Wednesday, May 30, 2007

ബിനുവിനു.

കുറുമാന്റെ മെയില്‍ വഴിയാണു ആദ്യമായിട്ട്‌ ബിനുവിന്റെ കൂട്ടുകാര്‍ അവനു വേണ്ടിയിട്ട ലിങ്കില്‍ പോവുകയും, ആ കുട്ടിയുടെ സ്ഥിതിയേ പറ്റി അറിയുകയും ചെയ്തത്‌.

ലിങ്കില്‍ നിന്ന് അറിഞ്ഞത്‌ :-
ബിനു 17 വയസ്സ്‌
സ്വദേശം വയനാട്‌
ഉപജീവനമാര്‍ഗ്ഗം - കുടുംബം ഒന്നിച്ച്‌ ചെയ്യുന്ന കൃഷി/കൂലിപ്പണി
ജ്യേഷ്ടന്മാരില്‍ ഒരാള്‍ ആത്മഹത്യ്‌ ചെയ്തു.
കടുത്ത ദാരിദ്ര്യം
ഒന്ന് കൈ ചലിപ്പിച്ചാല്‍ പോലും നുറുങ്ങുന്ന അസ്ഥികള്‍
(രണ്ടാം വയസ്സില്‍ തുടങ്ങിയത്‌)
അസുഖം : ഓസ്റ്റിയോ ജെനിസിസ്‌ ഇമ്പെര്‍ഫക്റ്റ്‌
വീടിനുള്ളില്‍ നിരങ്ങി നീങ്ങുവാന്‍ സാധിയ്കുന്നു.
സാക്ഷരത പ്രവര്‍ത്തനം മൂലം അല്‍പം വിദ്യാഭ്യാസം.
കവിതകളും മറ്റും എഴുതി രോഗത്തിന്റെ തീവ്രത മറക്കുന്നു.
ലിങ്കുകളില്‍ ആ കുട്ടി എഴുതിയ കവിതകള്‍ സ്കാന്‍ഡ്‌ ആയിട്ട്‌ ഇട്ടിട്ടുണ്ട്‌.
വിദഗ്ദ ചികല്‍സ/ഫിസിയോ തെറാപ്പി എന്നിവ കൊണ്ട്‌ അല്‍പം സ്വല്‍പം പിടിച്ച്‌ നില്‍ക്കാന്‍ സാധിയ്കുമെന്ന് വൈദ്യലോകം.

ഇനി,

ഈ ലിങ്കില്‍ കൊടുത്തിരിയ്കുന്ന ഡോക്ടര്‍ ശ്രീ. ഹരിയുമായി ഇന്ന് ഞാന്‍ സംസാരിച്ചിരുന്നു. ഇത്‌ വരെ ഒരു പരിധി വരെ ഇദ്ദേഹമാണു ഈ കുട്ടിയേ സൗജന്യമായി വീട്ടിലും മറ്റു പോയി ചികില്‍സിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍:

(1) ഇംഗ്ലീഷ്‌ ചികില്‍സ ഇപ്പോ ഇല്ല. അല്‍പം സ്വല്‍പം റ്റോണിക്കുകളും/വിറ്റാമിന്‍ റ്റാബ്ലറ്റ്‌ സും അല്ലാതെ.
(2) ശ്രീ ഹരിയുടെ മേല്‍നോട്ടത്തില്‍ തന്നേ, പേശികള്‍ക്ക്‌ ഫലം കിട്ടാനും മറ്റുമായി ഫിസിയോ തെറാപ്പിയും, ആയുര്‍വ്വേദ ചികില്‍സകളും ആരംഭിയ്കുവാന്‍ ഉദ്ദേശിയ്കുന്നു.
(3) ഇതിനായി പച്ച മരുന്നുകളും/കഷായങ്ങളും മറ്റു അടങ്ങിയ ഒരു ചികില്‍സാ വിധിയാണു മുമ്പിലുള്ളത്‌.(4) ഫിസിയോ തെറാപ്പിയുടെ ഭാഗമായിട്ട്‌ ഒരു സ്റ്റ്രെച്ചസും ഒരു വീല്‍ ചെയ്യറും മറ്റും നല്‍കിയാല്‍ അത്‌ കൂടുതല്‍ സഹായകമാവും.

മേല്‍പ്പറഞ്ഞതിനു എല്ലാം കൂടിയായി ആദ്യ ഘട്ട മരുന്നുകള്‍ക്കും, ചികില്‍സാ സഹായത്തിനും, വീല്‍ ചെയ്യറിനും മറ്റുമായി ഒരു ഇരുപതിനായ്യിരം രുപയുടെ (INR 20,000/-) എങ്കിലും ചിലവ്‌ വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

അതനുസരിച്ച്‌, ഈ പോസ്റ്റിലൂടെ യു.എ.യീലുള്ളവരുടെ സാമ്പത്തിക സഹായ സമാഹരണം അഭ്യര്‍ഥിയ്കുന്നു. അവരവര്‍ക്കാവുന്ന തുക ഇതിലേയ്കായി പിരിയ്കാന്‍ തമനു, അദ്ദേഹത്തിന്റെ ഒഴിവു സമയത്ത്‌ സമ്മതമുള്ള ബ്ലോഗ്ഗേഴ്സിന്റെ അടുത്ത്‌ വന്ന്/പറയുന്ന സ്ഥലത്ത്‌ വന്ന് ശേഖരിയ്കാമെന്ന് അറിയിച്ചിട്ടുണ്ട്‌.

ഉദ്ദേശിയ്കുന്ന തുക ഒരു കവറിലിട്ട്‌ പേരെഴുതിയോ പേരെഴുതാതെയോ സൗകര്യം പോലെ തമന്നുവിനെ ഏല്‍പ്പിച്ചാല്‍ ദേവന്‍ ലീവിനു പോകുന്നതിനു മുമ്പ്‌ ദേവന്‍ കൈവശം ഏല്‍പ്പിച്ചാല്‍ ബിനുവിന്റെ പേരിലുള്ള അഡ്രസ്സില്‍ ഒരു ഡ്രാഫ്റ്റാക്കി അയച്ച്‌, നാട്ടിലുള്ള ചുരുക്കം സമയത്തിനുള്ളില്‍ ദേവനു ബിനുവുമായി കൂടുതല്‍ സംസാരിയ്കാനും സാധിയ്കുമെന്ന് വിശ്വസിയ്കുന്നു.തമന്നുവിനെ/എന്നെ നേരില്‍ വിളിച്ചോ/അല്ലെങ്കില്‍ കമന്റ്‌ മുഖേനേയോ അഡ്രസ്സ്‌ പറയുമല്ലോ.

Labels:

Monday, May 28, 2007

കൈ തൊഴിലുകള്‍

ഈയ്യിടെ ആയി ഏതോ തമിഴ് ചാനലില്‍ ഒരു കുട്ടി തമിഴ്നാട്ടിലേ ഒരു ഗ്രാമമാ‍യ തിരുവാഴ്മിയൂര്‍ എന്ന സ്ഥലത്ത് മുല്ലപ്പൂ കൃഷി ചെയ്ത്, പൂക്കള്‍ കൊരുത്ത് കെട്ടി വില്‍ക്കുന്നു. ഇത് ഒട്ടും ഒരു അല്‍ഭുതപെടുത്തുന്ന വാര്‍ത്തയല്ല, ശരിതന്നെ. പക്ഷെ ഇതിലൂടെ എന്റെ ചിന്തയ്ക് വക നല്കിയത് മറ്റൊന്നാണു. യന്ത്രത്തിന്റെയും അത് വഴി വൈദ്യുതിയുടെയും മറ്റും ഉപയോഗവും കടന്നാക്രമണം ഒന്നുമില്ല്യാതെ/തീരെ എത്തി നോക്കാതെ,നമ്മുടെ നാട്ടില്‍ ബാക്കി നില്ക്കുന/വീടുകളിലെ അടുപ്പ് കത്തിയ്കുന്ന തൊഴിലുകള്‍ ബാക്കി എത്ര? എന്റെ ഓര്‍മ്മയിലേയ്ക് കടന്ന് വന്നവ :-

പൂ കെട്ടല്‍
കൊട്ട മെടയല്‍
ഓല മെടയല്‍
നെല്ല് ഉണക്കല്‍ (?)
കള്ള് ചെത്ത്
കളിമണ്ണ് നിര്‍മ്മാണം (?)
തൊടി തിരിയ്കല്‍ (ക്രിഷിയ്ക് വെള്ളം നനയ്കല്‍)
റബ്ബര്‍ റ്റാപ്പിങ്
ചെറുകിട കൃഷികള്‍ - കാ‍യ ചേന ചീര എന്നിവ
കെട്ടിട നിര്‍മ്മാണം ?
അമ്മിക്കല്ല് ആട്ട്ക്കല്ല് നിര്‍മ്മാണം
സദ്യ വിളമ്പല്‍

ഇത് പോലെ സ്വന്തം കൈകൊണ്ട് മാത്രമേ ചെയ്യാന്‍ പറ്റു എന്നുള്ള തൊഴിലുകള്‍ ഓര്‍മ്മയുണ്ടേങ്കില്‍ ചേര്‍ക്കു എല്ലാരും.

Sunday, May 27, 2007

തൂണുകള്‍

എന്റെ മനസ്സിനകത്ത്
ഒരു ഉദ്യാനം
അതിനു ഊക്കന്‍ നാലു തൂണുകള്‍
അലങ്കാരമായിട്ടുണ്ടായിരുന്നു.
വള്ളിപടര്‍പ്പിനു വേണ്ടിയാവണം
ഈ തൂണുകള്‍ തറവാ‍ട്ടുകാരു പണിതത്.
തൂണുകളൊക്കെ പുരുഷന്മാരാണെന്ന്
ഞാന്‍ വെറുതെ ഊഹിച്ചിരുന്നു.
അത്രയ്ക് ഊക്കുണ്ടായിരുന്നു,
കാണാന്‍ ഈ തൂണുകള്‍ക്ക്
അനിയന്മാരോ വലിയവരോ
എന്നൊന്നും കണക്കെടുക്കാതെ
“കുട്ടാ”ന്ന് തൂണുകളെ വിളിച്ചിരുന്നു,
സായനന്തത്തില്‍
പുറത്തേയ്കിറങുമ്പോള്‍
ഈ തൂണുകളുമായി സംവേദിച്ചിരുന്നു
ഞാന്‍.
ചില ദിനം ചര്‍ച്ചകള്‍
തകര്‍ന്നടിയുന്ന ഡോളര്‍ വില
മറ്റ് ദിനം
ചില കഥകള്‍ പറഞിരുന്നു
കഥകള്‍ കലപിലയായി മാറുമ്പോള്‍
ഈ "ചേച്ചി"യ്ക്കൊന്നുമറിഞൂടാന്ന്
ചില “കുട്ടന്മാര്‍“ --
നീയ്യ് ഒന്ന് പോടാ “ചെക്കാ”
ഞാനും കയര്‍ത്തിരുന്നു.
“കുട്ടാ“ വിളികളും
“ചെക്കന്‍“ എന്ന അരുമ വിളികളും
അപത്താവുമെന്ന് ഈയ്യിടെ ചിലര്‍!
കാരണം ചില സ്ത്രീകള്‍
"കുട്ടാന്നും" "ചെക്കാന്നും"
ചില സന്ദര്‍ഭങ്ങളിലു
വേറെ അര്‍ഥത്തിലും വിളിയ്കുമത്രെ
അന്ന് മുതല്‍ തൂണുകളേ
പിന്നെ പുരുഷന്മാരേയും
“മോനെ“ വിളിയ്കണമെന്ന്
ആലോചിച്ച് പിന്നെ അതും
ഗണിച്ച് കുറിച്ച് കുറച്ച്
മിക്ക പുരുഷന്മാരേയും
വെറും ‘മണ്ണേ” എന്ന് വിളിച്ച് പോന്നു.

ഇതിനിടയ്ക് ഒരിയ്കല്‍
വിരുന്നുകാരെത്തിയപ്പോഴു
ഇല വേണമെന്ന് അമ്മ
നീട്ടി പിടിച്ച കത്തിയുമായി
ഉദ്യാന നടുവിലെത്തിയതും
പടിയിലെത്തിയ അതിഥികള്‍
നീട്ടി പിടിച്ച കത്തി അവലക്ഷണം
കൈതിരിച്ച് കത്തി പുറകോട്ടാക്കി
ഊക്കന്‍ തൂണിലൊന്നിലു ചാരി
അയ്യോയ്യ്..
കത്തി കോറി തൂണടര്‍ന്ന് വീണു
കത്തിയ്ക് പഴി
അല്ല, പിന്നീടാണറിഞത്
തൂണു വെറും പൊള്ളയായിരുന്നു,
ഊക്കന്‍ തൂണു പൊള്ളയായിരുന്നു,
അപ്പോഴും വിളിച്ചു
എങ്കിലും മണ്ണേ...ന്ന്

Labels:

Monday, May 21, 2007

ബഹുരൂപി

അവന്‍ ബഹുരൂപി*
ചിലപ്പോള്‍ മജ്നുവിന്റെ വേഷം
അല്ലാത്തപ്പോള്‍ ചെകുത്താന്റെ
അല്ലെങ്കില്‍ വെടി കൊണ്ടവന്റെ--
എന്നിട്ട് അവന്‍ മരിച്ചത്
ബഹുരൂപിയല്ലാത്ത
ശരിയായ മനുഷ്യരുടെ
ചെകുത്താന്റെ ബുദ്ധി കൊണ്ട്.

(*ഉത്തര്‍ പ്രദേശിന്റെ ഉള്‍നാടുകളില്‍ ബഹുരൂപി എന്ന ഒരു തൊഴില്‍- അല്ലെങ്കില്‍ കല, തൊഴിലായി കൊണ്ട് നടക്കുന്നുവരുണ്ട്. ഇവര്‍ ചിലപ്പോ താടി വളര്‍ത്തി, നിരാശാ കാമുകനായി “മേരാ ലൈല നഹി മിലാ“ എന്നും പറഞ് പാടി തളര്‍ന്ന് അഭിനയിച്ച് പിച്ച തെണ്ടും, ചിലപ്പോ ഒരു ചെകുത്താന്റെ മുഖം മൂടിയും, കറുത്ത കരിയോയിലും വാരിയടിച്ച് കുട്ടികളേ പേടിപ്പിച്ച് പിച്ചയ്ക് വരും. അങനെ ഏതോ ഒരു വരവില്‍ ഒരു മനസ്സാക്ഷി ഇല്ലാത്ത ചില മനുഷ്യരു കുറച്ച് ആസിഡ് റ്റെറസ്സില്‍ നിന്ന് ഒരു ബഹരൂപിയുടേ തലവഴി ഒഴിച്ച് “കളിയ്കുക” യുണ്ടായി എന്ന്. ഏതായാലും എന്റെ ഭര്‍ത്രുഗ്രഹത്തില്‍ വന്ന് കൊണ്ടിരുന്ന രാം യാദവ് ബോലി മരണപെട്ടു ഇന്നലെ.

ഈ ബഹരൂപികള്‍ക്ക് നമ്മടേ കേരളത്തില്‍ പണ്ട് കണ്ട് വന്നിരുന്ന കുടു കുടു പാണ്ടിയുടെ -- (ഒരു ഉടുക്ക് കൊട്ടി, ഉങ്കളുക്ക്ക്ക് നല്ല കാലം വരപ്പോകുതയ്യാ എന്ന് പറഞ് വരുന്ന കുടു കുടു പാണ്ടിയുടെ മറ്റൊരു രൂപമായിട്ടാണു എനിക്ക് തോന്നാറുള്ളത്. ഇവരെ കുറിച്ചോ ഈ തൊഴിലിനെ കുറിച്ചോ ഒന്നും തന്നെ ഒരു അറിവും എവിടെയും പരാമര്‍ശിച്ച് കണ്ടിട്ടില്ലാ ഇത് വരെ.)