രാവിലെ ഉമ്മറ തിണ്ണയില്‍ എത്തി, കാപ്പി ഗ്ലാസ്സ് തുളുമ്പാതെ സര്‍ക്കസ്സ് കാട്ടി പേപ്പര്‍ കുനിഞ്ഞെടുത്തു. ഇരുന്ന് പേപ്പര്‍ നിവര്‍ത്തുന്നതിനിടയില്‍ അമ്മ, പൂവുകള്‍ കൊരുത്ത വാഴനാരുകള്‍ പൊട്ടിയും, നീളത്തിലും വാഴയിലയ്കൊപ്പം കിടന്നിരുന്നു. തീരുമാനിച്ചു, അമ്മ അമ്പലത്തിലേയ്ക് പോയിരിയ്കുന്നു. ഇനി വാരസ്സ്യാരുടെ കൂടെയേ മടക്കമുണ്ടാവു പത്താവുമ്പോഴേയ്ക്. പടികളില്‍ ഒക്കെ വലിഞ്ഞ് കേറി എണ്ണ വിളക്കുകള്‍ ഒന്നും തുടയ്കരുതെന്ന് എപ്പോഴും പറയാറുണ്ട്. എണ്ണക്കറയില്ലാത്ത സെറ്റുമുണ്ടുകള്‍ കുറവ്.
പടി തുറക്കുന്ന ശബ്ദം. മരക്കതവുകള് സിമ്നന്റ് തളത്തില്‍ ഉറച്ച് നില്ക്കുന്നു. എണീറ്റ് പോയി തള്ളി തുറന്ന് കൊടുത്തു.
അമ്മേടേ , ഏടാപിടി മാറാല മാറ്റലൊക്കെ ചെയ്യുന്ന മുരുകനാണു.
"അമ്മ ഇന്നലെ രുഗ്മിണി ബായിനൊട് പറഞ്ഞിരുന്നു, രണ്ട് ഇടിയന് ചക്കയിട്ട് വയ്കാന്‍"
അമ്മ ഇങ്ങനെയാണു. എന്നോ എഴുതിയതാണു, ഇടിയന് ചക്ക തോരന്‍ കഴിയ്കണമെന്ന് തോന്നുവെന്ന്.
പ്ലാവിന്റെ പരിസരത്തിലേയ്ക് നീങ്ങിയപ്പോ, ചക്കയിടുന്നതിലും പെടാപ്പാട് ഇത് നന്നാക്കി തോരനാക്കാനാവും അമ്മയ്ക് എന്നു തോന്നി അവനു.
ചക്കയുമായി പടിഞ്ഞാറെ വശത്തയ്ക് എത്തി, ചക്ക വെട്ടിയെങ്കിലും കൊടുക്കാംന്ന് കരുതി, അതിനായി പിന്നത്തേ ഉദ്യമം.
അപ്പോഴേയ്കും അമ്മ എത്തി.
"നീ ഇതിനൊന്നും ഒരുങ്ങാണ്ടേ അവിടെ എങ്ങാനും ഇരിയ്ക് മധു. ഇപ്പോ ആ കുഞ്ഞി വരും. ദാന്ന് പറഞ്ഞാ ആ അരിമാമണേലു അത് കൊത്തിയിട്ട് തരും."
പറഞ്ഞപോലെ കുഞ്ഞിമ്മ വന്നു.
"മ്മ്.. മധൂട്ടന് വന്നൂന്ന് അറിഞ്ഞു? ആസ്പത്രി വിട്ടോ? രണ്ടാമത്തേത് പെണ്ണായത് നന്നായീ. കുഞ്ഞിമ്മ പറഞ്ഞു. സുഖായിരിയ്കണോ?
അകത്ത് പോയി 50 രുപയുടെ നോട്ട് അവരുടെ കൈകളില്‍ തിരുകുമ്പോ,
'മുത്തതീന്റെ പേരൂടി കുഞ്ഞിക്കറിയില്ലാ, എന്താ അവന്റേ?"
"ഹരിനാരായണന്" കുഞ്ഞീമ്മേ..
രണ്ടാമത്തതീന്റേയോ? അമ്മേടേ പേരു, സീതലക്ഷ്മീന്ന് തന്നെയാവുല്ലേ?
ഉത്തരത്തിനു മുതിരും മുമ്പേ അമ്മ വന്ന്
"മ്മ്.. മ്മ്.. കുഞ്ഞിമ്മേ.. നല്ലോരു സീത സീതാന്നുള്ള പേരൂ എല്ലാരും കൂടെ വിളിച്ച് ചീത ചീതന്ന് ആക്കി. അതോണ്ട്, അവനോട് പറയണമ്ന്ന് കരുതീതാ, സീതയൊന്നും വേണ്ടാ, ലക്ഷ്മീന്ന് ഇട്ട്, ലച്ചൂന്നോ അമ്മൂന്നോ ഒക്കെ മതീന്ന്."
അമ്മ നിര്‍ത്തിയ ഭാവമില്ലാതെ, പിന്നേം തുടര്‍ന്നു....
നീ കുളിച്ച് ഉണ്ട് പോകാന്‍ നോക്ക്.. അവളു ആ രണ്ടിനേം വച്ച് അവിടെ.... ഇടിയന് ചക്കയൊന്നും അവളും കഴിച്ചിട്ടുണ്ടാവില്ലാ,അല്പം എടുത്തോളൂ വേണോങ്കി പോവുമ്പോ..."
കുഞ്ഞീമ്മേടേ ചോദ്യത്തിനു, "മെറ്റില്‍ഡ" എന്ന് തന്നേ ഉത്തരം നല്കിയിരുന്നെങ്കില്, അതിനൊടൊപ്പം അമ്മയ്കും കൂടി ഒരു സൂചനയ്ക് വഴിയാവുമായിരുന്നു എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, വാക്കുകള്‍ മുട്ടിപോയ ആ ഗതികേടിനെ ശപിച്ച്, തിരിച്ചുള്ള യാത്രയ്കായി, മരപ്പടി തുറന്ന് പിന്നയും തുരുമ്പിച്ച കൊളുത്തുകള്‍ അമര്‍ത്തിയിറക്കി.