Wednesday, November 30, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 2

ഷയ്ക്ക്‌ അമ്മ പുതിയ പാവാട വാങ്ങിയില്ലാ, അതു മതി ഇപ്പോ. ചെരുപ്പോ? എന്തിനാ ഇപ്പൊ പുതിയതു? പഴയത്‌ തുന്നിയിട്ടാ മതി. അവധിക്കെങ്ങും പോണ്ട നമ്മൾ, നമുക്കാ ചിലവൊന്നും പറ്റില്ല, മെഴുക്കുപുരട്ടിയുണ്ടെങ്കിൽ പപ്പടം കാച്ചിയില്ലാ ആ അമ്മ. അമ്മമ്മയ്കു പിറന്നാളിനു പുതിയ മുണ്ടു വാങ്ങിയില്ല. ഇളയതിനെ ടൂഷനു വിട്ടില്ലാ. ഒരുദിനം പോലും ഹോട്ടലീന്ന് രാത്രി ആഹാരത്തിനു സമ്മതിക്കില്ല. റ്റീവിയുള്ളപ്പോ തിയറ്ററിലു സിനിമയോ? വേണ്ടാ. റ്റീ‍വീലു വരുമ്പോ കണ്ടാ മതി. അഛന്റെ സൈക്കിളു പോലും മാറ്റി വാങ്ങിയ്കാൻ സമ്മതിച്ചില്ല. എല്ലാം എല്ലാം അധിക ചെലവാകും ഉഷയുടെ അമ്മയ്ക്കു. ഒരൊറ്റ ചില്ലി കാശും പാഴാക്കാതെ, എല്ലാമെല്ലാം സ്വരുക്കൂട്ടി അവർ.

പിന്നെ ഒരു ദിനം, ഒരു ഉച്ച കൊണ്ട്‌ സ്വരുകൂട്ടിയതൊക്കെയും ചിലവാക്കി തീർത്തു, ഉഷയും വരനും, ഒരു അംബാസ്സിഡറിൽ കേറി,വടക്കഞ്ചേരിക്കു യാത്രയായി.

Tuesday, November 29, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 1

സുശീലനെ രാവിലെ ജി. എം, ബോണസു വന്ന നോട്ടീസു കൊടുക്കാനായി വിളിപ്പിച്ചിരുന്നു. ഇടയ്കു ജി എം. പറഞ്ഞു, കുറെ നാളായി, ഹെഡ്‌ ഓഫീസു പറയുന്നു, അടുത്ത ജോലികയറ്റത്തിനുള്ള ആളുകളുടെ പേരുകൾ അയയ്കാനും അവരെ കുറിച്ചുള്ള ഒരു ലഘു വാക്യത്തിനും. നീ ഇപ്പോ ഇവിടെ നിക്കുന്ന നിലയ്കു ഞാൻ ആ പണി തീർക്കാം. ജി. എം എഴുതി.

"Mr. Susheelan is an asset to the department and can surely shoulder higher responsibilities. Strongly recommend for the next grade and may initiate action for extension of his present contract for another 3 years.

സുശീലൻ സുസ്മേര വദനനായി തിരിച്ചു വന്നു സീറ്റിലിരുന്നു. ബോണസും, ജോലികയറ്റവും ഒക്കെ ഒരുമിച്ചു. ഭാഗ്യത്തിന്റെ ദിനങ്ങളാവും ഇനി. വടക്കേതിലെ മൂന്ന് സെന്റ് കൂടി ചേർത്തുവാങ്ങാൻ നാട്ടിലോട്ടു വിളിച്ചു പറയണം.

അൽപസയത്തിനു ശേഷം, ജിം എം പിന്നെയും എഴുതി.

Refer my earlier email. Susheelan was standing next to me while I was writing that. Please treat it as cancelled. Can manage with him for another two months, till HO finds a suitable candidate with our reduced budget structure, preferably a person with driving licence and can undertake driver duties.

മൂന്നു മാസത്തിനു ശേഷം.

ഒരിക്കൽ കൂടി സുശീലൻ ജി. എമിന്റെ മുറിയിൽ പോയി, അവസാനം പിരിയുന്ന ദിനം. സുശീലൻ മുറിയിൽ കയറി, പുറകോട്ടു തിരിഞ്ഞു, അല്പൻ കുനിഞ്ഞു നിന്നു. ഒന്നും പിടിക്കിട്ടാതെ തരിച്ചു നിൽക്കുന്ന ജിം എം നോട്‌, സുശീലൻ പതുക്കെ പറഞ്ഞു, "മുതികിലെ ഈ കത്തി ഊരി മാറ്റൂ സർ, അങ്ങേയ്ക്കു ഇതു ഇനിയും അടുത്തു വരുന്ന ആളിനു വേണ്ടി ഉപയോഗിയ്ക്കാം."

Sunday, November 27, 2005

പരസ്യ കല.

പരസ്യം വളരെ നല്ലതു തന്നെ, അതും വള്രെ ലളിതമായതു, പ്രത്യേകിച്ചു “ഇതുപോലെ” ഒരെണ്ണം.

വല റോയൽറ്റിയും കൊടുത്തുവോ ആവാ‍ ഇവർ ഈ വാർത്തവിനിമയ സാധനം വിക്കാനുള്ള പരസ്യത്തിനായി ഗാന്ധിജിയേ ഉപയോഗിച്ചതിനു.

Saturday, November 26, 2005

അവനും അവളും : എന്റെ വക

അവൻ സിമെന്റായി
അവൾ കമ്പിയായി

അവൻ മരുന്നായി
അവൾ വെള്ളമായി

അവൻ ഫോണായി
അവൾ ബില്ലായി

അവൻ ടയറായി
അവൾ കാറ്റായി

അവൻ പേനയായി
അവൾ മഷിയായി

അവൻ കിണറായി
അവൾ കപ്പിയായി

അവൻ കൂനായി
അവൾ കുരുവായീ

അവൻ മുടിയായി
അവൾ കത്രികയായി

അവൻ തെങ്ങായി
അവൾ തേങ്ങയായീ

അവൻ കുക്കറായി
അവൾ വിസിലിയായി

അങ്ങനെ, അവൾ ഒരുപാടു നേരം കൂവി

പിന്നെ അവനൊരുദിനം ഹർജിയായി
പിന്നെ അവൾ ഒപ്പായി

പിന്നെ വക്കീലായി
പിന്നെ കോടതിയായി

പിന്നെ ജഡ്ജി അവളോട്‌ ചോദ്യമായി :

ജഡ്ജി : നിങ്ങളിൽ ഒരു വിള്ളൽ ഞാൻ കാണുന്നു എന്തു കാരണം?

അവൾ : ഇല്ല ഏമാനേ, ഇന്നലെയും ഞാൻ കണ്ടം തേവിയതാ, വിള്ളലിനു വഴിയില്ലാ.

ജഡ്ജി : അല്ലാ, ബന്ധങ്ങളിൽ വല്ല.......

അവൾ : ഇല്ല ഏമാനേ, അമ്മായിയമ്മേ കൊണ്ട്‌ ഒരു ശല്യവുമില്ലാ, നാത്തൂനും നല്ലതാ, പിന്നെ കുന്നുപുറത്ത്തെ ഔസേപ്പച്ചനും വല്യമ്മച്ചിയും ഇന്നലേയും കൂടി വന്നു പോയതാ. ഏമാനു തോന്നണതാ...

ജഡ്ജി : അല്ല ഒരു സ്വര-കുറവാ ഞാനുദ്ധേശിച്ചത്‌......

അവൾ : ഇല്ല ഏമാനേ, ടിങ്കോൾഫി സെറ്റല്ലയോ ഞങ്ങടെ. എന്നാ ഒച്ചയാ ന്ന് കരുതിയാ......

തലപെരുത്ത ജഡ്ജി : അപ്പോ പിന്നേ എന്തിനാണു ഈ വിവാഹമോചന ഹർജി ?

അവൾ : ഹൊ, അതു ഞാൻ എഴുതിയതല്ലാ ഏമാനേ, അവനായിട്ട്‌ എഴുതിയതാ..... ഞാൻ എന്നാ പറഞ്ഞാലും, അവനു മനസ്സിലാകുകേലാ ന്നും പറഞ്ഞാ എന്നെ ഉപേക്ഷിക്കണേ. എനിക്കു സമ്മതമാ, പക്ഷെങ്കിലു എന്തേലും ചിലവിനു തന്നേക്കാൻ പറ ഏമ്മാന്നേ.....

സഹതാപം തോന്നിയ ജഡ്ജി പറഞ്ഞു.

അവൾക്കു സമ്മതമായ സ്തിതിക്കു വിവാഹമോചനം അനുവദിച്ചിരിക്കുകയും, മാസം പതിനായിരം രൂപ വച്ചു കൊടുക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു.

അവൾ : എന്നാ പിന്നെ ഒരു കാര്യം ഏമാനേ... ഏമാൻ പതിനായിരം തരണ സ്തിതിക്കു, അവനോടു 500 രൂപ തരാൻ പറഞ്ഞാ മതി!!

Thursday, November 24, 2005

മാവേല് എറിയുമ്പോ (മിനിമം) അറിഞ്ഞിരിക്കേണ്ടവ

നെല്ലായിൽ ചിലവഴിച്ച വേനലവധിക്കാലത്തിന്റെ ഒരുച്ച. എന്നും ഞങ്ങൾ കുട്ടികളുടെ കൂടെ നേരമ്പോക്കിനു കൂട്ടായി, പന്തല്ലൂരിന്നു കാളവണ്ടി കേറി ചന്ദ്രൻ മാഷു വരും. അമ്മായി 4 മണിക്കു കൊടുക്കുന്ന ഗോതമ്പു ദോശയും, ഉള്ളി ചമ്മന്തിയും ആണു പ്രധാന "ടാർഗറ്റ്‌" എങ്കിലും, കുട്ടികളെ കുരുത്തകേട്‌ എന്തെങ്കിലും പഠിപ്പിച്ചെ എന്നും തിരിചു പോകു. അങ്ങനെ ഒരു ദിനം, ഞങ്ങളെ എല്ലാം കൂട്ടി, ആൽമരചോട്ടിലെ ബസ്‌ സ്റ്റോപ്പിനു പുറകിലേ രജിസ്റ്റ്രർ അപ്പീസ്സു പറമ്പിലെ മാവിനെ ചോട്ടിൽ എത്തി. അന്നത്തെ സിലബസ്സിലെ വിഷയം (നാട്ടുകരുടെ) “മാവേലെറിയൽ"

വീരശൂരത്തം കാട്ടി, ഒരൊറ്റ "പട്ടിക" കഷണത്തിന്റെ ഏറിൽ, വീണൂ നാലു മാമ്പ്ഴങ്ങൾ.!! മേലെ പറന്നു പോകുന്ന വിമാനം കൂടി അന്നു ഞങ്ങൾക്കു ഒരു അൽഭുതമായി തോന്നിയില്ലാട്ടോ.

ഈ അൽഭുതം കണ്ടിട്ട്‌, "എന്നെ ആദ്യം എന്നെ ആദ്യം" എന്ന മട്ടിൽ കുട്ടികൾ തിക്കി തിരക്കി.

കുട്ടികളെ എല്ലാം വരി വരിയായി റാലിക്കു കൊണ്ടുപോകുന്നതു പോലെ നിർത്തി, ഈ ഏറിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചായി പിന്നെ ചർച്ച. പാണ്ഡവരെയും, കൌരവരേയും, പണ്ട്‌ ദ്രോണാചാര്യയർ അമ്പും വില്ലും കുലയ്കാൻ പഠിപ്പിയ്കാൻ നിന്ന ഗൌരവം ചന്ദ്രൻ മാഷിന്റെ മുഖത്ത്‌.

ഒരൊരുത്തരുടെയും ഊഴത്തിൽ, അവരോടൊക്കെ,മാവിന്റെ കൊമ്പിൽ എറിയാൻ ഒാങ്ങുമ്പോ എന്തൊക്കെ കാണാം എന്നൊക്കെ ചോദിച്ചു. കൂടുതൽ ഐറ്റം പറഞ്ഞാ, "കൂടുതൽ മിടുക്കൻ ഞാൻ" എന്നു ഭാവിച്ചിട്ടാവണം, എല്ലാരും മൽസരിച്ചു പറഞ്ഞു, മാമ്പ്ഴം, ചില്ല, മാമ്പൂ, പടർന്ന ഇത്തിൾകണ്ണിന്റെ കായ, താഴെ മാവിൽ കെട്ടിയ ദേവസ്സീടെ പശു തുടങ്ങി അപ്പുറത്തേ സുബ്ബു വാര്യസ്സാരിന്റെ ജനൽ കമ്പി വരെ അക്കമിട്ടു പറഞ്ഞു. അൽപസ്വൽപം വിവരക്കേടു കൂടിയതു കൊണ്ടാവാം, ശങ്കു പറഞ്ഞു, ചന്ദ്രന്മാമാ, ഞാൻ ആ ചില്ലയ്ക്കിടയിലേ ആ മാമ്പഴം മാത്രമാണു കണ്ടത്‌ എന്നു. ചന്ദ്രന്മാമനു ഇക്ഷ പിടിച്ചു ശങ്കൂന്റെ ഈ ഉത്തരം, എന്നിട്ട്‌ പ്രസ്താവിച്ചു :

"ഇതാണു ഉന്നം കാണുമ്പോഴുണ്ടാവേണ്ട ഏകാഗ്രത! അതു മാത്രമായിരിക്കണം ലക്ഷ്യം നമ്മുടെ മനസ്സിൽ, അല്ലാതെ, അപ്പുറത്തെ ജനൽ കമ്പി മനസ്സിൽ കണ്ടാ, പട്ടിക പോയി അവരുടെ അടുക്കളേലു വിഴും

ഏതായാലും ഇതോടെ, ശങ്കു ഹീറോ ആയി അന്നു. അതു കൊണ്ടു, 'പട്ടിക" ഏറിനു കൂടുതൽ ശ്രേഷ്ഠനും അവൻ. ഞങ്ങൾ എല്ലാരും അൽപം അഭിമാന ക്ഷതം ഉണ്ടായെങ്കിലും, ഒതുങ്ങി നിന്നു. ഇനി ഇന്നു ഇവനെയല്ലേ ഏറു പഠിപ്പിക്കൂ.

പട്ടിക എടുത്ത്‌ ചന്ദ്രന്മാമൻ കൊടുത്തു, ശങ്കു ഒരുപാട്‌ ഉന്നം പിടിച്ചു, കണ്ണുകൾ കോട്ടി വലിചു ഒറ്റ കാച്ച്‌!!

അതു കഴിഞ്ഞ്‌ ഒരു മാസം തോളെല്ലു പൊട്ടി പ്ലാസ്റ്റരിട്ട്‌ ശങ്കു കിടന്നു.

കാണാൻ ചെന്ന ചന്ദ്രന്മാമയോടൊപ്പമുണ്ടായിരുന്ന സുരേഷ്‌ പറയുന്നുണ്ടായിരുന്നു, "പാവം ശങ്കു, അവൻ ആ മാവിന്റെ മൂട്ടീ കെട്ടിയ പശുവിനെ കൂടെ കാണേണ്ടതായിരുന്നു അല്ലെ ചന്ദ്രന്മാമേ? അതു കൊണ്ടല്ലെ, ഇവന്റെ ഉന്നം തെറ്റി, പട്ടിക മേലെ വീണ ആ പശു,കയറു പൊട്ടിച്ചു വന്നു ഇവനെ മറിച്ചിട്ടത്‌!

Sunday, November 20, 2005

ഒരു വര, പിന്നെ എന്നും ഒറ്റയ്കായ വര

എല്ലാരും ഇപ്പോ, പോസ്റ്റിടുന്നവരേക്കാളും മണ്ട പുണ്ണാക്കിയും, ബുദ്ധിയുപയോഗിച്ചുമാണു കമന്റ്‌ എഴുതി കഷ്ടപെടുന്നതു. ഒരു "ഉരു"വും കൈമാറപെടാത്ത "ബാർട്ടർ സിസ്റ്റം" പോലെ തോന്നുന്നു എനിക്കു. എന്നോട്‌ പൊറുക്കുക. ചിലപ്പോ ചില നേരങ്ങളിൽ, പണിതിരക്കുകളിൽ പെട്ടിരിക്കുമ്പോ, പറയാനുദ്ദേശിച്ച കാര്യങ്ങൾ, ഒരുപാട്‌ നല്ല വാചകങ്ങളിൽ പറയാൻ കഴിയാതെ വരുന്നു. ഇത്‌ എന്റെ കാര്യമാവും, ചിലപ്പോ എല്ലരുടെയും. അപ്പോ," വളരെ നന്നായി " എന്നെഴുതിയ ഞാൻ, ഒരു പക്ഷെ, ഗന്ധർവൻ വിശാല മനസ്കന്റെ “കുടുംബം കലക്കി” പോസ്റ്റിനു പറഞ്ഞ ഭാഷ എഴുതണമെന്നുണ്ടങ്കിലും, അതിനു കഴിവുണ്ടെങ്കിലും, സമയകുറവോ, സാഹചര്യമോ ചിലപ്പോ കുറുകെ നിക്കുന്നുണ്ടാവും, അതു കൊണ്ടു, ഗന്ധർവൻ പറഞ്ഞ അത്രയും നന്മ എന്റെ പോസ്റ്റിനു, മറ്റുള്ളവർ കണ്ടില്ലാന്നു, പോസ്റ്റിട്ടവരിൽ പലരും മനസ്സിൽ പറയുന്നവരുണ്ടാകും. കാരണം, വാക്കുകൾ വാളിന്റെ ഫലം ചെയ്യുമെന്നല്ലേ, നല്ലതാ‍യാലും, ചീത്ത ആയാലും. തീർന്നില്ല, അതു കഴിഞ്ഞു വരുന്നു ഒരു "കൃതഞ്ജത" അർപ്പിക്കൽ ചടങ്ങ്‌. വന്നതിനു നന്ദി, പോയതിനു നന്ദി, ഇരുന്നതിനു നന്ദി, ചിരിച്ചതിനു നന്ദി...... പിന്നെ വാക്കില്ലാതെ, കുറെ വിത്‌ ഔട്ട്‌ ചിരി :)

അല്ലാ ഇനി മറിച്ചു, "നന്നായില്ലാ" എന്നുള്ളത്‌ അൽപം ആംഗലെയത്തിൽ ആക്കി നാലു വരികൂട്ടി എഴുതിയാ പിന്നെ, ബാക്കി പോസ്റ്റിനു ഒരു നല്ല വാക്കു എഴുതാനുള്ള സമയം കൂടി മെനകെടുത്തി, ആ തലയും വാലും കാട്ടാതെ പറഞ്ഞവനു പുറകേ പോകുന്ന കാഴ്ച എല്ലാരും ഇന്നലെ കണ്ടു. പിന്നെ ഉണ്ടാവുന്നതു, വിളമ്പരം ചെയ്യപെടാതെയുണ്ടാവുന്ന തോൽ-വിയും ജയവും ഇല്ലാത്ത ഒരു തരം യുദ്ധം. മരുഭൂമീന്നു പുല്ല്ലു ഇറക്കുമതി ചെയ്യാൻ കപ്പലുമായി വന്ന ഒരുവന്റെ കഥ........എവിടാ വായിച്ചത്‌.........

ഞാനുദ്ദേശിച്ചതു, ശരിക്കും വരികളിൽ വന്നോ എന്ന സംശയം എനിക്കില്ലാതില്ലാ ,ചുരുക്കത്തിൽ, കമെന്റ് എഴുതുന്നവർ, പോസ്റ്റിട്ടവർ ഉപയോഗിച്ച ഭാഷയ്ക്കു, നിഘണ്ടുവിലുള്ള എല്ലാ നല്ല വാക്കുകളും ഉപയോഗിച്ചു കീർത്തനം പാടാതെയിരിക്കുക. തീർച്ചയായും, ഒരു ചർച്ചയ്കോ/ചിന്തയ്കോ വകയുള്ള ഒരു വിഷയം അതിലുണ്ടെങ്കിൽ, അതു ഒരു തുളസിപൂവോ ,ചെരുപ്പ്പ്പോ, വരിക്ക ചക്കയോ ആവട്ടെ, അതിനെ കുറിച്ചു നമുക്കു ആരോഗ്യപരമായ രീതിയിൽ ചിന്തിക്കാം, ചികഞ്ഞെഴുതാം, തർക്കിക്കാൻ.

അതു കൊണ്ടു കമന്റിട്ടു കോളിളക്കം സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത്‌, ഞാൻ ഗ്രേഡിങ്ങു സമ്പ്രദായത്തിലേക്കു മാറി!!

A+++ = SUPERB
A++ = EXCELLENT
A+ = VERY GOOD
A = GOOD, BUT YOU WROTE BETTER BEFORE DEAR!!!


C, D ഒന്നും വേണ്ട, ചീത്താന്നോ, തല്ലിപ്പൊളീന്നോ, പുല്ലു കൂടുതൽ തിന്ന കിടാവോ എന്നോക്കെ പറഞ്ഞാ ഒരുപാടു പേരുടെ സമയം പോകും, സമാധാന റാലിയും, അനുഭാവം പ്രകടിപ്പിക്കാനുള്ള സമ്മേളനവും ഒക്കെയുണ്ടാവും, പിന്നെ, അതിനോട്‌ അനുബദ്ധിച്ചു സെക്രറ്റ്രിേറ്റിൽ ഗതാഗത കുരുക്കും.


അപ്പോ, ചുവപ്പു നാട മുറിച്ചു ഉൽഘാടനം :

വിശാലമനസ്കന്റെ "കുടുംബം കലക്കിക്കു"

A+++


അതുല്യ പതക്കെ, അപ്പുന്റെ നോട്ട്‌ ബുക്കീന്ന് താൻ കോറിയിട്ട പേജുകൾ വലിച്കു കീറി, മൊബൈലിന്റെ താഴെ വച്ചു. ഓഫിസിൽ പോകുമ്പോ എടുക്കാൻ മറന്നാ, പിന്നെയും എഴുതാൻ, തലയിലെ ബാറ്ററി ചിലവാക്കണം. അവൾ ലെറ്റണച്ചു. പിന്നെ പിങ്ക്‌ പൂക്കളുള്ള തലയിണയിൽ തലചേർത്ത്‌ ആലോചിച്ചു, ഇങ്ങനെ ഒക്കെ നാളെ വിശാല മനസ്കന്റെ ബ്ലോഗിലു കമന്റ്‌ എഴുതിയാ ഒരുപാടു പേരു ഒഫീസു പണിക്കിടയിൽ, ഇതിനു ഈങ്ക്ഗുലാഭ്‌ വിളിക്കില്ലേ? ഈ പൊല്ലപ്പിനു പോകണോ? ഒരു മിന്നൽ പിണർ തലയിലൂടെ പാഞ്ഞു. പിന്നെ ഓർത്തു, നല്ലവരായ, ബ്ലോഗ് സുഹ്ത്തുക്കളെ, എനിക്കു പ്രിയപെട്ടവരെ, എന്നൊക്കെ ആദ്യവരികളിൽ പറഞ്ഞു നോക്കിയാലോ? ശാസ്ത്രീയമായി ഇടി പഠിച്ചവരുടെ ഇടയിൽ നിന്നു രക്ഷപെടാൻ ഒരു ഉപാധി എന്ന പുസ്തകം എവിടെ കിട്ടും ഇനി? തിരുത്തലോ, കൂട്ടലോ, നാളെ രാവിലെ ആവാം, ഇപ്പോ നേരം ഒരുപാടു വൈകി. അപ്പുനെ രാവിലെ 4 മണിക്കു അലാറം വച്ചു എണീപ്പിക്കണം, പരീക്ഷ സോഷ്യലാ നാളേ.

Thursday, November 17, 2005

ബന്ധങ്ങൾ : കൂട്ടി വയ്ക്കേണ്ടതോ കുപ്പയിലേറിയേണ്ടതോ ?നമ്മൾക്കു തമ്മിലുള്ള ചിന്തകൾക്ക്‌ ഒരുപാട്‌ ദൂരം സംഭവിച്ചിരുക്കുന്നു അല്ലേ? ചിലപ്പോ എനിക്കു തോന്നാറുണ്ട്‌, ഒരു വലിയ അഗാധ ഗർത്തം തന്നേ നമ്മുക്കിടയിൽ? ഒോഫീസും, പ്രൊഗ്രാം ഡെവലപ്മെന്റും,നിന്റെ ഈ ടൂറുകളും, പ്രോടക്റ്റ്‌ ലോഞ്ജുകളും, സുഹൃത്ത്‌ വലയങ്ങളും മറ്റുമായി നീ ചുറ്റി തിരിയുമ്പോൾ, നിന്റെ സ്നേഹം എനിക്ക്‌ എത്തിപിടിക്കാൻ പറ്റാത ഒരു തുരുത്തിലേക്കു നിന്നെ കൊണ്ട്‌ പോകുന്നു. നമുക്കിടയിൽ ഉറങ്ങാനുള്ള ഒരു കുഞ്ഞു വേണ്ടേ? ജീവിതത്തിന്റെ നിറം മങ്ങുന്നു, അല്ലെങ്കിൽ ഇല്ലാതാവുന്നു നാളുകൾ കഴിയുന്തോറും. നിനക്കു എന്തു തോന്നുന്നു? എന്തുകൊണ്ടിങ്ങനേ സംഭവിച്ചു? പ്രണയവും, എന്നോട്‌ ഒത്തുള്ള ഒരു ജീവിതവും നിനക്കു ഒരു വിഷയമല്ലാതായിരിക്കുന്നു, അതുകൊണ്ടു തന്നെ. അജയനു അവളോടു ചോദിക്കാതിരിക്കാനായില്ലാ.

"ഏക്ക്കൌണ്ടിൽ വീഴുന്ന ഭീമമായ തുകകൾ നിങ്ങൾ കാണുന്നില്ലേ? പിന്നെ കുഞ്ഞ്‌, അതു എനിക്കീ അവസ്തയിൽ ഒരു അധികപെറ്റാവും, ഒരു കുഞ്ഞും അതിന്റെ നുലാമാലകളും ഒന്നും ശരിയാവില്ലാ. പോരാത്തതിനു, നാലു കൊല്ലത്തേക്കു കുട്ടികൾ ഉണ്ടാവില്ലാ, “ഫാമിലിഹാസിത്സു” ഒന്നും തന്നെ ഉണ്ടാവില്ലാ, “ഫുൾ ഡെടിക്കേഷനുണ്ടാവും“ എന്നു ഞാൻ ഒപ്പിട്ടു കൊടുത്തിട്ടാണു ഈ ജോലിക്കു ഞാൻ കയറിയത്‌. ഒരു നീക്കു പോക്കിനു എന്നെ കൊണ്ടു സാധ്യമല്ലാ. അവൾ തീർത്തു പറഞ്ഞു.

“പക്ഷെ ഒരു കുഞ്ഞിനെ മറോടണക്കാനുള്ള എന്റെ ആഗ്രഹം നിനക്കു കാണാനാവില്ലേ? മൂന്നു മാസത്തെ അവധികൊണ്ട്‌ പോകുന്ന ജോലി വേണ്ടാന്നു വയ്കാൻ, അതും എനിക്കു വേണ്ടി നിനക്കു കഴിയില്ലേ? നീ മുലയൂട്ടുന്ന എന്റെ കുഞ്ഞാണു എന്റെ ഏറ്റവും വലിയ സ്വപ്നം എന്നു നിനക്കറിയില്ലേ? ഈ വിധമുള്ള നിന്റെ ഉത്തരങ്ങൾ, ഇന്നല്ലെങ്കിൽ നാളെ, ഒരു വേർപിരിയലിന്റെ വക്കിൽ എത്തിക്കുമോ എന്ന ആശങ്ക എന്നിൽ ഉണ്ടാക്കുന്നു.“ അജയ്‌ വീണ്ടും പറഞ്ഞു.

ഇന്നോ നാളെയോ എന്നു പറഞ്ഞാൽ? അവൾ വീണ്ടും ചോദിച്ചു.

അജയ്‌ : “ഏതായാലും, ഇന്നില്ലാ, അതു ഉറപ്പ്‌, പക്ഷെ, നാളെയേ കുറിച്ചു എനിക്കിപ്പോ പറയാനാവില്ല. എനിക്കു ഒരു കുഞ്ഞു വേണം, അതും എത്രയും വേഗം. സാമ്പത്തീക പരാധീനകൾ ഉണ്ടാ‍യാൽ തന്നെ, അതു തീർക്കൻ ഭർത്താവെന്ന നിലയിൽ, എനിക്കാവും.“

ഒരു കുഞ്ഞോ? അതു ഇപ്പോ എന്റെ അവസ്തയിൽ അധികപറ്റു തന്നെ. അവൾ തുടർന്നു, “പക്ഷെ, വേർപിരിയാനുള്ള ഒരു തീരുമാനം, അതു നിലകൊള്ളുന്ന നിങ്ങളുടെ മൻസ്സ്, ഇവയെല്ലാം കൊണ്ട് , ഞാൻ നിങ്ങൾകൾക്കു തികച്ചും ഒരു അന്യ തന്നെ ഇപ്പോൾ, എനിക്കു നിങ്ങൾ ഒരു തികഞ്ഞ അപരിചിതനും. അപരിചിതനായ നിങ്ങളോടോപ്പം, എനിക്കിനി ഈ ഒരു രാത്രിയും പിന്നെ ഉണ്ടാകുന്ന പകലുകളും ചിലവഴിക്കാനാവില്ലാ. അവൾ ആ വീടിന്റെ വാതിൽ തള്ളി തുറന്ന് ഇരുട്ടിലേക്ക്‌ നടന്നിറങ്ങി.

Monday, November 14, 2005

മേ. പാപി ഹൂം ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു....
ഞാൻ ലക്ഷമി നത്തു. എന്നെ ല്ച്ചുമീ ന്നു എല്ലാരും പറയുന്നു. ഈ ഫോട്ടോ, നമ്പ്ര് 232, മന്ദിർഗഞ്ജിലെ, കൃഷൻബായിസാബിന്റെ ബഹുറാണീ അതുല്യാബേട്ടി വന്നപ്പോ എന്നെ ദീപാവലി അന്ന്, നിർബദ്ധിച്ചു നിർത്തി എടുപ്പിച്ച പടമാണിത്‌. ഒന്നു ലഹെങ്ക കമീസ്‌ മാറ്റി വരാംന്നു പറഞ്ഞിട്ട്‌ ജൽദി ജൽദിന്നു പറഞ്ഞ്‌ നിർത്തി എടുത്തു.

ആ കുട്ടി ഇങ്ങനെയാ, മദ്രാസി ബഹുറാണി, നമ്പ്ര് 232, മന്ദിർഗഞ്ജിൽ എത്തിയ അന്നമുതൽ അതുല്യക്കു തിരക്കാ, ഇടവഴിയിൽ തലയിൽ ഗുങ്ങട്ട്‌ ഇടാതെ ഓടി നടക്കും, ഈ കുഗ്രാമത്തിലെ ഒരു ചട്ടവട്ടങ്ങളും ആ കുട്ടിക്കു ബാധകമല്ലാ. പാവം കൃഷൻബായിസാബ്‌ ഒന്നും പറയില്ലാ, എല്ലാരോടും ഒരുപാടു കയറി ചോദ്യങ്ങൾ ഒക്കെ ചോദിച്ചു, എല്ലാ വിവരങ്ങളും കൂട്ടി വയ്കും. എന്നിട്ട്‌, കൃഷൻബായിസാബ്‌ ഫാക്റ്ററീന്നു ഇത്തുമ്പോ, പിന്നെ ചോദ്യ ശരമാണു... പപ്പാജി, എന്തു കൊണ്ടു ഇങ്ങനേ? ല്ച്ചുമീക്കു എരുമ ചാണകം കൊടുക്കുമ്പൊ എന്തു കൊണ്ടു കാശു വാങ്ങുന്നു? മെഹൃി (പാത്രം മെഴുക്കുന്നവൾ) വരുമ്പോ എന്തു കൊണ്ട്‌ അടുക്കളയ്ക്കകത്ത്‌ കടക്കല്ലേന്നു പറയുന്നു? അവൾക്കറിയുമോ ഈ നാടിൽ ഇതോക്കെയേ പറ്റു, ഇങ്ങനെ ഒക്കെയേ പറ്റുന്ന്.

പക്ഷെ അവളു താമസിക്കുന്ന ദിവസങ്ങളിൽ ഞങ്ങൾക്കു കുശിയാട്ടോ, ചായ കൊണ്ട്‌ കൈയ്യീതന്ന്, ഇനി ഇതു കുടിച്ചിട്ട്‌ ചാണകം വാരിയാ മതീന്നു പറയും. ഒപ്പം ഇരുന്നു ഒരുപാട്‌ "വറളി" തട്ടി തരും, ഒരു നേരം ഞാൻ വൈകുന്നേരം വന്നില്ലേങ്കിൽ, അതൊക്കെ അടുക്കി പെറുക്കി കെട്ടി വച്ചിട്ടുണ്ടാവും. ഞാൻ കഴിയുന്നതു, അതുല്യബേട്ടി, ഉറങ്ങുന്ന സമയത്തെ പോകൂ. അല്ലെങ്കിൽ ആ കുട്ടി, ചോദ്യങ്ങൾ ചോദിച്ചു എന്റെ പണി മുടക്കും. 9 വീട്ടിലെ പണിയെടുത്താലെ, 1 കിലോ ആട്ടാ തികച്ചു കിട്ടു. അതു കിട്ടിയിട്ട്‌ വേണ്ടേ എന്റെ 6 പെണ്ണിനും 2 ആണ്മക്കൾക്കും സൂക്കാ രൊട്ടിയുണ്ടാക്കാൻ?? രിക്ഷ വലിച്ചു നടന്ന എന്റെ ഭർത്താവു നത്തൻലാൽ മരിച്ചിട്ട്‌ കൊല്ലം പത്തായി.. ഞാൻ ഒരാളു വേണ്ടേ എല്ല്ലാത്തിന്റെയൂം വയർ നിറക്കാൻ? വർത്താനം പറഞ്ഞു നിന്നാ, വീടു കയറി ഇറങ്ങാൻ പറ്റില്ലലോ?

എന്റെ സൂര്യയൻ ഉദിക്കുന്നതു 232, മന്ദിർഗഞ്ജിലെ വീട്ടു വളപ്പിലെ "ജ്വാലാമുഖി" എന്ന ദേവിയേ കുടിയിരിത്തിയിരിക്കുന്ന അമ്പലത്തറയിൽ നിന്നാണു. അതുകൊണ്ടാണു, മന്ദിർഗഞ്ജ്‌ എന്ന പേരും ഈ വീട്ടിൽ വീണത്‌. എത്തവണ അതുല്യ് വന്നതു രണ്ടു ദിനത്തിനു മാത്രം. പക്ഷെ തിരിചു, പോയപ്പോ ഒരുപാടു കെട്ടി പിടിച്ചു കരഞ്ഞു. 15 കൊല്ലമായി ഞാൻ ആ കുട്ടിയെ അറിയും. ആ കുട്ടി 232, മന്ദിർഗഞ്ജിൽ വന്നതു മുതൽ. രാവിലെ കൈകാൽ കഴുകി ഞാൻ പ്രാർതിക്കാൻ വരും-മ്പോ, ഉമ്മറത്ത്‌ പപ്പാജിയോടോപ്പം, "അമർ ഉജാലാ" അക്ഷരം കൂട്ടി വായിചു ഇരിക്കുന്നതു കാണാം. ഞാൻ പ്രാർതിച്ചു ഇറങ്ങുമ്പോ, ചോദിക്കും, എന്തിനാ, ല്ച്ചുമീ എന്നും ഇങ്ങനെ.......... മേ.. പാപി ഹൂ ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു.............. , മേ.. പാപി ഹൂ ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു.............. ന്നു പറയണേ? പാപം ചെയാതിരുന്നൂടേ? ഇനി മേലാൽ ലച്ചുമീ ഇവിടേ വന്നു ഇങ്ങനെ പറയരുത്‌.... .. ഒരു പാടു വിലക്കും ആ കുട്ടി ഇതിനു. എന്നാലും, എനിക്കു പറയാതെ പറ്റില്ലല്ലോ......... ഞാൻ ചെയ്തതു കൊടും ചതിയും പാപവുമല്ലേ? ആരും കണ്ടില്ലെങ്കിലും, ആപൽബാഥവൻ എല്ലാം കണ്ടിട്ടുണ്ടാവില്ലേ? മേ.. പാപി ഹൂ ഭഗവാൻ......

പിറ്റേ ദിവസവവും, ഞാൻ പോയി ഇതു തന്നെ പറയും......... മെ.. പാപി ഹൂ ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു.............. , ജ്വാലമുഖിയൊടൊല്ലാതെ ആരോടു പറയാൻ. ഒരു ദിവസം അവൾ എന്നെ കൊണ്ട്‌ തിണ്ണയിൽ ഇരുത്തി, ചോദ്യമായീ.......ഇന്നു ലചുമീ എന്നോടു പറയണം........എന്തിനു ഇങ്ങനെ പറയുന്നു? മോഷണമാണോ ജോലി?? അല്ലാ, ചാണകം തട്ടി വറളിയാക്കിയ ശേഷം ബാക്കി സമയം ലച്ചുമീ വ്യഭചരിച്ചു കുട്ടികളേ പോറ്റുന്നോ? ആജ്‌ ആപ്‌ ഏ ബതാക്കെ ഹീ ജായേഗാ.......... (ഇന്നു നീ പറഞ്ഞേ പോകു,,)

ഹേ, ഭഗവാൻ......ഇവൾ എന്താ ഇങ്ങനേ? ഇവൾ ആരു ഇതോക്കേ ചോദിക്കാൻ? ഞാൻ പറഞ്ഞു..... മേ തോ..... എ സേ ഹീ ബോലാ ബേട്ടീ.. കുച്ച്‌ ബാത്‌ നഹീ ഹൈ..... (ഒന്നുമില്ലാ കുട്ടി, ഞാൻ വെറുതെ.......)

പിറ്റേന്നും ഇതു തുടർന്നു..... അവൾ എന്നും ചോദിക്കും, ഞാൻ മുമ്പ്‌ പറഞ്ഞ മറുപടിയിൽ തൂങ്ങി ഞാനും.... പക്ഷെ, അതുല്യ ഒരുപാട്‌ മനസ്സറിയുന്നവൾ ആണു കേട്ടോ. ഈ ചോദ്യശരൺങ്ങൾക്കു ശേഷം എന്നിൽ വന്ന മാനസ്സിക സംഘർഷങ്ങൾ അവൾ ശ്രദ്ദിക്കുന്ന്ണ്ടായിരുന്നു.

കഴിഞ്ഞ തവണ പോകുന്നതിനു മുമ്പ്‌ എന്റെ ബ്ലൌസിനിടയിൽ 100 രുപാ തിരുകുന്നതിനിടയിൽ, പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.... ലച്ചുമീ. കുച്ച്‌ ഭി ഹേ തോ മെ രേകോ ബതാവോ......മെരെ കൊ പത ഹേ, തും കുച്‌ ചീസ്‌ മേ ബഹുതു തടപ്‌ രഹെ ഹോ... തും അന്ദർ സേ അന്ദർ ബഹുത്‌ ദുഖി ഹോ................ (എന്തോ ഉള്ളിൽ നിന്നു നീറീ പുകയുന്നു എന്ന്). ഞാൻ പറഞ്ഞ്‌... മോളേ... ഇത്തവണ നീ പോകൂ... അടുത്ത തവണ വരുമ്പൊ.. ഈ ലചുമീ അതു പറയാം....... നീ എനിക്കു ഒരുപാട്‌ സ്നേഹം തന്നവൾ........ ഞാനതു പറയാം, പ്രത്യ്‌-കിച്ചു നീ ഈ നാട്ടുകാരിയും അല്ലല്ലോ........


കഴിഞ്ഞ ദീവാളീക്കു തലേന്നു ജയ്കൃഷൺ ചാച്ചാ പറഞ്ഞു, കൃഷൺബായിസാബികാ ബഹുറാണീ ആയാ ഹേ... ബേട്ട ഭി ഹെ സാത്‌ മേ........ ലംബാ ഹൊഗയാ ചോട്ടാ അർജുൻ......

എന്റെ തലയ്കകത്ത്‌ ഒന്നു മിന്നി......... അവളോട്‌ ഞാൻ പറഞ്ഞ വാക്ക്‌.......... ഹെ ഭഗവാൻ............... രാവിലെ ജ്വാലമുഖിദേവിടെ അടുത്തു പോകും-മ്പോ....

രാവിലെ പോയപ്പോ തന്നെ അതുല്യ അങ്കണത്തിൽ രംഗോലി തിരക്കിൽ..... എന്നെ കണ്ടതും വന്നു കെട്ടി പിടിച്കു....... പിന്നെ സ്വരം താഴ്ത്തി പറഞ്ഞ്‌ ... തുമേ ബതാനാ ഹോഗാ..........മേ ദസ് ബജേ, ചൌക്‌ (പച്ചകറി കിട്ടുന്ന സ്തലം) ആയേഗാ, ടീക്‌ ഹേ......

പറഞ്ഞപോലെ അവൾ വന്നു... എവിടെ തുടങ്ങണം? എന്തു പറയണം.......എങ്ങനേ പറയണം.......... ഒന്നു പേയ്തൊഴിഞ്ഞാൽ എനിക്കും മനസ്സിന്റെ കനം കുറയും.......ഒരു തിരിച്ചു നോട്ടം.............. അതുല്യ പറഞ പോലെ, പത്തു മണിക്കു വന്നു. ഒരു പടക്ക കട വരാന്തയുടെ, മൂലയിൽ ഞങ്ങൾ ഇരുന്നു. എന്റെ കൈ വിരലുകൾ ചേർത്ത്‌ പിടിച്ചു, അവൾ ഒരുപാട്‌ സ്നേഹം കാട്ടി... ഇടക്ക്‌.... നെറ്റിയിൽ വിഴുന്ന മുടികൾ മാടി ഒതുക്കി.........

ഞാൻ തുടങ്ങി.

14 വയസ്സിൽ നത്തുവിനെ കെട്ടിയത ഞാൻ. കുട്ടികൾ, അതും പെൺകുട്ടികൾ ഒന്നിനു പുറകേ ഒന്നു. പ്രസവം മാത്രം അല്ലെങ്കിൽ, പ്രസവ ദിനങ്ങൾക്കിടയിൽ മാത്രം എന്നെ ശാരീരികാമായി പീഠിപ്പ്പിക്കാത്തവൻ നത്തു. കിട്ടുന്നതു മുഴുവൻ കള്ളു കുടിച്ചു തീർക്കുന്നവൻ. ചില അപര സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങൾ. കള്ളു കുടിച്ചു തലക്കു വെളിവില്ലാതകുമ്പോൾ, നത്തുവിനു ഏറെ ഇഷ്ടം എന്നെ നഗ്നയായി മതിലിനോട്‌ ചേർത്തു നിർത്തി സിഗരറ്റ്‌ കൊണ്ട്‌ പൊള്ളിക്കുന്നത്. ഋതുമതിയായ പെൺ-മക്കൾക്കു മുമ്പിൽ എന്നെ നിർബദ്ധിച്ചു വേഴ്ച ചെയ്യിപ്പിക്കുക അടുത്ത വിനോദം . ഒരു ജീവിക്കുന്ന ചെകുത്താനെ കണ്ടാണു ഞാൻ ജീവിച്ചതു. രാവും പകലും പീഠനം ഞാൻ അനുഭവിച്ചു. പട്ടിണിയിൽ അലറിവിളിക്കുന്ന എന്റെ മക്കൾ. തീരെ പൊടിക്കുഞ്ഞിനു 2 മാസം പ്രായമായപ്പോൾ, പിന്നെയും എന്റെ വയറ്റിൽ ഒരു കുഞ്ഞു രൂപം കൊണ്ടു. കുപ്പിവള പൊടിച്ചരച്ചു തേനും കൂട്ടി ഞാൻ രണ്ടും കൽപിച്ചു കഴിച്ചു. പ്രസവത്തിനൊപ്പം വയറിൽ വ്രണം വന്നു ഞാൻ മരിക്കാറായി. മൂത്ത മകൾ രുക്ഗ്മിൺക്കു 17 വയസ്സു പ്രായം. അവൾ കുറെശ്ശെ സഹായിക്കാൻ തുടങ്ങി. രണ്ടാമത്തെ മകൾക്കു 16. അങ്ങനെ പോകുന്നു വയസ്സിന്റെ കണക്ക്‌.

ഒരു ദിനം ഞാൻ എന്നല്ലാ ഒരു അമ്മയും കാണാൻ ആഗ്രഹിക്കാത്തതു കണ്ടു. രണ്ടാമത്തവൾ സാവിത്രി കിടന്ന ചാക്കിനരികിൽ നത്തു അവളെ കാമർത്തമായി നോക്കി നിൽക്കുന്നതും, കെകളാൽ അവളുടെ മാറിൽ തൊടൻ ഒരുങ്ങുന്നതും ........ എന്റെ സർവ ഞെരമ്പുകളും, ഒടിഞ്ഞ്‌ ഇല്ലാതാവണ പോലെ തോന്നിയെനിക്ക്‌..... ജന്മം നൽകിയവൻ, അവന്റെ മകളേ.......

കുടിച്ചു ലക്ക്‌ കെട്ട്‌ നിക്കുന്ന നത്തുവിനോട്‌ എന്തെങ്കിലും പറഞ്ഞാ, അഭിമാന ക്ഷതം കൊണ്ട്‌ ഒരുപക്ഷെ ഒരു കൊലപാതകം നടന്നേക്കാം എന്ന ഭയം കൊണ്ട്‌ ഞാൻ ഒന്നും മിണ്ടാതെ, മുരടനക്കി എന്റെ പായയും കൊണ്ട്‌ പുറത്തേക്കു പോന്നു. എന്റെ മുരടനക്കം നത്തുവിന്റെ ബോധത്തിനു ഒരു തെളിവു നൽകിയിരിക്കണം, നത്തു മുറിവിട്ടെറങ്ങി.

പിറ്റേന്നു രാവിലെ, എന്നും റൊട്ടിക്കു ആട്ട കുഴക്കുന്ന രുഗ്മിണി ഉണർന്നില്ലാ. താഴെ വരി വരിയായി ബാക്കി മക്കൾ ഇപ്പോ എണീറ്റാ... എന്തെങ്കിലും ഒന്നു കൊടുത്തു വേണ്ടേ വായടക്കാൻ. ഞാൻ ഉറക്കെ വിളിച്കു.. രുക്കു.. ബെട്ടാ ഉടോ.... ആട്ടാ ഗൂന്ദ്‌-കേ (കുഴച്ച്‌) രഖോ. അവൾ ഒന്നു മൂളി ഞെരങ്ങി അവൾ. എന്റെ ഉറക്കെ വിളി, അട്ടഹാസമായീ. അവൾ എണീറ്റു. പക്ഷെ ഒാടി പോയീ ആ അഴുക്കു ചാൽ കാനയ്കരുകിൽ ഇരുന്നു. പിന്നെ ഞാൻ കേട്ടതു ഒക്കാന ശബ്ദം. എന്റെ ഉള്ളു ഒന്നു പിടഞ്ഞു. കഴിഞ്ഞാഴ്ച ആ ടേലാ വാലാ ജഗനോട്‌ (ഉന്തു വണ്ടി വിൽപ്പനക്കാരൻ) വർത്തമാനം പറഞ്ഞു നിന്നപ്പോ, എനിക്കു പന്തികേടു തോന്നി. ഹെ.. ഭഗവാൻ........ ഇസ്‌ ജിന്തഗീ.. മേ... ഇത്തനാ തക്ക്ലീഫ്‌ ക്യോം ദേത്താ ഹെ തു.... കാനയ്കരുകിൽ പോയി അവളുടെ മുടികുത്തിൽ പിടിച്കു കരണത്തു രണ്ട്‌ കൊടുത്തു.

എനിക്കു ആ നിമിഷം ചാവണം എന്നു തോന്നി. എന്നാലും, ചോദിച്ചു.. കോൻ ഹെ.. ഹെ രാക്ഷസ്‌.....അഭി ബതാവോ... ഉസ്കെ പാസ്‌ ജാകെ ജീയൊ തും. മെരേ കൊ തും അഭി തുമാരാ മൂ നഹി ദിഖാവോ......(നീ ആരോടൊപ്പം കിടന്നു? നീ അവന്റെ ഒപ്പം കുടെ പോയ്ക്കൊ, നിന്റെ മുഖം എനിക്കിനി കാണെണ്ട..) അവളെ ഞാൻ ഉന്തി തള്ളി വിട്ടു. അവൾ തല തല്ലി കരഞ്ഞു വീണു, എന്നിട്ടു പറഞ്ഞു.. മത്‌ പൂഛൊ.....മത്‌ പൂച്ചൊ... ഹം ബർവാത്‌ ഹൊഗയാ.. മാ. ബർവാത്‌ ഹോഗയാ...... പിന്നെ തളർന്ന സ്വരത്തിൽ പറഞ്ഞു ബാബുജിനേ ബഹുത്‌ മഹീനേ സേ.. മെരെകോ പരിശാൻ കർ രഹാ ഹേ...(ഒരുപാടു കാലമായി അഛൻ എന്നെ പീഠിപ്പിക്കുന്നു)

പത്തു രൂപയുടെ വിഷത്തിൽ എല്ലാം അവസാനിപിക്കാൻ എനിക്കു തോന്നി അന്ന്. നത്തു തിരിചു വന്നപ്പോ, ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ പറഞ്ഞു.

“രുഗ്മിണീയേ ആസ്പ്ത്രിയിൽ കൊണ്ട്‌ പോകണം, അവൾക്കു ഗർഭം, അതും നിന്നിൽ നിന്ന്. ഇനി മേലാൽ നിങ്ങളേ ഈ വീട്ടിൽ കണ്ടു പോകരുത്‌. പക്ഷെ ഇപ്പോ, ആസ്പ്ത്രിയിൽ വന്നു അവരോടു പറയണം നിങ്ങളാണു ഇതിനു കാരണം, അല്ലെങ്കിൽ, അവൾക്കു ചീത്ത പേരുണ്ടാവും.“

ഇതു എനിക്കു ആ സമയത്തിനു തോന്നിയ ഒരു ബുദ്ധിയാണു. അല്ലെങ്കിൽ എന്റെ മകൾ മാനകേടിൽ വെന്തു ഉരുകും.

നത്തു തിരിച്ചും പറഞ്ഞു, “ഞാൻ ഈ വീട്‌ വിട്ട്‌ പോകുന്ന പ്രശനമില്ലാ. ഞാൻ ഇവിടെ കിടന്ന നിന്നെ നരകിപിച്ചേ ചാവൂ.........നിന്നെ പെണ്മക്കളും എനിക്കുള്ളതാണു, ഞാനെവിടെ പോകാൻ? “

തർക്കിച്കു നിന്നാ ആസ്പ്ത്രീ പോക്കു നടക്കില്ലാ. ഞാൻ നത്തുവുമായി രിക്ഷയിൽ കയറി. പകുതി വഴിപിന്നിട്ടു കാണും. ഞാൻ കരഞ്ഞും, പഴിച്ചും, ശപിച്ചും കൊണ്ടിരുന്നു. തളർന്നു മയങ്ങീ രുക്കു. നത്തു അട്ടഹസിച്കു കൊണ്ടിരുന്നു, ഇടയിൽ പറഞ്ഞു...

“മേ ഉസ്കാ ബാപ്പ്‌ ഹേ... ഹോ അപ്നാ ഖേത്തിക്കാ മൂലി ഹേ... മേ വൊ ഖായേഗാ നഹി തോ ഫിർ കോൻ ഖായേഗാ? പടോസ്‌? “ (അവൾ എന്റെ വയലിലേ ഫലമാണ്, അവളെ ഞാൻ തിന്നിലെങ്കിൽ, പിന്നെ അയൽകാരനുള്ളതോ അതു?)

ഒരു വാക്കത്തി കൊണ്ട്‌ നത്തുവിന്റെ തലയറക്കാൻ തോന്നിയെനിക്കു അപ്പോ. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ലാ. ഇപ്പോ ആസ്പ്ത്രിയിൽ എത്തുകാ എന്നതാണു വിഷയം. ഈ വാഗ്വാവദ്ങ്ങൾകിടയിൽ എതിർ ദിശയിൽ നിന്നും ഒരു ട്രാക്റ്റർ വരുന്നുണ്ടായിരുന്നു. നത്തു പിന്നിടും എന്നോട്‌ എന്തോ പറഞ്ഞ് അട്ടഹസിക്കുവാൻ തല ഒന്നു തിരിച്ചു, ആ സമയം രിക്ഷ പോയി ട്രാക്റ്റരിൽ മുട്ടി, നത്തു തെറിച്ചു ട്രാക്റ്റരിൽ തലമുട്ടി വീണു, ഒപ്പം രിക്ക്ഷയും ഒന്നു മറിഞ്ഞു. ട്രാക്റ്റർ ഡ്രൈവർ, ഒന്നു തിരിഞ്ഞു നോക്കി, വണ്ടി ഓടിച്ചു പോയീ. ഹേ സാത്താൻ കാ ഗാവ് ഹെ നാ.. കോയി മത്-ലബ് നഹീ മർഗയാ തോ ബീ....

മകൾ രുക്കു നിലവളിച്ചു നിന്നു. അവളോട്‌ ഞാൻ അരികു ചേർന്നു നിക്കാൻ പറഞ്ഞു, അല്പം ദൂരേ മാറി, എന്നിട്ടു ഞാൻ നത്തുവിൻ അരികിൽ ചെന്നു നോക്കി. തലയിടിച്ചു വീണ നത്തു, ഒരു പാടു ചോര വാർന്നു കിടക്കുന്നു. “എന്നെ ആസ്പ്ത്രിയിൽ കൊണ്ടുപോകു“ എന്നു പതിഞ്ഞ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു. മൂക്കിൽനിന്നും രക്തം വാർന്ന് വീഴുന്നുണ്ടായിരുന്നു. ജീവൻ ഒരു കുറച്ചു ബാക്കി, അല്പം ബോധവും.

ഞാൻ തിരിഞ്ഞു നോക്കി, രുക്കു അൽപം അകന്നു മണ്ണിൽ തലതാഴ്ത്തി ഇരിക്കുന്നു. എന്റെ മനസ്സിൽ ഒരുപാടു ഇരുട്ടു പടർന്നു. ഞാൻ നത്തുവിനെ എടുതു എന്റെ മടിയിൽ വചു. നത്തുവിന്റെ തലയിൽ കെട്ടിയിരുന്ന ഷാൾ ഊരി, സർവ ശക്തിയുമെടുത്ത്‌, നത്തുവിന്റെ മൂക്കും വായും കൂട്ടി പിടിച്ചു ഒരുപാട്‌ നേരം നിന്നു. പിടയാൻ ഉർജ്ജമില്ലാതെ,നത്തു പതുക്കെ പതുക്കെ, ഞെരങ്ങി ഞെരങ്ങി എന്റെ കൈകളിൽ അവസാന ശ്വാസം ആക്കത്തിൽ വലിച്ചു വിട്ടു.

പതുക്കെ ഞാൻ, നത്തുവിന്റെ, ജീവനറ്റ തല എന്റെ മടിയിൽ നിന്നും മാറ്റി താഴെ വച്കു, രുക്കുവിൻ അരികിൽ വന്നു പറഞ്ഞു, ബാബുജി ഹമേ ചോട്ക്കെ ഗയാ രുക്കു, സിർപേ ബഹുത്‌ ഗെഹെരാ ചോട്ട്‌ ഹെ....... ഹം അകേലാ ഹോഗയാാാാ... (അഛൻ നമ്മളേ വിട്ടു പോയീ, തലയിലേ പരുക്ക്‌ ഒരുപാട്‌ ആഴത്തിൽ ആയിരുന്നു).

ഞാൻ അങ്ങനെ എന്റെ ദുരന്തം ഞാൻ പോലും കൂട്ടികിഴിക്കാതെ, അവസാനിപ്പിച്ചു, ഒപ്പം കൊലപാതക കുറ്റമില്ലാതെ ഒരു കൊലപാതകവും. അന്നും മുതൽ എല്ല്ലാരും പറഞ്ഞു, നത്തു രിക്ഷയിൽ നിന്നും വീണു മരിച്ചു. പാവം ലച്ചുമിയും മക്കളും. പിന്നെ രുക്കു: അവൾ രിക്ഷ മറിഞ്ഞ ആഘാതത്തിൽ, രണ്ടു ദിന പനിക്കു ശേഷം, ഒരു സ്വഭാവികാമായ ഗർഭചിദ്രം വന്നു പെട്ട്, ഒരു വലിയ നാണക്കേടിൽ നിന്നും പുറത്തു വന്നു. ഭഗവാൻ കാ ദയാ......


അതുല്യ ബേട്ടി എന്റെ കൈകളിലേ പിടി ഒരുപാടു മുറുക്കി, എന്നെ മാറോടണക്കി, ഒരുപാട് നേരം തേങ്ങി. അങ്ങനെ ഞങ്ങൾ ഒരു പാടു നേരമിരുന്നു. ആ തേങലിൽ എനിക്കു തോന്നി അവളും ഇതു പോലെ ഒരു കഥ പറയാതെ പറയുന്നുവോ?

. മേ. പാപി ഹൂ ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു.............. , മേ.... പാപി ഹൂ ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു..............

Saturday, November 12, 2005

കുഞ്ഞുങ്ങളുടെ ചാച്ചാ നെഹ്രു
മാർചു പാസ്റ്റ് കഴിഞ്ഞാ ഈ ലഡു വിതരണവുമുണ്ടാവും...ആരും പോവല്ലേ........

ശിശുദിനാശംസകൾ.

Thursday, November 10, 2005

ശാന്തമീ യാത്ര..........
കുറെ കാലങ്ങൽക്കു ശേഷം കണ്ട ഒരു വിത്യസ്ത ചിത്രം...ചില്ലു മേല്ലാപ്പില്ലാതെ,തലയിൽ കെട്ടില്ലാതെ, മൂക്കിൽ പഞ്ഞിയില്ലാതെ, പൂമാലയില്ലാതെ, വെള്ളതുണി മൂടാതെ.......... ഒരുപാട് ശാന്തത തോന്നുന്ന ഒരു ചിത്രം.
തുമ്പ്-പൂവിന്റെ നൈർമല്യവും, പനിനീർപൂവിന്റെ പരിശുന്ദിയും കാത്തുസുക്ഷിച്ച വ്യക്തി. ഉഴവൂരിന്റെ മാണീക്യം......