനങ്ങൾ, പരീക്ഷ വരുമ്പോ ഉപവസിച്ച്‌ ഒരുപാടു വിശന്നിരുന്ന രാത്രികൾ, പിത്രുക്കൾക്കായി ശ്രാദ്ധമൊരുക്കി മെനക്കേട്ട ദിനങ്ങൾ, ഉത്സവത്തിനു എത്തുന്ന ബന്ധുക്കളുടെ തിരക്കുകൾ, എല്ലാരുടെയും കല്ല്യാണ കോലാഹലങ്ങൾ, പെണ്മക്കളുടെ പ്രസവങ്ങൾ, പിന്നെ പിരിഞ്ഞു നിന്ന മക്കളുടെ കത്തുകൾക്കായിയുള്ള നീണ്ട കാത്തിരുപ്പുകൾ....... അമ്പതു കൊല്ലത്തോളം നീണ്ടു നിന്ന ക്ഷമ.

ഒരുപക്ഷെ, ദേവയാനിയമ്മയ്കു കണ്ണുതുറക്കാനായില്ലെങ്കിലും, അവസാനമായി വിടുന്ന ഈ ശ്വാസങ്ങളില്ലൂടെ, അവർ എല്ലാരോടും ക്ഷമയോടെ തന്നെ യാത്ര ചൊല്ലുന്നുണ്ടാവും.

Saturday, December 10, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 7

ശിവൻ നടത്തത്തിന്റെ വേഗത കൂട്ടി. 6 മണിക്കു ഡോക്യുമെന്ററിക്കാരു വരും. അതിനു മുമ്പ്‌ ഷാരടി മുക്കിൽ എത്തണം. കഴിഞ്ഞാഴ്ച വേറോരു അഭിമുഖം. ഇനി നാളെ ഫോട്ടോ സെഷൻ. അതു കഴിഞ്ഞിട്ടു മുടി വെട്ടിയാ മതി എന്നാണവർ പറഞ്ഞത്‌. വീക്കിലിക്കു വേണ്ടി വരുന്നവരോട്‌ ശിവൻ പറഞ്ഞിട്ടുണ്ട്‌ ഇനി എഴുതുമ്പോ, തിരിച്ചു വായിച്ചു കേപ്പിക്കണമെന്ന്.

പിന്നോട്ടു വലിഞ്ഞെറിങ്ങിയ ചാക്കിന്റെ പിടി മുന്നോട്ട്‌ വലിച്ചുകേറ്റി ശിവൻ നടന്നു തുടങ്ങിയപ്പോൾ, തകരസാധനങ്ങളും, പ്ലാസ്റ്റിക്കും തരം തിരിച്ചു മാറ്റി വച്ചു പോകാൻ ഗോവിന്ദൻ മുതലാളി പറഞ്ഞാലോ എന്ന ചിന്തയായിരുന്നു അവന്റെ മനസ്സിൽ.

Thursday, December 08, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 6

ധരിണിക്കു ഏറ്റവും ഇഷ്ടപെട്ടതു നൈയിൽ പോളീഷായിരുന്നു, അതും കടുത്ത നിറങ്ങളുള്ളവ. കടും ചുവപ്പു നിറം തന്നെ അവനും തിരഞ്ഞെടുത്തു നഖങ്ങളിൽ പുരട്ടി. കണ്മഷിയില്ലാത്ത അവളുടെ മുഖം സങ്കൽപ്പിക്കാൻ പോലും കഴിയില്ല അവനു. അൽപം സമയം കൂടുതൽ എടുത്തുവെങ്കിലും, അതും അവൻ ഭംഗിയായി അവളുടെ കണ്ണുകളിൽ എഴുതി. ഗോപി പൊട്ടേ അവൾ തൊടൂ, അതു തൊടുവിച്ചു, ഒപ്പം അൽപം കുങ്കുമവും ആ നെറ്റിക്കു മുകളിൽ.

മാധവനമ്മാവൻ ഇടയിൽ അവനോടു പതിയ പറഞ്ഞു, "ആ കഴുത്തിലെ ആഴ്ന്ന പാടിൽ അൽപം കൂടുതൽ പൌഡറിടു, അല്ലെങ്കിൽ ഇനി അതു കാണുമ്പോ നിന്റെ അമ്മയ്ക്‌..........

Wednesday, December 07, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 5

അവൾ അഴുക്കു പുരണ്ട കർട്ടൻ അൽപം മാറ്റി പുറത്തേക്ക്‌ നോക്കി, സന്ധ്യ മയങ്ങി, 7 മണിയായിക്കാണും. അവൾ മനസ്സിൽ കരുതി.

അവൻ നൂറു രുപാ നോട്ട്‌ അവളുടെ കൈകളിൽ തിരുകുമ്പോൾ, അൽപം സ്വരം ഉയർത്തി തന്നെ പറഞ്ഞു, "ആ കള്ള കഴുവേറീട മോൻ കരുണൻ പറ്റിച്ചതാ, സഞ്ചീലിരിക്കുന്ന ഒടിഞ്ഞു വാടിയ ചീര പോലത്തെ, ഈ നിന്നെ എപ്പിച്ചേച്‌ അവൻ മുങ്ങി. ഈ നൂറു രുപാ ഒരുപാട്‌ അധികമാ". അവൻ ഒരുപാടു അമർഷം പൂണ്ടു. പിന്നെ, ഷൂവിന്റെ വള്ളികെട്ടി, മുടിയോതുക്കി, വട്ടചീപ്പുപോക്കറ്റിലിട്ട്, പുറത്തെക്കിറങ്ങാൻ വാതിൽക്കൽ എത്തി.

അവൾക്ക് തലയ്ക്കു ഒരുപാടു ഘനം തോന്നി. എണീറ്റ്, ചെളിപൂണ്ട റബ്ബർ ചെരുപ്പ്‌ കാലിൽ തിരുകി. ഒരു പക്ഷെ വീഴുമോ എന്നു വരെ അവൾക്കു തോന്നി. പതുക്കെ അവന്റെയടുക്കൽ എത്തി, നൂറു രുപാ തിരിച്ചേൽപ്പിക്കുന്നതിനിടയിൽ അവൾ പറഞ്ഞു, "നാളെ സാറു രാവിലെ നേരത്തെ വാ, കരുണൻ ദുഷ്ടനാ സാറെ, പത്തെന്നാ വെപ്പ്‌, 5 മണിക്കു തീർന്നതാ, പനിയാണെന്നു പറഞ്ഞിട്ടു പോലും ഇറങ്ങാൻ ഒത്തില്ല. പിന്നേം വന്നു രണ്ട്‌ ഏമാന്മാരു. പിന്നെ ദാ ഇപ്പോ സാറും". അവൾ മുറി പൂട്ടി, താക്കോലുമായി അവനൊപ്പം ഇറങ്ങാനൊരുങ്ങി. പക്ഷെ, ഇടയിൽ അവൻ പതിയെ പറഞ്ഞു, "എന്റെ ഒട്ടോ പോയിട്ട്‌ നീ പുറത്തിറങ്ങിയാ മതി".

കമ്പികൊളുത്തിലെ മീൻ പോലെ അവൾ, കൊളുത്തികിടക്കുമ്പോ നെരിപ്പോടിൽ തീവ്രമായ ചങ്കു പൊളിയുന്ന വേദന. കൊളുത്തൂരിയാ പിടഞ്ഞുള്ള മരണം.

Tuesday, December 06, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 4

ഇനി അവൾ എന്നും തനിച്ചാവും യാത്ര. യാത്രയിൽ എന്നു മാത്രമല്ലാ, ജീവിതത്തിലും. ട്രെയിൻ യാത്രയിലാണവൾക്കവനെ കിട്ടിയതും, ഒരാറു മാസം മുമ്പു. പിന്നെ അവൻ അവളെ കൂടെ കൂട്ടി. ഒന്നിച്ചവർ യാത്ര ചെയ്തു, ആദ്യം ബസ്സിലും, പിന്നെ ട്രെയിനിലുമൊക്കെ മാറി മാറി ജോലിസ്തലത്തേക്ക്‌. ചിലപ്പൊ അവൾ അവന്റെ തോളിൽ തലചായ്ചു ജോലിസ്തലമെത്തുവോളം, ചിലപ്പോ ഒരു പേപ്പർ ഒന്നിച്ചു വായിചു യാത്രക്കിടയിൽ, അല്ലെങ്കിൽ ഒരു ചായ വാങ്ങി രണ്ടു പേരും പാതി പാതി കുടിച്ചിരുന്നു.

ഇന്നും, അവർ ഒന്നിച്ചായിരുന്നു. ഈ റയിൽ പാത മുറിച്ചു ബസ്റ്റോപ്പിൽ എത്തുവാൻ ഒരുങ്ങി പുറപ്പെട്ട അൽപ നിമിഷം മുമ്പു വരെ.

Monday, December 05, 2005

കാണാൻ നല്ലതു കായോ പുഴുവോ

Thursday, December 01, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 3

അമേരിക്കയിലു ഭർത്താവിനോപ്പം എത്തിയ ശേഷം എന്നും ഉഷ കരഞ്ഞിരുന്നു. പ്രകാശൻ അവളെ എന്തിനും ഏതിനും ഒരുപാടു ചീത്ത പറഞ്ഞിരുന്നു, മുടിയിൽ ഇത്ര എണ്ണ വേണ്ട, വെള്ളം കുടിക്കുമ്പോൾ ഒച്ച കേപ്പിക്കല്ലേ, ചെരുപ്പിട്ടു വീട്ടിൽ നടക്കു, ഈ സെറ്റ്‌ മുണ്ടൊക്കെ മാറ്റി, റ്റൈറ്റ്‌-സു മതി വീട്ടിൽ, യെസ്‌ യെസ്‌ ന്നു പറയാതെ, യെപ്‌ യെപ്‌ ന്നു പറയൂ, തൈരു കൂട്ടി കൈകൊണ്ടു കുഴച്ചു അളി പിളി ആക്കി, വിരലുകക്കിടയിലൂടെ ചാടിച്ചു നക്കി തുടച്ചു ഉണ്ണല്ലേ, സ്പൂൺ വച്ചു ഉണ്ണൂ, എരിവു കൂടുമ്പോൾ, ഈശ്‌.... ഈശ്‌.. എന്നു ഒച്ച വെക്കല്ലേ, ഈ കോപ്രായം ഒക്കെ നിർത്തൂ. അങ്ങനെ പലതും കേക്കുമ്പോൾ അവൾ കർട്ടനു പിന്നിൽ നിന്നു തേങ്ങി കരയും. എല്ലാം മെല്ലെ ശരിയാക്കാം, എന്നാലും, തൈരും, അമ്മ തന്ന കടുമാങ്ങയും ചോറും കുഴച്ചു ഉണ്ണാതേ എങ്ങനെയിരിക്കും? അന്നൊരുദിനം, പ്രകാശൻ ഉറങ്ങിയ ശേഷം, അവൾ അടുക്കളയിൽ വന്നു, പതുക്കെ തട്ടത്തിൽ ചോറിട്ട്‌, തൈരു കമത്തി, കടുമാങ്ങ കൂട്ടി, ആരെയും പേടിക്കാതെ, നക്കി തുടച്ചു, ഒരുപാട്‌ ഈശ്‌... ഈശ്‌.... ശബ്ദത്തോടെ, അവളുണ്ടു വയറു നിറയേ. ഉറങ്ങി കിടക്കുന്ന പ്രകാശൻ ഈ ശബ്ദങ്ങൾ ഒന്നും കേട്ടില്ലാ, എല്ലാ ശബ്ദങ്ങളും അവന്റെ കൂർക്കം വലിയിൽ അലിഞ്ഞു ചേർന്നിരുന്നു.