Wednesday, March 21, 2007

കണ്ണീരു കാഴ്ച വയ്കുന്നില്ല ഞാന്‍.

കാര്യങ്ങള്‍ ചിന്തിച്ച്‌ തുടങ്ങിയ കാലം മുതല്‍ ചിന്തകളെ നേര്‍വഴിയ്ക്‌ നയിയ്കുകയും, മറ്റൊരു കൂടപ്പിറപ്പെന്ന പോലെ എന്നെ കാണുകയും ചെയ്തിരുന്നു ഇക്കബാല്‍ജി. ഇദ്ദേഹത്തെ കുറിച്ച്‌ എന്തെങ്കിലും പറയുവാന്‍ ഞാന്‍ ഇനിയും അക്ഷരങ്ങള്‍ ഒരുപാട്‌ പഠിയ്കേണ്ടിയിരിയ്കുന്നു. ഫോര്‍ട്ട്‌കൊച്ചി തെരുവിന്റെ അരികിലുള്ള വീടിന്റെ ഭൂരിഭാഗം മുറികളിലും ബുക്കുകള്‍ കൊണ്ട്‌ നിറയ്കുമ്പോഴ്‌ ഞാന്‍ പറയും, ഇതൊക്കെ എന്റെ പേര്‍ക്ക്‌ എഴുതി വച്ചിട്ടെ നിങ്ങളു പോകാവൂ എന്ന്. എഴുതി വച്ചിട്ടുണ്ടോന്ന് ഇടയ്ക്‌ ഫോണില്‍ ചോദിയ്കുമ്പോള്‍ പറയും, വീട്‌ മുഴുവനും നിനക്കല്ലേ എന്ന്. ഇക്കബാല്‍ജി എങ്ങോട്ട്‌ പോയി നിങ്ങള്‍ ഇത്ര വേഗം? കുറച്ച്‌ ഡോളറും കൈയ്യില്‍ പിടിച്ച്‌, ഫോര്‍ട്ട്‌ കൊച്ചി തെരുവിലൂടെ പഴം കഥകളും ഇസങ്ങളുടേ മൂര്‍ച്ചയുമായി ഇനി എന്നെങ്കിലും നടക്കണ്ടേ? ഡോളറു മാറ്റാനായി പഴയ നങ്കൂരങ്ങള്‍ തൂക്കി വില്‍ക്കുന്ന കടയിലേയ്ക്‌ എന്നെ കൂട്ടി കൊണ്ട്‌ പോയപ്പോള്‍, നിങ്ങള്‍ എന്നോട്‌ പറഞ്ഞു, ഇവിടെ നിന്ന് അയാള്‍ടെ പണി മുടക്കണ്ട, ചായപൊടി കച്ചോടത്തിനു ആളു വരും ഇപ്പോളെന്ന്? എന്റെ മാര്‍ച്ച്‌ മാസങ്ങളിലെ മരണപ്പട്ടികയില്‍ നിങ്ങള്‍ എന്തിനു വന്നു ? രിവ്യൂകളൂം അഭിമുഖങ്ങളും നടത്തുമ്പോള്‍ ഫോണ്‍ വിളിച്ച്‌ ഇനി ഞാന്‍ ആരോട്‌ ചീത്ത പറയും?

കണ്ണീരു കാഴ്ച വയ്കുന്നില്ല ഞാന്‍ പകരം ഞാനും വരും അവിടെയ്ക്‌ തന്നെ. അന്നും പറയണം അന്നു കൂടെ കൊണ്ട്‌ വന്ന കുട്ടികളോട്‌ പറഞ്ഞ പോലെ, ഇവള്‍ വലിയ ദഹണ്ണക്കാരിയാണു, കട്ടന്‍ച്ചായ അസ്സലായിട്ട്‌ വയ്കും.

http://ikku.multiply.com/

Sunday, March 04, 2007

മാപ്പ്‌


കോഫര്‍ക്കാന്‍(ഐക്യ അറബ്‌ നാടുകളില്‍ ഒന്ന്) : ഏഴു വയസ്സുകാരി മകളെ രണ്ട്‌ കാട്ടാളന്മാര്‍ ബലാല്‍സംഗം ചെയ്ത്‌ തോട്ടിലെറിഞ്ഞു. നീതിപീഠം ഇവര്‍ക്ക്‌ അര്‍ഹിയ്കുന്ന ശിക്ഷ വധിച്ചു. വെടിയുണ്ടകള്‍ക്ക്‌ ഇരയാവുക. ശിക്ഷ നടപ്പാക്കുന്ന ദിനം വന്നെത്തി. ശിക്ഷ കാണുവാന്‍ കുഞ്ഞിനെ നഷ്ടപെട്ട പിതാവും വന്നെത്തി. തൊക്കിന്റെ കാഞ്ചി വലിയ്കുന്ന ഒരു നിമിഷത്തിനും മുമ്പ്‌ അദ്ദേഹം പറഞ്ഞു : അല്ലാഹു നല്‍കിയ ജീവിതം ഞാന്‍ എടുക്കില്ല, ഇവര്‍ക്ക്‌ എന്റെ മാപ്പ്‌, വെറുതെ വിടു ഇവരെ.


****അറിഞ്ഞ്‌ കൊണ്ടും അറിയാതെയും പല തെറ്റുകളും ഞാന്‍ ചെയ്ത്‌ പോരുന്നു. ചിലത്‌ എന്റെ നിലനില്‍പ്പിനും വേണ്ടി അറിഞ്ഞു കൊണ്ട്‌, ചിലത്‌ അറിയാതെ ചെയ്ത്‌ പോകുന്നത്‌. ചെയ്ത തെറ്റുകള്‍ ഈ പ്രായത്തിനിടയില്‍ ഒരുപാട്‌. ഒാര്‍ത്തെടുക്കുവാന്‍ പോലും കഴിയാതെ, പുതിയ തെറ്റുകള്‍ കുമിഞ്ഞുമൂടി അടിയില്‍ പെട്ടവ പലതും. സര്‍ക്കാര്‍ അപ്പീസ്സിന്ന് അവധി എടുത്ത്‌ ഇവിടെ വന്ന് ജോലിയെടുക്കുമ്പോഴും അവിടുത്തേ ജോലി രാജി വയ്കാതെ 2 കൊല്ലം ശബളം വാങ്ങി കേസിനു പോയി, 4 കൊല്ലം പിന്നെം കേസ്‌ വാദിച്ച്‌, ആ ഒഴിവില്‍ ഒരുവനു ജോലികിട്ടട്ടേ എന്ന് കരുതാതെ ഇരുന്നതിനു, ശമ്പളക്കയറ്റം കിട്ടുമ്പോഴും, അതിനനുസരിച്ച്‌ വീട്ടിലെ ജോലിക്കാര്‍ക്ക്‌ ശബളം കൊടുക്കാതിരിയ്കുക, ബന്ധുക്കളില്‍ ഒരുപാട്‌ ആളുകള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴും എന്റെ കാശ്‌ കൊണ്ട്‌ ബാങ്കില്‍ നിക്ഷേപിയ്കുക, നാട്ടില്‍ കൂടെ നില്‍ക്കാന്‍ മുത്തശ്ശി ആഗ്രഹം പറയുമ്പോ, അപ്പൂന്റെ പഠിപ്പ്‌ കാരണം ശരിയാവില്ലാ എന്ന് കള്ളം പറയുക, പ്യൂണ്‍ അച്ഛുതന്റെ റിക്കാര്‍ഡ്‌ റൂമിലേ കള്ളുകുടി കമോഡര്‍ക്ക്‌ കത്തെഴുതി അച്ഛുതനു 2 മാസം സസ്പെന്‍ഷന്‍ വാങ്ങി കൊടുത്തത്‌, പല ഡിപ്പാര്‍ട്ട്‌മന്റ്‌ പ്രോമോഷന്‍ സ്കാനിങ്ങില്‍ ഇരിയ്കുമ്പോഴും, എന്റെ വേണ്ടപെട്ടവര്‍ക്ക്‌ തരമാക്കി കൊടുത്തത്‌, പി.എഫ്‌ ഫണ്ടില്‍ നിന്ന് പൈസയെടുത്ത്‌ അധിക പെലിശ വ്യാമോഹിപ്പിച്ച്‌ ഹര്‍ഷദ്‌ മേത്തയുടെ കാലത്ത്‌ ഷെയറില്‍ ഇടീച്ച്‌ അപ്പാടെ നശിപ്പിച്ചത്‌, അവിടെ പറഞ്ഞ കാര്യം ഇവിടെ വന്ന പറഞ്ഞ്‌ കുടുംബത്ത്‌ വഴക്കുണ്ടാക്കിയത്‌, ചേട്ടത്തിയമ്മയേ പറ്റി ചേട്ടനു ഇമെയിലുകള്‍ അയച്ച്‌ കുറ്റം പറഞ്ഞത്‌, ശരിയാക്കാം എന്ന് പറഞ്ഞ കാര്യങ്ങള്‍ ചെയ്ത്‌ കൊടുക്കാതെ മൊബൈല്‍ ഓഫ്‌ ചെയ്ത്‌ വച്ചത്‌, ഭര്‍ത്താവിനെ കുറിച്ച്‌ തമാശരൂപത്തില്‍ കുറ്റം പറഞ്ഞത്‌ വിശ്വസിച്ച്‌ ഭാര്യ പിണങ്ങി പോയത്‌, ദുബായിയ്ക്‌ വരാതിരിയ്കാന്‍ എന്‍. ഓ. സി കിട്ടിയില്ലാ എന്നും പറഞ്ഞ്‌, കിട്ടിയ എന്‍. ഓ. സി, കീറിക്കളഞ്ഞ്‌, ഒരു വര്‍ഷം ശര്‍മാജിയെ പറ്റിച്ചത്‌, സഹപ്രവര്‍ത്തകന്റെ കല്ല്യാണത്തിനു രജിസ്റ്റര്‍ അപ്പീസില്‍ പോയി ഒപ്പ്‌ വച്ച്‌, തിരിച്ച്‌ അവരുടെ വീട്ടില്‍ എത്തി കുഴപ്പം ആയപ്പോള്‍, ഞാന്‍ ഇതറിഞ്ഞത്‌ ഇപ്പഴാണെന്ന് ആ അമ്മയോട്‌ കള്ളം പറഞ്ഞത്‌, എനിക്ക്‌ ഇംഗ്ലീഷ്‌ അറിയാം എന്ന് പറഞ്ഞ്‌, പ്ലസ്‌ റ്റൂവിനു പഠിയ്കുമ്പോള്‍ 10 ക്ലാസ്സിലെ ഒരു കുട്ടിയേ റ്റ്യൂഷന്‍ എന്നും പറഞ്ഞ്‌ റീഡേസ്‌ ഡൈജസ്റ്റ്‌ വായിച്ചിരുന്നത്‌, നാട്ടിലെ പല എരിയുന്ന പ്രശ്നങ്ങളും അപകടങ്ങളും പേപ്പറില്‍ വായിച്ചിട്ട്‌ റ്റി.വി ഓണ്‍ ചെയ്ത്‌ സിനിമാല കണ്ടത്‌,ദേവന്റെ ആര്യോഗ്യ പോസ്റ്റുകളില്‍ കയറി കളിയാക്കി അദ്ദേഹത്തിനു മനോവേദയുണ്ടാക്കിയത്‌ (ഇതിന്റെ ശിക്ഷകള്‍ കുറെശ്ശേ കിട്ടി തുടങ്ങി), അങ്ങനെ അങ്ങനെ ചെയ്യുന്ന തെറ്റുകള്‍ ഇനിയും തുടരുന്നു. ദൈവം ഇതിനൊക്കെയും എനിക്ക്‌ മാപ്പ്‌ തന്നു എന്ന് വേണം കരുതുവാന്‍, എന്റെ മേല്‍ സൗഭാഗ്യങ്ങളേയും, സന്തോഷത്തേയും ചൊരിയുമ്പോള്‍. 18 കൊല്ലത്തോളമായിട്ട്‌ അണമുറിയാതെ ഒഴുകുന്നു ഇവ എന്നില്ലേയ്ക്‌. തെളിവ്‌ എന്ന നിലയ്ക്‌ അപ്പൂന്റെ പുഞ്ചിരിയും സംതൃപ്ത കുടുംബ ജീവിതത്തേയും ഞാന്‍ കാണുന്നു. ഒരു പക്ഷെ ശിക്ഷകള്‍ ഉണ്ടാവുമായിരിയ്കാം ഇനി. പക്ഷെ ഇത്‌ വരെ അനുഭവിച്ചവ എന്റേത്‌ തന്നെ. ഇനി ഒരുപക്ഷെ ശിക്ഷയ്ക്‌ തോക്കിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ആരെങ്കിലും ഇനിയും പറയും അതുല്യയേ വെറുതേ വിടൂ, ഞാന്‍ മാപ്പാക്കീ എന്ന്. ഇത്‌ പോലെ ഞാനും എനിക്ക്‌ എന്നോട്‌ തെറ്റു ചെയ്തവരോട്‌ മാപ്പാക്കിയിരിയ്കുന്നു.

മുകളിലെ വാര്‍ത്തയില്‍ വന്ന പിതാവിന്റെതിനേക്കാളും ഒന്നും ഒരു മനോവിഷമവും നമുക്ക്‌ ഒന്നില്‍ നിന്നും ഉണ്ടായിട്ടുവില്ല. അത്‌ കൊണ്ട്‌ ഞാന്‍ എനിക്ക്‌ തോന്നിയ ശിക്ഷ ഒരു താക്കീതില്‍ ഒതുക്കി കള്ളനെ/ എന്നെ വേദനിപ്പിച്ചവരെ ദൈവത്തിന്റെ കരങ്ങളിലേയ്ക്‌ വിടുന്നു.

(ഈയ്യിടെ നടന്ന/നടക്കുന്ന എന്തെങ്കിലും സംഭവുമായി ഇതിനു സാമ്യത തോന്നിയെങ്കില്‍ അത്‌ തികച്ചും യാദൃശ്ചികം മാത്രം, എങ്കിലും കഥാപാത്രങ്ങള്‍ എല്ലാം യാഥാര്‍ഥ്യം. )



Friday, March 02, 2007

ഹോളി ആയീ രേ...

നിറങ്ങള്‍ തന്‍ ആഘോഷം. ഈ നിറങ്ങള്‍ പോലെ നന്മയും നിറയട്ടെ.
ഹോളി ആയീ രേ...