Tuesday, January 31, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 26

ഇനിയിപ്പോ ഇങ്ങനെയിരുന്ന് കണ്ണിരോലിപ്പിച്ചിട്ടെന്തു കാര്യം? പോലീസ്‌ ഏമാൻ എന്റെ കണ്ണ്
കുത്തി പൊട്ടിച്ച്‌, വരാന്തയിലേയ്ക്‌ എറിഞ്ഞ്‌....

എത്ര സുന്ദരൻ ആൺപിള്ളെരുടെ നെഞ്ചിലൂടെ ഇഴഞ്ഞ്‌... അവരൊക്കെ എന്നെ എന്ത്‌ അഭിമാനത്തോടെ കൊണ്ടു നടന്നിരുന്നു. സ്ഥലത്തെ പ്രധാന പയ്യന്മാരൊക്കെ എന്തു പൈസ കൊടുത്തും എന്നെ ഒപ്പിയ്കാൻ ശ്രമിച്ച്, ചിലർ ഒരിയ്കലെങ്കിലും ഒന്ന് തൊട്ടാ മതീന്ന്.. ചിലർ ആരും കാണാതെ ഒന്ന്.....

എന്നിട്ട്‌ ഇപ്പോ ..... കുമാരേട്ടനോട്‌ യാത്ര പോലും പറയാൻ കഴിഞ്ഞില്ലാ, അപ്പോഴേയ്കും എത്തി, പോലീസ്‌ ഏമാൻ, ലാത്തി വീശി എന്നെ നിലത്തടിച്ചു. എവിടാണോ എന്തോ എന്റെ കുമാരേട്ടൻ ?? വേറെ വല്ലവരേയും സ്വന്തമാക്കീട്ടുണ്ടാവും ഇപ്പോ. ഇവറ്റകൾക്കൊന്നും ഞാനില്ലാതെ പറ്റില്ലല്ലോ. .

പാണ്ടി ലോറി വരുന്നതും കാത്ത്‌ അവനാ ചാക്കിനുള്ളിലിരുന്നു. കൂട്ടിനു എടുത്തെറിഞ്ഞു കാലോടിഞ്ഞ കസേര കഷ്ണങ്ങളുമുണ്ടായിരുന്നു.

Tuesday, January 24, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 25

രണ്ടു പേർക്കും പിരിയണമെന്നുണ്ടായിരുന്നു. എന്നും ഉയരുന്ന ശകാര വർഷങ്ങളും, കുറ്റപെടുത്തലുകളും, അസ്വസ്ഥത നിറഞ്ഞ ദിനങ്ങളും, ചലനമറ്റു കിടന്ന അടുക്കളപുറവും, വാരിവലിച്ചിട്ടിരുന്ന തുണികളും, എല്ലാമെല്ലാം അവർക്കുള്ളിലെ മരവിപ്പിന്റെ ചിത്രം വ്യക്തമാക്കിയിരുന്നു.

എന്നാലും "പിരിയാം" ന്ന് പറയാൻ കഴിയാതെ... അമ്മ, സഹോദരങ്ങൾ, സമൂഹം, ഒോഫീസിലെ ചുറ്റുപാടുകൾ.

ഭവാനി ചിറ്റമ്മ തീർഥയാത്രയ്ക്‌ എന്ന് പറഞ്ഞു വന്ന് നിൽകാൻ തുടങ്ങിയിട്ട്‌ നാലുനാളായി. എന്തെങ്കിലും ഒക്കെ അവർക്കും തോന്നി കാണണം. അതു കൊണ്ടാവും, രണ്ടു പേരോടും പുറപ്പെടുന്ന ദിവസം, സർവേശ്വരന്മാരേയും മനസ്സിൽ ധ്യാനിച്ചു എന്തെങ്കിലും വഴിപാടിനായി നേരാനാവശ്യപെട്ടത്‌. വിളിച്ചാ വിളിപുറത്താ ഭഗ്ഗോതി... പാഴാവില്ലാ പ്രാർഥന ചിറ്റ കൂട്ടി ചേർത്തു.

ചായക്കടയിലെ ബാബു രാവിലെ പറയണണ്ടായിരുന്നു, "വിരുന്നു വന്നവരെ ആരെയോ, ബസ്റ്റ്‌ സ്റ്റാന്റിലു കൊണ്ട്‌ വിട്ട്‌ വരണ വഴി, ഏതോ, ടിപ്പർ ലോറിയിലിടിച്ചൂന്നാ പറയണേ, ഫയർഫോഴ്സ്‌ ആളുകളു പൊളിച്ചാത്രേ ശരീരങ്ങളു പുറത്തെടുത്തത്‌" രണ്ടു പേരും ഒന്നിച്ചായത്‌ നന്നായില്ലേ കുമാരാ?

Sunday, January 22, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 24

ഡോക്ടർ മൃദുലയ്കു മടുത്തു. ഇതു ഈ മാസം എത്രാമത്തെ തവണയാ? ഈ വേർപട്ട കഴുത്തോക്കെ ചേർത്തു തുന്നി, പിന്നെ, കൈയീന്ന് പറഞ്ഞു പോയതൊക്കെ ശരിയാക്കി, അവിടെ പിന്നെയും വേറൊരു തുന്നികെട്ട്‌. എല്ലാം കഴിഞ്ഞൂന്ന് കരുതി തലവെട്ടിക്കുമ്പോ, പിന്നെയും ആ വയറ്റീന്ന് പുറത്തേയ്ക്‌ ചാടും. എന്നിട്ട്‌ അതും ഒക്കെ ഒരുവിധം ആർക്കും കാണാൻ പറ്റുന്ന പരുവം ആക്കി. അല്ലെങ്കിലിതു മതി ആരോപണത്തിനു, ഡോക്ടറാന്ന് പറഞ്ഞിട്ടെന്തു കാര്യം.. ഇതു പോലും മര്യാദയ്ക്‌...

യൂണിഫോം മാറുമ്പോ പാറുവിനോട്‌ പറഞ്ഞു, "ഇനി ഇത്‌ കേടാക്കിയാ ഞാൻ തൂക്കിയെടുത്ത്‌ എറിയും, ഇതു വച്ചുള്ള കളി മതി."

Saturday, January 21, 2006

പിറന്നാളുകാരൻ




ഈ കള്ളച്ചിരിയൊക്കെ കാട്ടി മയയ്കാതെ, ആരെങ്കിലും ഒക്കെ ഒന്ന് പറയൂ ഇവനോട്‌ നല്ലവണ്ണം പഠിച്ച്‌ മിടുക്കനായി നമ്മടെ വക്കാരീനേം ആദീനേം ശ്രീജിനേം, പച്ചൂനേം, ദില്‍ബൂനേം മറ്റ്‌ എനിക്ക്‌ ചുറ്റും ഈ ബൂലോഗത്തിലുള്ള അനിയന്മാരേം അനിയത്തിമാരേം ഒക്കെ പോലെ നല്ല ചുണക്കുട്ടികളായി വല്യ ഉദ്യോഗം ഒക്കെ ആവണമെങ്കില്‍ നല്ലവണ്ണം പഠിയ്കണം, ഇത്‌ പത്താം ക്ലാസ്സാണു, കണക്കിനും മാത്രം നൂറില്‍ നൂറു വാങ്ങിച്ച്‌ ഹിന്ദിയ്കും സോഷ്യലിനും 50 വാങ്ങിയിരുന്നാ പോരാ,ആവറേജ്‌ 95% ഉണ്ടേങ്കിലെ ഫസ്റ്റ്‌ ഗ്രൂപ്പ്‌ കിട്ടൂ, അതുല്യാന്റീനേ റ്റെന്‍ഷന്‍ അടിപ്പിച്ച്‌ കൊല്ലരുത്‌, നല്ല കുട്ടിയായി ഫുള്‍ റ്റെം പോഗോ വോ നിക്കളോടിയനോ ഒന്നും കണ്ടിരിയ്കരുത്‌, സൂ ആന്റിയോട്‌ ആട്ടോഗ്രാഫില്‍ എഴുതിയ പോലെ പൈലറ്റായി കാട്ടണമ്ന്ന്. എന്നിട്ട്‌ ഈ അങ്കിള്‍മാരോ ആന്റിമാരോ ഒക്കെ ദുബായീന്നു, ഇസ്രായിലീന്നും ജപ്പാനീന്നും ഒക്കെ വിമാനത്തില്‍ കാണുമ്പോ, അയ്യമ്പടാ ഇത്‌ നമ്മുടെ അപ്പൂസ്‌ അല്ലേന്ന് പറയണം ന്ന്.

പിന്നേം ഈ കുരുന്ന് മീശ ചെക്കനു പിറന്നാളിന്ന്.

Monday, January 16, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 23

ജയന്തി ജനലിനിടയിലൂടെ താഴെക്ക്‌ നോക്കി, മീതേയ്ക്കു മീതേ അടുക്കി വച്ചിരിക്കുന്ന നീൽകമൽ കസേരകൾ. കല്ല്യാണതിരക്കൊഴിഞ്ഞ്‌ ബാക്കി വന്ന ബന്ധുക്കൾ അവിടെയുമിവിടെയും ക്ഷീണിതരായി ഇരിക്കുന്നു. അവൾ പൂമാലകളൊക്കെയൂരി, തലയിലെ അലങ്കാരവസ്തുക്കൾ എടുത്ത്‌ മാറ്റി. ആകെ തളർച്ച തന്നെ. കല്ല്യാണപെണ്ണെങ്കിലും, അമ്മയ്കു കൈയാളായി ജയന്തി ഓടി നടന്ന് അടുക്കളെയിലെ കാര്യങ്ങൾ അന്വേക്ഷിച്ച്‌ അവൾക്ക്‌ വയ്യാതായി. ഇനി പാവം അമ്മ, ഒറ്റയ്ക്‌.......

“നീ ഇങ്ങനെയിരുന്നാ എങ്ങനെ? പോയി മേലുകഴുക്‌..... ചായിപ്പു മുറി അടിച്ചു വ്ര്ത്തിയാക്കി, കട്ടിലോക്കെ പിടിച്ചിട്ടുണ്ട്” അവൾ തല വെട്ടിച്ച്‌ നോക്കി, വനജ ചിറ്റയാണു.

"ദേ നിനക്കാറിയാലോ, ആദ്യ രാത്രിയാ...... പുരുഷന്റെ കൂടെ ആദ്യേ...... എങ്ങനെയൊക്കെ എന്നൊക്കെ..... സൂക്ഷിച്ചു കണ്ട്‌...... പരിഭ്രാന്തി കാട്ടാതെ, ആണുങ്ങൾ പലവിധമാകും, നീ വായിച്ചതോ സിനിമയിൽ കണ്ടതോ ഒന്നുമാവില്ലാ.......” വനജ ചിറ്റ പറഞ്ഞു നിർത്തി.

ജയന്തി ഓർത്തു....

പിന്നാമ്പുറത്തേ പത്തായത്തീന്ന് വെങ്കല ഉരുളി എടുപ്പിയ്കാൻ കൂടെ കൂടിയ വേലായുധനമ്മാവൻ, താൻ കുനിയുമ്പോ കൂടെ കുനിഞ്ഞ്‌, വെങ്കലം തപ്പാതെ, തന്റെ ജാക്കറ്റ്‌ വെട്ടിൽ കണ്ണുന്നിയതും,

കറവക്കാരൻ ഗണേശൻ പാലുചെമ്പ്‌ എടുക്കാൻ ചെല്ലുമ്പോ, അകിടു നോക്കി, പാലു പോരാ, പാലു പോരാ, തീറ്റ മാറ്റണമ്ന്ന് അച്ഛനോട്‌ പറയ്‌ ന്ന് പറയുന്നതും,

തയ്യൽക്കാരൻ ചുപ്പു, പുള്ളിപാവടയ്ക്‌ അളവെടുക്കുമ്പോ, തുടയിൽ പിച്ചുന്നതും,

വള-കണ്മഷി വിക്കണ കേശു വള കയ്യിലു കേറ്റുമ്പോ മനപ്പുർവം കൈ തെറ്റിച്ചു മാറത്ത്‌ കൈ മുട്ടിക്കുന്നതും,

പഠിക്കാൻ പോവുമ്പോ, ഇടവഴീലു വച്ചു, ആ നൊണ്ടിമാപ്ല സൈക്കൾ ചെയിൻ ഊരി പോയീന്ന തട്ടിപ്പ്‌ പറഞ്ഞ്‌ കുനിഞ്ഞിരുന്ന് വേണ്ടാധീനം കാട്ടണതും.....

പലവിധത്തിൽ ഏതു വിധമാകും, ഇനി ഇന്ന് എന്റെ മുമ്പിൽ? അവൾക്ക്‌ വനജ ചിറ്റ പറഞ്ഞ പരിഭ്രാന്തിയേക്കാളേറെ, പുച്ഛമാവും തോന്നിയത്.

Saturday, January 14, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 22

അപ്പന്റെ അടുത്തേയ്കിരിയ്ക്‌ നീ, അമ്മച്ചി പതിയെ ഷർട്ടിന്റെ കൈയിൽ പിടിച്ച്‌ അവനോട്‌ പറഞ്ഞു. ഇന്നലെ മുതൽ ചോദിക്കാൻ തുടങ്ങിയതാ, ജോസ്‌ വന്നോന്ന്.....

അപ്പൻ കണ്ണുകൾ തുറന്ന്, ക്ഷീണിച്ച കെകൾ നീട്ടി ജോസിനെ തൊടാൻ ആഞ്ഞു. ചുറ്റും നിന്നിരുന്നവർ അൽപം മാറി നിന്നു. ഒരേ ഒരു മകൻ. എന്തെങ്കിലും പറയാനുണ്ടാവും, ഇനി എത്ര നേരം...... ഇന്നോ നാളെയോ.

ജോസ്‌ അടുത്തെത്തി, സ്റ്റൂളിലിരുന്നു. പിന്നെ പറഞ്ഞു, “അപ്പാ, ഞാൻ വന്നു.......“

“ജോസേ..... നീ ഓർക്കുന്നോ........ നിന്നെ ഞാൻ ഏഴാം തരത്തിലു സൈക്കളു ചവിട്ടാൻ പഠിപ്പിച്ചത്‌? നീ എത്ര തവണ വീണു... .. “

അപ്പന്റെ നെഞ്ചിൻ കൂട്‌ ഉയർന്ന് താഴ്ന്നു. ശ്വാസം മന്ദഗതിയിലായി. എന്തിനോ ആ അപ്പൻ കരയുന്നുണ്ടായിരുന്നു.... തലയിണയിലേയ്ക്‌ ഇറ്റു വീണു ചേർന്നലിഞ്ഞു ആ അശ്രുക്കൾ. ഒരുപക്ഷെ, ഇനി എത്ര നേരം ഇവരോടൊപ്പം... മനസ്സു വിങ്ങുന്നുണ്ടാവണം.

“പിന്നെയും പിന്നെയും, സൈക്കളിലിരുത്തി, എന്നാ ബുദ്ധിമുട്ടിയാ ഞാൻ...... എന്നാലും നിന്നെ പഠിപ്പിച്ചേ ഞാൻ അടങ്ങിയുള്ളു.. നീ വലിയ മടിയാനാ അല്ലേടാ... വീണാ പിന്നെ സൈക്കളെ തൊടുകേല്ലാ.... ഓർമ്മയുണ്ടാടാ... ജോസിയേ നിനക്ക്‌............“

“അപ്പൻ ഇതു എന്നാവാ ഈ പറയണേ... ഒന്നോ രണ്ടൊ ദിനം അപ്പൻ വന്നൂന്നല്ലാതെ, ഞാൻ പിന്നെ, ആ സിമന്റു നാണുവിന്റെ സൈക്കളിലു ഇടംകാലിട്ട്‌ ചവിട്ടി തന്നെ അല്ലായോ പഠിച്ചത്‌?.....എനിക്കു നല്ല ഓർമ്മയുണ്ട്‌, ഞാൻ തന്നെയാ പഠിച്ചത്‌ അപ്പാ..... “

അപ്പൻ പിന്നെയും കുറച്ചു നേരം കൂടി കരഞ്ഞു.

Tuesday, January 03, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 21

നിർത്താതെ കരയുന്ന രണ്ടു വയസ്സുകാരൻ. അതും വളരെ ഉച്ചത്തിൽ. അവൾ അവനെ ആ തിണ്ണയിൽ വച്ചു, നിറുകയിൽ ഉമ്മ വച്ചു. കുഞ്ഞു പിന്നെയും ഉച്ചത്തിൽ കരയുന്നു. അവനു വിശക്കുന്നുവോ? അല്ലാ, അവനിട്ടിരിയ്കുന്ന കുട്ടിയുടുപ്പുകൾ അവനു അരോചകമാകുന്നുവോ? അതുമല്ലാ ഈ ചുട്ടുപഴുത്ത കാലാവസ്ഥയും, ഈ തിരക്കും അവനെ കൂടുതൽ അസ്വസ്ഥമാക്കുന്നുവോ? അവൻ അലറുന്നു പിന്നെയും, കവിളുകളിൽ ചോരതുടിയ്കുന്നു. അമ്മേ.....മ്മേ....... ആ പിഞ്ചു കുഞ്ഞ്‌, അമ്മയുടെ മാറിലേയ്കു മുഖം പൂഴ്ത്താൻ വെമ്പൽ കൊള്ളുന്നു. അമ്മേ.. മ്മേ... കൈയ്യ്നും കാലുമിട്ടടിച്ച്‌ അവൻ ഒരു അപസ്മാര രോഗിയുടെ അവസ്ഥയിലായി. അമ്മേ... മ്മേ... എവിടെ എന്റെ അമ്മ?? എന്റെ അമ്മ?

കട്ട്‌... പായ്ക്‌ അപ്പ്‌ ..."

നാളെ വരുമ്പോൾ ഇത്തിരി "ബെനാഡ്രിൽ സിറപ്പ്‌" കൊടുത്തു കൊണ്ടുവരണം. അപ്പോ പിന്നെ 4 മണിക്കുർ സുഖമായി ഉറങ്ങും അവൻ. തോളിൽ ഉറങ്ങുന്ന കുഞ്ഞിന്റെ സീനാക്കി മാറ്റാം". അയാൾ പറഞ്ഞു.

കാശെണ്ണി വാങ്ങി, കുഞ്ഞിനെ എടുത്ത്‌, അമ്മ കാറിൽ കയറി പോയി, അടുത്ത സീരിയൽ ഷൂട്ടിംഗ്‌ സ്ഥലത്തേയ്ക്‌.

അമ്മ : അറിയപ്പെടുന്ന റബ്ബർ ഏസേറ്റേറ്റ്‌ മുതലാളിയുടെ മകൾ.

അച്ഛൻ: ബാങ്ക്‌ മാനേജർ.

ജോലിയ്ക്കു ഒക്കെ പോകുന്നതു മോശമല്ലേ, അതു കൊണ്ട്‌ സമയം പോകാൻ ഒരു വഴി. പൈസ ഒന്നും ആഗ്രഹിച്ചല്ലാട്ടോ. തെറ്റുദ്ധരിയ്കല്ലേ.....
----
ഇന്നലെ "സഹധർമ്മിണീ" സീരിയലിലേ ഒരു സീൻ കണ്ട്‌ , ആ കുഞ്ഞിനെക്കാളും എറെ ഞാൻ കരഞ്ഞു. തീരെ തിരിച്ചറിവില്ലാതെ ഈ കുഞ്ഞുങ്ങളെ ഈ ഷൂട്ടിംഗ്‌ (ശരിക്കും ഇതു അവരെ ഷൂട്ടിംഗ്‌ ചെയ്യണപോലെ തന്നെ) മാമാങ്കത്തിനു ഉപയോഗിക്കുമ്പോ, ചുറ്റും നടക്കുന്നതു എന്താണെന്നും പോലും അറിയാൻ കഴിയാതെ അവർ, ആകെ അറിയുന്ന അമ്മേ... ന്നു മാത്രം നിലവിളിച്ചു തീർക്കുന്നു. ഇതു നിർത്തലാക്കാൻ ഒരു നിയമവും വരില്ലെ??

Monday, January 02, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 20


ഇനി വരുന്ന നാളുകളിൽ, ഇന്ത്യയിൽ ഇവർക്കായി എന്താവും ബാക്കിയുണ്ടാവുക?
ആ ആശങ്കയില്ലാത്തതു കൊണ്ടാവും, എല്ലാരും ഞാൻ “അഭി ഹസോ” ന്നു പറയുന്നതിനു മുമ്പ് തന്നെ ചിരിച്ചു തുടങ്ങിയത്. യു. പി യാത്രയുടെ ഒരു തുണ്ടു കൂടി എന്റെ പ്രിയ ബ്ലോഗർ സുഹ്ര്ത്തുക്കൾക്ക്. ഈ നവ വത്സര ദിനങ്ങളിൽ ഈ മക്കളുടെ നിഷ്കളങ്ക ചിരി നിങ്ങൾക്കായി..........