Wednesday, January 17, 2007

ദൈവത്തിന്റെ തീര്‍പ്പ്‌

പെട്ടന്നാണു ശ്രീകുമാറിനു ഫോൺ വന്നതു നാട്ടീന്ന്. അടുത്ത മാസം വരെയുള്ള കാത്തിരിപ്പു അവസാനിപ്പിച്ച്‌ മൃദുല 3 ആഴ്ച മുമ്പേ പ്രസവിച്ചു, ആൺകുട്ടി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഓടി നടന്ന് എല്ലാരേയും വിളിച്ചു അറിയിച്ച്‌, സീറ്റിൽ വന്നിരുന്നപ്പോ നാളേ പോവേണ്ട ഫ്ലൈറ്റ്‌ ടിക്കറ്റ്‌, മേശപുറത്തിരുന്നു അവനെ നോക്കി പറഞ്ഞിട്ടുണ്ടാവണം, "ഞാൻ എന്തായാലും, രണ്ടാഴ്ച മുമ്പ്‌ എത്തും, നിൻ അരികിൽ ഞാനുണ്ടാവും, കുഞ്ഞിനെ എന്റെ കൈയിലാവും നേഴ്സ്‌ ആദ്യം തരിക, നീ ഉതിർത്ത മുത്തത്തിന്റെ ചൂടോടെ", എന്നിട്ടപ്പഴോ?

ദൈവത്തിന്റെ തീർപ്പുകളിൽ, നമ്മുക്കു ഇടപെടാനാവാത്ത വിധം പഴുതടയ്കപെട്ടിരിക്കുന്നു. When to give and when to take, HE KNOWS BEST.

സ്നേഹത്തിന്റെ ശിക്ഷ

കാത്തിരിപ്പ്‌ ചിലപ്പോള്‍
കനലിലൂടെ നടത്തി
കരച്ചിലില്‍ കൂട്ടിച്ചേര്‍ത്ത്‌
കാവല്‍ക്കാരനാക്കി മാറ്റുന്നു.


സ്നേഹത്തിന്റെ ശിക്ഷ ഇതാവാം.

Monday, January 15, 2007

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 40

രാവിലെ ഉമ്മറ തിണ്ണയില്‍ എത്തി, കാപ്പി ഗ്ലാസ്സ്‌ തുളുമ്പാതെ സര്‍ക്കസ്സ്‌ കാട്ടി പേപ്പര്‍ കുനിഞ്ഞെടുത്തു. ഇരുന്ന് പേപ്പര്‍ നിവര്‍ത്തുന്നതിനിടയില്‍ അമ്മ, പൂവുകള്‍ കൊരുത്ത വാഴനാരുകള്‍ പൊട്ടിയും, നീളത്തിലും വാഴയിലയ്കൊപ്പം കിടന്നിരുന്നു. തീരുമാനിച്ചു, അമ്മ അമ്പലത്തിലേയ്ക്‌ പോയിരിയ്കുന്നു. ഇനി വാരസ്സ്യാരുടെ കൂടെയേ മടക്കമുണ്ടാവു പത്താവുമ്പോഴേയ്ക്‌. പടികളില്‍ ഒക്കെ വലിഞ്ഞ്‌ കേറി എണ്ണ വിളക്കുകള്‍ ഒന്നും തുടയ്കരുതെന്ന് എപ്പോഴും പറയാറുണ്ട്‌. എണ്ണക്കറയില്ലാത്ത സെറ്റുമുണ്ടുകള്‍ കുറവ്‌.

പടി തുറക്കുന്ന ശബ്ദം. മരക്കതവുകള്‍ സിമ്നന്റ്‌ തളത്തില്‍ ഉറച്ച്‌ നില്‍ക്കുന്നു. എണീറ്റ്‌ പോയി തള്ളി തുറന്ന് കൊടുത്തു.
അമ്മേടേ , ഏടാപിടി മാറാല മാറ്റലൊക്കെ ചെയ്യുന്ന മുരുകനാണു.

"അമ്മ ഇന്നലെ രുഗ്മിണി ബായിനൊട്‌ പറഞ്ഞിരുന്നു, രണ്ട്‌ ഇടിയന്‍ ചക്കയിട്ട്‌ വയ്കാന്‍"

അമ്മ ഇങ്ങനെയാണു. എന്നോ എഴുതിയതാണു, ഇടിയന്‍ ചക്ക തോരന്‍ കഴിയ്കണമെന്ന് തോന്നുവെന്ന്.

പ്ലാവിന്റെ പരിസരത്തിലേയ്ക്‌ നീങ്ങിയപ്പോ, ചക്കയിടുന്നതിലും പെടാപ്പാട്‌ ഇത്‌ നന്നാക്കി തോരനാക്കാനാവും അമ്മയ്ക്‌ എന്നു തോന്നി അവനു.

ചക്കയുമായി പടിഞ്ഞാറെ വശത്തയ്ക്‌ എത്തി, ചക്ക വെട്ടിയെങ്കിലും കൊടുക്കാംന്ന് കരുതി, അതിനായി പിന്നത്തേ ഉദ്യമം.

അപ്പോഴേയ്കും അമ്മ എത്തി.

"നീ ഇതിനൊന്നും ഒരുങ്ങാണ്ടേ അവിടെ എങ്ങാനും ഇരിയ്ക്‌ മധു. ഇപ്പോ ആ കുഞ്ഞി വരും. ദാന്ന് പറഞ്ഞാ ആ അരിമാമണേലു അത്‌ കൊത്തിയിട്ട്‌ തരും."

പറഞ്ഞപോലെ കുഞ്ഞിമ്മ വന്നു.

"മ്മ്.. മധൂട്ടന്‍ വന്നൂന്ന് അറിഞ്ഞു? ആസ്പത്രി വിട്ടോ? രണ്ടാമത്തേത്‌ പെണ്ണായത്‌ നന്നായീ. കുഞ്ഞിമ്മ പറഞ്ഞു. സുഖായിരിയ്കണോ?

അകത്ത്‌ പോയി 50 രുപയുടെ നോട്ട്‌ അവരുടെ കൈകളില്‍ തിരുകുമ്പോ,

'മുത്തതീന്റെ പേരൂടി കുഞ്ഞിക്കറിയില്ലാ, എന്താ അവന്റേ?"

"ഹരിനാരായണന്‍" കുഞ്ഞീമ്മേ..

രണ്ടാമത്തതീന്റേയോ? അമ്മേടേ പേരു, സീതലക്ഷ്മീന്ന് തന്നെയാവുല്ലേ?

ഉത്തരത്തിനു മുതിരും മുമ്പേ അമ്മ വന്ന്

"മ്മ്.. മ്മ്.. കുഞ്ഞിമ്മേ.. നല്ലോരു സീത സീതാന്നുള്ള പേരൂ എല്ലാരും കൂടെ വിളിച്ച്‌ ചീത ചീതന്ന് ആക്കി. അതോണ്ട്‌, അവനോട്‌ പറയണമ്ന്ന് കരുതീതാ, സീതയൊന്നും വേണ്ടാ, ലക്ഷ്മീന്ന് ഇട്ട്‌, ലച്ചൂന്നോ അമ്മൂന്നോ ഒക്കെ മതീന്ന്."

അമ്മ നിര്‍ത്തിയ ഭാവമില്ലാതെ, പിന്നേം തുടര്‍ന്നു....

നീ കുളിച്ച്‌ ഉണ്ട്‌ പോകാന്‍ നോക്ക്‌.. അവളു ആ രണ്ടിനേം വച്ച്‌ അവിടെ.... ഇടിയന്‍ ചക്കയൊന്നും അവളും കഴിച്ചിട്ടുണ്ടാവില്ലാ,അല്‍പം എടുത്തോളൂ വേണോങ്കി പോവുമ്പോ..."

കുഞ്ഞീമ്മേടേ ചോദ്യത്തിനു, "മെറ്റില്‍ഡ" എന്ന് തന്നേ ഉത്തരം നല്‍കിയിരുന്നെങ്കില്‍, അതിനൊടൊപ്പം അമ്മയ്കും കൂടി ഒരു സൂചനയ്ക്‌ വഴിയാവുമായിരുന്നു എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, വാക്കുകള്‍ മുട്ടിപോയ ആ ഗതികേടിനെ ശപിച്ച്‌, തിരിച്ചുള്ള യാത്രയ്കായി, മരപ്പടി തുറന്ന് പിന്നയും തുരുമ്പിച്ച കൊളുത്തുകള്‍ അമര്‍ത്തിയിറക്കി.

Sunday, January 14, 2007

കുറുമാനചരിതം


ഇത്‌ കുറുമാന്‍.

എനിക്കിയാളെ കുറിച്ച്‌ യാതൊരു മതിപ്പുമില്ല. (എന്റെ ഭീഷണിയും ശര്‍മാജീടെ താക്കീതിനും ഇദ്ദേഹം വഴങ്ങാത്തത്‌ കൊണ്ട്‌)

ഇദ്ദേഹം എന്നോട്‌ മിനിയാന്ന് ചോദിച്ചൂ, ചേച്ചീ, എനിക്ക്‌ പിറക്കാതെ പോയ പെങ്ങളാണു നിങ്ങള്‍, അത്‌ കൊണ്ട്‌, ഒരു ദിവസമെങ്കിലും, കുറുമാനേ അനിയാ, എന്ന് വീട്ടിലേയ്ക്‌ വിളിച്ച്‌ ആ കൈപുണ്യം ഒക്കെ അങ്ങട്‌ കാണിച്ചൂടെ എന്ന്?

വാവേ... മകനേ... നിന്റെ ഒരു കുരുട്ട്‌ വിദ്യയും എന്റെ അടുത്ത്‌ നടക്കൂലാ. ഞാന്‍ പറഞ്ഞതൊക്കെ കേട്ട്‌ മിടുക്കന്‍ വാവയായാല്‍, അന്ന് അതുല്യാ അനക്സ്‌ 305 കുറുമാനു ചുവപ്പ്‌ പരവതാനി വിരിയ്കും. അത്‌ വരേ...കാത്തിരു കണ്മണി.

പക്ഷെ ഇന്ന് ഞാന്‍ മറ്റൊരു അങ്കലാപ്പിലാണു.
അപ്പു പറയുന്നു അമ്മാ, വോ കുറുമാന്‍ അങ്കിള്‍ ഹേ നാ.. ഐ ആം ആ ഫാന്‍ ഓഫ്‌ ഹിം ന്ന്...

(അവന്‍ മലയാളം വായിയ്കാന്‍ അറിയുമ്പോ, കുറുമാന്റെ യാത്രാ വിവരണം വായിയ്കട്ടെ. ഒരുപക്ഷെ, അതും കൂടി കഴിഞ്ഞാ കുറുമാന്റേ വീട്ടിലൊട്ട്‌ അവന്‍ താമസം മാറും)

ഫോട്ടോയ്ക്‌ കടപ്പാട്‌ : കൈപ്പിള്ളീടെ ലിങ്ക്‌. (കോപ്പി റൈറ്റിനുള്ള അടിപിടി ഒഴിവാക്കട്ടേ!)

ഈ ഫ്രോഫൈലിംഗ്‌ സീരീസ്‌ ഒരു പകര്‍ച്ച വ്യാധിയാണോ ഡോക്ടര്‍? ഒരു കാര്‍ യാത്രയില്‍ പടരുന്ന വിധം ഭീകരമാണോ ഇത്‌? പക്ഷെ ഏതായാലും വേഗം മാറും. അധികം മരുന്നില്ലാതെ.

Saturday, January 13, 2007

മുഖം മൂടി

മുഖം മൂടി

രാവിലെ 9.30 യുടെ സീ ന്യുസ്‌ ചാനല്‍. ജാഗോ ഇന്ത്യ എന്ന പ്രോഗ്രാം.

ആദ്യം,

ജീവിതം തള്ളി നീക്കുന്ന ഒരു ദമ്പതികള്‍. ഒരു ആണ്‍ കുഞ്ഞുമുണ്ട്‌. അതില്‍ ഭാര്യയുടെ വീട്ടുകാര്‍ തന്നെ അവളെ പീഡിപ്പിയ്കുന്നു. ഈ ഭര്‍ത്താവിനെ വിട്ട്‌ പോരുക. വേറേ ഒരു സമ്പന്നവാനായ ധനികനേ കല്ല്യാണം കഴിച്ചാല്‍ അയാള്‍ അളവറ്റ സ്വത്ത്‌ തരാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്‌. (ഇത്‌ മകളെ വില്‍ക്കുന്നതിനു തുല്യമല്ലേ എന്ന് തോന്നി ഇത്‌ കണ്ടപ്പോ). കേസിനു കട്ടിയില്ല്യാത്തോണ്ട്‌, അല്‍പം ഭീഷണിയുണ്ടാവും എന്നല്ലാതെ, ദമ്പതികളെ നിങ്ങള്‍ ഡോണ്ട്‌ വറീ...ന്ന് പറഞ്ഞ്‌ ഞാനിരുന്നു.

പിന്നേ വന്നൂ, ഒരു തടിയനായ വൈദ്യുതി മന്ത്രാലയത്തിലേ ജീവിനക്കാരന്‍. സ്ഥലം അന്ധ്രാപ്രദേശ്‌. ഈ വിവര ദോഷി സ്ത്രീ ലമ്പടന്‍, തന്റെ സഹപ്രവര്‍ത്തകയോട്‌, തന്റെ ഇഷ്ക്‌ (അതായത്‌ പ്രണയപാരവശ്യം) ഇറക്കി വയ്കാനൊരിടം തരാമോ എന്ന് പറഞ്ഞു, മറ്റ്‌ എഴുതാന്‍ അറയ്കുന്ന ചേഷ്ടകളിലൂടെയും ഈ സഹപ്രവര്‍ത്തകയേ മാനസികമായും, വാതിലിലും മറ്റ്‌ തടഞ്ഞ്‌ നിര്‍ത്തിയും പീഡിപ്പിയ്കുന്നു. സംഗതി കളി കാര്യമായി. ഈ വിരുദ്ധനെ പിടിച്ച്‌ മന്ത്രാലയംകാരും, ആ പെണ്‍കുട്ടിയുമൊക്കെ, വിവസ്ത്രനാക്കീട്ട്‌, ആദ്യം കരികൊണ്ടൊരു ആരതി, പിന്നെ ചെരിപ്പു കൊണ്ടൊരു മാല, പിന്നെ പോലീസ്‌ സ്റ്റേഷന്‍ എത്തുവോളം പൊരിഞ്ഞ അടി, റാലിക്കിടയില്‍ നാട്ടുകാരും കൂടി അടിയ്കാന്‍. പോലീസ്‌ സ്റ്റേഷനിലെത്തിയപ്പോ നിയമം കൈയ്യിലെടുത്തതിനു നാട്ടുക്കാര്‍ക്ക്‌ ഒരു താക്കീത്‌ നല്‍കി പോലീസ്‌ കേസേടുത്തു. ജനം പിരിഞ്ഞു.

പോലീസ്‌ സ്റ്റേഷനിലെത്തിയപ്പോ അടിയ്കലപ്പം ആശ്വാസം കിട്ടിയെങ്കില്‍, (ഇപ്പോഴും തെളിവില്ലാത്തോണ്ട്‌ ഇയാളു വെറും പ്രതി എന്ന് സംശയിയ്കപെടുന്ന ആള്‍ മാത്രമല്ലേ),

ഇനി പറയുന്ന പ്രതിയ്ക്‌, അനുഭവം മറിച്ചായിരുന്നു. ജാഗോ ഇന്ത്യയിലേ മറ്റൊരു ക്ലിപ്പ്‌.

സ്ഥലം നാഗ്‌ പൂര്‍. പ്രതി ഒരു ഡോക്ടര്‍. ആരോഗ്യ പ്രശ്നവുമായി ഒരു സാധു വിധവ സ്ത്രീ നാലു മാസമായി ഇയ്യാളുടെ ക്ലിനിക്കില്‍ ചികില്‍സയ്ക്‌ പോയി വരുന്നു. ബോധം കെടുത്തിയായിരുന്നു ചികില്‍സ. ചികില്‍സയുടെ ഭാഗം ഇത്‌. രോഗിയ്ക്‌ ചികില്‍സാ വിധി പറയാന്‍ എത്രത്തോളം അര്‍ഹതുയുണ്ട്‌ എന്നത്‌ പണ്ട്‌ ദേവന്റെ ഒരു പോസ്റ്റില്‍ വായിച്ചതോര്‍ക്കുന്നു. 5 മാസത്തേ ചികല്‍സയ്ക്‌ ശേഷം ഈ സ്ത്രീ അറിഞ്ഞത്‌ താന്‍ ഗര്‍ഭിണിയായിരിയ്കുന്നു എന്ന്. ബോധംകെടുത്തിയ നാളുകളിലുണ്ടായ ഡോക്ടരുടെ മറ്റൊരു ഇഷ്ക്‌ ഇറക്കി വയ്കലായിരുന്നു ഇത്‌. സ്ത്രീ പരാതി കൊടുത്ത്‌, ഡോക്ടര്‍ കുറ്റം സമ്മതിച്ചു. പറ്റി പോയി. ഇത്‌ വരെ കൂളായിരുന്ന രംഗം വഷളാകുന്നു.

ഈ ഡോക്ടറെ വിവസ്ത്രനാക്കി പോലീസുകാര്‍ വരാന്തയിലെത്തിച്ച്‌ അടി തുടങ്ങുന്നു. ഇതിനിടയില്‍ പരാതിക്കാരിയ്കും കിട്ടി ഇയാളേ കണക്കിനു പ്രഹരിയ്കാന്‍ അവസരം. അടി കൊണ്ട്‌ പുളയുന്ന ഈ ഡോക്ടര്‍ ചോഡ്‌ ദോ ചോഡ്‌ ദോ ഖല്‍ത്തി ഹോഗയ എന്ന് വിളിച്ച്‌ പറയുന്നുണ്ടായിരുന്നു.

ഈ വക ശിക്ഷാ രീതികള്‍ കോണ്‍സ്റ്റിറ്റൂഷ്യനു എതിരാണെങ്കിലും എനിക്ക്‌ തോന്നുന്നു ഒരു പരിതി വരെ ഈ വക പോകൃത്തരങ്ങള്‍ക്ക്‌ മരുന്നാവുമെന്ന്. ഇന്ത്യാ ആഗേ ബടോ....

മുഖമൂടികളുള്ളവര്‍ നമുക്ക്‌ ചുറ്റും വിലസുന്നു. സ്വന്തം അരഞ്ഞാണച്ചരട്‌ പാമ്പാണെന്ന് തിരിച്ചറിയുന്ന നിമിഷവും ആ വേദനയും സഹിയ്കാവുന്നതിലപ്പുറമാവും. വിശ്വസ്തരായവര്‍ എന്ന് നാം വിശ്വസിച്ച്‌ ജീവിതവും, നമ്മുടെ മനസ്സും സമയവും ഒക്കെ ഇവര്‍ക്ക്‌ വേണ്ടി ചിലവാക്കുമ്പോള്‍, ഇത്‌ നാളെ തന്റെ നേര്‍ക്ക്‌ ഇഞ്ചിടയില്ലാതെ ഉതിര്‍ത്ത ഒരു വെടിയുണ്ട പോലെ നെഞ്ചിലേയ്ക്‌ കേറുന്നു. മേല്‍പ്പറഞ്ഞവരുടെ ഒക്കെ മുഖമൂടി വീഴുമ്പോള്‍ അവര്‍ അപ്പഴാവും ശരിയ്ക്‌ ഒരു മുഖം മൂടിയ്ക്‌ കൊതിച്ചിട്ടുണ്ടാകുക. എനിക്കെന്നും നന്മ കാണുമാറാകട്ടേ. നല്ലവരാവട്ടെ നമ്മള്‍ വിശ്വസിയ്കുന്നവരും നമ്മള്‍ സ്നേഹിയ്കുന്നവരും.

Friday, January 12, 2007

സഹയാത്രിക

സ്വയം കാറോടിയ്കുന്നതാണെനിക്കിഷ്ടം. കുടുംബത്തോടോപ്പമെങ്കില്‍ അലിഖിത നിയമം പോലെ ഭര്‍ത്താവു തന്നെ കാറോടിയ്കുന്നു.

ചില സന്ദര്‍ഭങ്ങളില്‍, മറ്റ്‌ ചിലരോടോപ്പ്പം പോവുമ്പോള്‍, നിര്‍ബ്ബദ്ധിയ്കാന്‍ അര്‍ഹതയില്ലാത്തത്‌ കൊണ്ട്‌ മൗനം പാലിയ്കും.

പിരിയാനുള്ള നിമിഷങ്ങള്‍ വന്നെത്തുമ്പോള്‍, കൂടെ കൊണ്ട്‌ പോയവര്‍ വീടിന്റെ മുമ്പിലെത്തി വണ്ടി നിര്‍ത്തുന്നു. ഞാനിറങ്ങിയിട്ട്‌, മുന്‍വശത്തേ കാര്‍ വാതിലില്‍ വന്ന് പറയൂം, നന്ദിയുണ്ട്‌, സമയമുണ്ടെങ്കില്‍ ഇറങ്ങൂ, ഒരു ചായ ആവാം. മിക്കവാറും പാര്‍ക്കിങ്ങിന്റെ പരുങ്ങലില്‍, യാത്രയുടെ തീവ്രതയില്‍, പിന്നെ ആവാം എന്നും പറഞ്ഞ്‌ ആ യാത്രയും നന്ദിയും അവിടെ അവസാനിയ്കും.

ഇത്‌ പോലെ ഞാനൊരു സഹയാത്രികയായി ഈയ്യിടെ. വളരെ തളര്‍ന്ന ഒരു ദൂരയാത്ര.

കാര്‍ യാത്രയുടെ അവസാന നിമിഷങ്ങളില്‍,

സുഹ്രത്ത്‌ കാറു നിര്‍ത്തി.

ഞാന്‍ പിന്നിലെ ഡോറിലൂടെ കാലെടുത്ത്‌ പുറത്തേയ്ക്‌ വച്ചു.

തിരിഞ്ഞ്‌ മുന്‍വശത്തേ വാതിലിലെത്തി,

"നന്ദീട്ടോ, നല്ല ഒരു യാത്ര സമ്മാനിച്ചതിനു " എന്ന് പറയാന്‍ മുതിര്‍ന്ന് തലയുയര്‍ത്തി, മുന്നോട്ട്‌ നീങ്ങാന്‍ ഒരുങ്ങി.

ഞാന്‍ നോക്കിയപ്പോള്‍ സുഹ്രത്ത്‌ എന്റെ മുമ്പില്‍,

നന്ദി വാക്കേന്നല്ലാ, മറ്റ്‌ ഒന്നും മിണ്ടാതെ, അടുത്ത്‌ വന്ന് നിന്ന്, ആ നില്‍പിലൂടെ തന്നെ ഒരു സഹയാത്രികയോടുള്ള ഒരു വിടവാങ്ങലും നടത്തി.

ഒരല്‍പ നിമിഷത്തിനു ശേഷം, പിന്നീട്‌ "മുകളിലെത്തീട്ട്‌ അറിയിയ്കൂ" എന്ന് വളരെ ചെറിയ സ്വരത്തില്‍ ഒരു അപേക്ഷയും.

സഹയാത്രകളില്‍ ഞാന്‍ ഇത്‌ വരെ അനുഭവിച്ചറിയാത്ത ഒരു ആതിഥ്യ ബഹുമാനത്തിന്റെ അനുഭൂതിയായിരുന്നു അത്‌.

അപ്പു ഒക്കെ വളര്‍ന്ന് വലുതാവുമ്പോള്‍ ഒരു അമ്മയ്ക്‌ ഏറ്റവും ആഹ്ലാദിയ്കാന്‍ കഴിയുക, സ്വന്തം കുട്ടികളുടെ മര്യാദയും അവര്‍ മുതിര്‍ന്നവരോട്‌ കാണിയ്കുന്ന ബഹുമാനങ്ങളുമൊക്കെ കാണാന്‍ കഴിയുമ്പോഴാണു. ഞാനും ആ ദിനങ്ങളിലേയ്ക്‌ കാതോര്‍ത്തിരിയ്കുന്നു. നന്മകളുണ്ടാവട്ടെ നമ്മുടെ അരികില്‍ എന്നും.

Monday, January 08, 2007

ഐഡിന്റിഫൈ ദിസ്‌ പേഴ്സണാലിറ്റി


ഐഡിന്റിഫൈ ദിസ്‌ പേഴ്സണാലിറ്റി.

Sunday, January 07, 2007

പ്രണയം

പ്രണയകിണറ്റില്‍ വീണ അവനു നേരേ അവള്‍ നീട്ടിയ മിഴികള്‍ എന്ന കയര്‍ ആദ്യം അവനെ തൂക്കികയറ്റിയെങ്കിലും പിന്നീട്‌ അവനെ തൂക്കില്‍ കയറ്റി.

Tuesday, January 02, 2007

2007ഉം നിങ്ങളും.








പണ്ടൊരിയ്കല്‍ കോടീശ്വരനായ അമ്മാവന്റെ ജാതകം വെറുതെ കൈയ്യിലെടുത്ത്‌, ഈ സുഹൃത്ത്‌ പ്രവചിച്ചു, കടുത്ത ദാരിദ്യ ദു:ഖം കാണുന്നു. ആദ്യം കരുതി ഇത്‌ ഗണിയ്കുന്നതിലുള്ള പിഴവാവണം. പക്ഷെ അച്ചട്ട്‌ പോലെ ഇത്രയും കോടീശ്വരനായ അമ്മാവന്‍ ദാരിദ്രത്തിലേയ്ക്‌ കൂപ്പ്‌ കുത്തുന്നത്‌ കണ്ട്‌ കഴിഞ്ഞപ്പോള്‍ സുഹ്രത്ത്‌ കരുതി, ഇനി ജ്യോതിഷം തന്റെ കര്‍മ്മം.

അങ്ങനെ ജ്യോതിഷത്തിലേയ്ക്‌ എത്തി ചേര്‍ന്ന ആളാണു എന്റെ സുഹൃത്ത്‌. പ്രവചനവഴിയിലെ ഒരു ഒറ്റയാനെന്ന് വേണമെങ്കിലും പറയാം. തിരുവന്തപുരത്തേ ഒരു കോളേജില്‍ ഇംഗ്ലീഷ്‌ വിഭാഗത്തില്‍ ലക്ചറും കൂടിയാണിദ്ദേഹം.

1996 ഇല്‍ നോസ്റ്റ്രാര്‍ഡാമസ്‌ പുരസ്കാരത്തിനു അര്‍ഹനായിട്ടുണ്ട്‌. ഉത്രാടം തിരുനാള്‍ ജാതകം പരിശോധിയ്കാനുള്ള ഭാഗ്യവും ഇദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്‌. പ്രവചനത്തില്‍ പ്രീണിതനായി പട്ടും മറ്റ്‌ പാരിതോഷികവും തിരുനാള്‍ സമ്മാനിച്ചിട്ടുണ്ട്‌. ഇതു കൂടാതെ ഭാഗവരത്നം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി മഹാസാമ്രാജ്യ പട്ടാഭിഷേക വേളയില്‍ സമ്മാനിച്ച ജ്യോതിഷകുലരത്നസ്ഥാനവും ഇദ്ദേഹത്തിനു ലഭിച്ച മറ്റൊരു വിലപ്പെട്ട സമ്മാനമാണു.

"വിധിയില്‍ വിശ്വസിയ്കുക. അനുഭവിയ്കേണ്ടതൊക്കെ നേരത്തേ തീരുമാനിച്ചതാണു. അതറിയാന്‍ ഇത്‌ പോലത്തേ പ്രവചനങ്ങള്‍ ഒരു പക്ഷെ സഹായകമായേക്കും, ഒരു പരിതി വരെ. ദൈവ വിശ്വാസവും, ഈശ്വര ഭജനവും, ഒരു പരിതി വരെ, കഷ്ടപാടുകളുടെ ശക്തി കുറയ്കാന്‍ കഴിയും."

താല്‍പര്യമുള്ള ആര്‍ക്കെങ്കിലും ഉണ്ടാവും എന്ന് കരുതി ഇത്‌ ഇവിടെ പോസ്റ്റാക്കുന്നു

Monday, January 01, 2007

ഞങ്ങള്‍ സന്തുഷ്ടരാണു.




ഞങ്ങള്‍ സന്തുഷ്ടരാണു.

2007 ലെ സൂര്യന്‍.


2007 ലെ സൂര്യന്‍.

അങ്ങനെയാ ഒരു പണീം ഇല്ല്യാണ്ടേ രാവിലെ ചുറ്റിത്തിരിഞ്ഞതാ വിരുന്നുകാരെം കൊണ്ട്‌.. എന്നിട്ട്‌ കരുതീ , പറ്റിയാ 2007ലെ ആദ്യ പോസ്റ്റ്‌ മലയാളത്തില്‍ എന്റെ വരണമ്ന്ന്...

സൂര്യനില്‍ നിന്ന് തുടര്‍ച്ച. എല്ലാര്‍ക്കും ഇത്‌ പോലെ തന്നെ ഊഷ്മളമാവട്ടെ ഈ പുതുവര്‍ഷം.